പാർലമെൻറിന്​ മുന്നിൽ സമരം ചെയ്യുന്ന എളമരം കരീമും കെ.കെ. രാഗേഷും

'കർഷകരുടെ അവകാശ പോരാട്ടം തുടരുക തന്നെ ചെയ്യും'

ന്യൂഡൽഹി: സസ്പെൻഷനിലൂടെ പ്രതിപക്ഷ ശബ്​ദം ഇല്ലാതാക്കാൻ കഴിയുമെന്നാണ് നരേന്ദ്ര മോദി സർക്കാർ കരുതുന്നതെങ്കിൽ നിങ്ങൾ മൂഢ സ്വർഗത്തിലാണെന്ന്​ കെ.കെ. രാഗേഷ്​ എം.പി. 'ഞാനും എളമരം കരീമും ഉൾപ്പെടെ എട്ട്​ പ്രതിപക്ഷ അംഗങ്ങളെ സസ്പെൻഡ് ചെയ്ത് കൊണ്ട് ജനാധിപത്യ വിരുദ്ധമായി കേന്ദ്ര സർക്കാർ നടത്തികൊണ്ടിരിക്കുന്ന ഈ നീക്കങ്ങൾ സുഗമമായി നടത്തികൊണ്ട് പോകാമെന്ന് ധരിക്കരുത്. സസ്‌പെൻഡ് ചെയ്ത് കൊണ്ട് ഈ പോരാട്ടങ്ങളെ ഇല്ലാതാക്കാൻ കഴിയില്ല. കാർഷിക മേഖലയാകെ കോർപ്പറേറ്റുകൾക്ക് തീറെഴുതിക്കൊടുത്ത് കർഷകരെ കാർഷിക മേഖലയിൽനിന്ന് പടിയിറക്കുന്ന നിയമമാണ് കേന്ദ്ര സർക്കാർ പാസാക്കിയിട്ടുള്ളത്. അത് രാജ്യത്തിലെ കർഷകരുടെ മരണമണി മുഴക്കുന്ന നിയമമാണ്.

രാജ്യത്തെ കാർഷിക മേഖലയാകെ കോർപ്പറേറ്റുകൾക്ക് തീറെഴുതുന്ന കർഷക വിരുദ്ധ ഓർഡിനൻസുകൾക്കെതിരായിട്ടാണ് ഞാനുൾപ്പെടെ പാർലമെൻറംഗങ്ങൾ പ്രതിഷേധിച്ചത്. ഓർഡിനൻസുകൾക്കെതിരായ നിരാകരണ പ്രമേയവും ഇന്നലെ അവതരിപ്പിക്കയുണ്ടായി. യഥാർത്ഥത്തിൽ ഇന്ത്യൻ ഭരണഘടന ഭരണപക്ഷത്തിന് ഓർഡിനൻസ് പുറപ്പെടുവിക്കാനുള്ള അധികാരം നൽകുമ്പോൾ അതിനെ പാർലമെൻറിൽ നിരാകരിക്കാനുള്ള പ്രതിപക്ഷത്തിൻെറ ഭരണഘടനാപരമായ അവകാശമാണ് നിരാകരണ പ്രമേയം അവതരിപ്പിക്കാനുള്ള അനുമതിയിലൂടെ ലഭിച്ചത്.

പിന്നീട് ചർച്ചക്ക് ശേഷം വോട്ടിങിലേക്ക് കടന്നപ്പോൾ ഏറ്റവും ആദ്യം വോട്ടിങ്​ നടക്കേണ്ടത് നിരാകരണ പ്രമേയത്തിൻമേലാണ്. വോട്ടെടുപ്പ് ആവശ്യപ്പെട്ടപ്പോൾ വോട്ടെടുപ്പിലേക്ക് കടക്കാതെ ശബ്​ദ വോട്ടോടെ നിരാകരണ പ്രമേയം തള്ളിയതായി ഡെപ്യൂട്ടി ചെയർമാൻ പ്രഖ്യാപിക്കുകയാണുണ്ടായത്. അതിനുശേഷം ഈ കർഷക ദ്രോഹ ബില്ല് സെലക്ട് കമ്മിറ്റിയുടെ സ്ക്രൂട്ടിനിക്ക് വിധേയമാക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് പ്രമേയം അവതരിപ്പിച്ചു.

എന്നാൽ, പ്രമേയ അവതരണത്തിന് അനുമതി നിഷേധിക്കുകയാണുണ്ടായത്. പതിനൊന്നോളം ഭേദഗതികൾ നിർദേശിച്ചിരുന്നു. അതും അവതരിപ്പിക്കാൻ അനുമതി നൽകിയില്ല. പാർലമെൻററി നടപടിക്രമങ്ങൾ എല്ലാം കാറ്റിൽ പറത്തി ഇന്ത്യൻ പാർലമെൻറിൻെറ ചരിത്രത്തിൽ ഇന്നേവരെ കണ്ടിട്ടില്ലാത്ത വിധം കർഷകദ്രോഹ ബില്ല് പാസാക്കിയെടുക്കുകയാണ് കേന്ദ്ര സർക്കാർ ചെയ്തത്.

അതിനെതിരായാണ് ഞാനുൾപ്പെടെ അംഗങ്ങൾ പ്രതിഷേധിച്ചത്. അങ്ങിനെ പ്രതിഷേധിച്ചതിൻെറ പേരിലാണ് ഇപ്പോൾ സസ്പെൻഡ് ചെയ്തിട്ടുള്ളത്. ഇതിൽ ഏറെ അഭിമാനിക്കാവുന്ന ഒരുകാര്യം ഈ പോരാട്ടത്തിന് നേതൃത്വം കൊടുത്തിട്ടുള്ളത് അംഗസംഖ്യയിൽ ചെറുതെങ്കിലും ഇടത് പക്ഷമാണ്. കർഷകരുടെ അവകാശ പോരാട്ടം ഇനിയും തുടരുക തന്നെ ചെയ്യും. ഇന്ന് രാജ്യത്താകെ അതിശക്തമായ കർഷക പ്രക്ഷോഭം ഉയർന്ന് വരികയാണ്.

പ്രതിപക്ഷ കക്ഷികളെല്ലാം ആ സമരത്തിൻെറ സമ്മർദ്ദത്തിന് വിധേയമായിക്കൊണ്ട് ആ സമരത്തെ പിന്തുണക്കാൻ നിർബന്ധിതരായി കൊണ്ടിരിക്കുകയാണ്. ആദ്യഘട്ടത്തിൽ കോൺഗ്രസ് പാർട്ടി ആടികളിക്കുകയാണുണ്ടായത്. ഒരു നിരാകരണ പ്രമേയം പോലും അവരുടെ ഭാഗത്ത് നിന്നുണ്ടായില്ല. ഒരു ഭേദഗതി പോലും നിർദേശിക്കാൻ കോൺഗ്രസ് പാർട്ടി തയാറായില്ല.

ശക്തമായ കർഷക സമരം ഉയർന്നുവന്ന സാഹചര്യത്തിൽ ചില ഭേദഗതി നിർദേശിച്ചു എന്നല്ലാതെ അവർ പാർലമെൻറിലെ പോരാട്ടത്തിൻെറ മുന്നിലില്ല. അവരുടെ നേതാക്കളെ പാർലമെൻറിലെ പോരാട്ടത്തിൽ കാണാനില്ല. കർഷകരുടെ ഇടയിൽ രൂപപ്പെട്ട പ്രതിപക്ഷ ഐക്യം രാജ്യത്താകെ രൂപപ്പെടുത്താനുള്ള ഉത്തരവാദിത്തം കോൺഗ്രസ് പാർട്ടിക്കുണ്ട്. പക്ഷെ, ദൗർഭാഗ്യവശാൽ അവരുടെ പാർട്ടിയും നേതാക്കൻമാരും ഈ പോരാട്ടത്തിൻെറ മുന്നിലില്ല.

പക്ഷെ ഈ സമരത്തിൻെറ മുമ്പിൽ രാജ്യത്തിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങളുണ്ട്. യഥാർത്ഥ പോരാട്ടം നടക്കുന്നത് പാർലമെൻറിന് പുറത്താണ്. സെപ്​റ്റംബർ 25ന് കിസാൻ സഭയുടെ ആഭിമുഖ്യത്തിൽ രാജ്യത്താകെ കർഷക പ്രക്ഷോഭ പരിപാടി നടക്കുകയാണ്. ജനാധിപത്യ ധ്വoസനകൾക്കെതിരായും ജനവിരുദ്ധനയങ്ങൾക്കെതിരെയും കർഷകവിരുദ്ധ ഓർഡിനൻസുകൾക്കെതിരെയും ഇനിയും അതി ശക്തമായ സമരങ്ങൾ ഉണ്ടാവേണ്ടതുണ്ട്. ആ പോരാട്ടങ്ങൾ എത്ര സസ്പെൻഷൻ ഉണ്ടായാലും ഇനിയും തുടരും' -കെ.കെ. രാഗേഷ്​ ഫേസ്​ബുക്കിൽ കുറിച്ചു.

Tags:    
News Summary - 'Farmers' rights struggle will continue'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.