പൊലീസ് പീഡനഭയം; ജഹാംഗീർപുരിയിൽ നിന്ന് ആളുകൾ താമസം മാറ്റുന്നു

ന്യൂഡൽഹി: ഹനുമാൻ ജയന്തി ഘോഷയാത്രക്കിടെയുണ്ടായ സാമുദായിക സംഘർഷത്തിനും വിദ്വേഷ ബുൾഡോസർ രാഷ്ട്രീയത്തിനും ഇരകളായ ജഹാംഗീർപുരിയിലെ ന്യൂനപക്ഷ വിഭാഗത്തിന് ദുരിതം അവസാനിക്കുന്നില്ല. സംഘർഷത്തിന്‍റെ ആഘാതത്തിൽനിന്ന് കരകയറുന്നതിനിടെ പൊലീസ് പീഡനം ഭയന്ന് പുരുഷന്മാർ പലരും പ്രദേശം വിട്ടുപോയി. ബി.ജെ.പി ഭരിക്കുന്ന മുനിസിപ്പൽ കോർപറേഷൻ കൈയേറ്റം ആരോപിച്ച് ഇടിച്ചുനിരത്തിയ ജഹാംഗീർപുരി സി ബ്ലോക്കിലുള്ളവരാണ് പൊലീസ് പീഡനത്തിൽനിന്ന് രക്ഷതേടി താമസംമാറ്റുന്നത്.

മുമ്പ് പെറ്റിക്കേസുകളിൽ ഉൾപ്പെട്ട പലരെയും കൂടുതൽ ശിക്ഷ ലഭിക്കുന്ന മറ്റു വകുപ്പുകൾ ചേർത്ത് അറസ്റ്റ് ചെയ്യുകയാണ്. പുരുഷന്മാരെ കിട്ടിയില്ലെങ്കിൽ സ്ത്രീകൾക്ക് നേരെ പൊലീസ് മോശമായി പെരുമാറുന്നതായും 'ദ വയർ' റിപ്പോർട്ട് ചെയ്യുന്നു. തന്‍റെ സഹോദരനെ ഭക്ഷണം കഴിക്കുന്നതിനിടെ കാരണംപോലും പറയാതെയാണ് പിടിച്ചുകൊണ്ടുപോയതെന്ന് സി ബ്ലോക്കിൽ താമസിക്കുന്ന ബാനു എന്ന യുവതി ദ വയറിനോട് പറഞ്ഞു. സ്റ്റേഷനിൽ എത്തി അന്വേഷിച്ചപ്പോൾ മോഷണക്കുറ്റമായിരുന്നു രജിസ്റ്റർ ചെയ്തത്. രോഹിണി ജില്ല കോടതിയിൽ എത്തിയപ്പോൾ കേസ് ഹനുമാൻ ജയന്തി സംഘർഷവുമായി ബന്ധപ്പെട്ടുള്ളതായി. ഭർത്താവും മക്കളും അക്രമം നടക്കുമ്പോൾ സ്ഥലത്തുണ്ടായിരുന്നില്ല. എന്നാൽ, പൊലീസ് പീഡനം ഭയന്ന് നഗരം വിട്ടുപോയിരിക്കുകയാണ്.

അവരെത്തേടി വീട്ടിലെത്തിയ പൊലീസ് കീഴടങ്ങിയില്ലെങ്കിൽ ഇളയ മകളെ പിടിച്ചുകൊണ്ടുപോകുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ബാനു വിശദീകരിച്ചു.സി ബ്ലോക്കിൽ താമസിക്കുന്ന അറസ്റ്റിലാകാത്തവർ വീടുകളിൽ ജയിലിൽ കഴിയുന്നതുപോലെയാണ് ജീവിതം തള്ളിനീക്കുന്നതെന്ന് ആക്രി സാധനങ്ങൾ പൊറുക്കി ജീവിക്കുന്ന അഖ്ലാഖ് പറയുന്നു. എന്ത് കഴിക്കുന്നു, എവിടെ പോകുന്നു, ശൗചാലയത്തിൽ പോകുന്നതടക്കം പൊലീസ് നിരീക്ഷണത്തിലാണ്. കുട്ടികളെപ്പോലും കസ്റ്റഡിയിലെടുത്ത് മർദിക്കുന്നതായും അഖ്ലാഖ് കുറ്റപ്പെടുത്തി.

2020ൽ വടക്കുകിഴക്കൽ ഡൽഹിയിലുണ്ടായ വംശീയാതിക്രമത്തിന്‍റെ പേരിൽ ഒരുവിഭാഗത്തെ മാത്രം അറസ്റ്റ് ചെയ്ത അതേ രീതിയാണ് ജഹാംഗീർപുരി സംഘർഷത്തിലും പൊലീസ് സ്വീകരിക്കുന്നതെന്ന് അഭിഭാഷക കാവൽപ്രീത് കൗർ ചൂണ്ടിക്കാട്ടുന്നു.

Tags:    
News Summary - Fear of police harassment; People are relocating from Jahangirpuri

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.