ഫേസ്ബുക്, ട്വിറ്റർ ഉപയോഗം പഠിപ്പിക്കാൻ കർഷകർക്ക് ക്ലാസെടുത്ത് വിദ്യാർഥികൾ

ന്യൂഡൽഹി: ഡൽഹിയെ വിറപ്പിച്ച് കർഷക പ്രക്ഷോഭം തുടരുന്നതിനിടെ സമരരംഗത്തെ കർഷകരെ സമൂഹമാധ്യമങ്ങൾ ഉപയോഗിക്കാൻ പഠിപ്പിക്കുകയാണ് ഒരുകൂട്ടം വിദ്യാർഥികൾ. ഗാസിപൂരിലെ സമരവേദിയിൽ പ്രത്യേക വർക്ഷോപ്പുകൾ സംഘടിപ്പിച്ചാണ് കർഷകരെ സമൂഹമാധ്യമ ഇടങ്ങളിലേക്ക് ഇവർ സ്വാഗതം ചെയ്യുന്നത്.

ഫേസ്ബുക്, ട്വിറ്റർ അക്കൗണ്ടുകൾ തുറക്കുക, പോസ്റ്റ് ചെയ്യുക, പോസ്റ്റുകൾ പങ്കുവെക്കുക, ട്രെൻഡിങ് ടോപ്പിക്കുകൾ കണ്ടെത്തുക, കൂട്ടമായി പ്രചാരണം നടത്തുക തുടങ്ങിയ കാര്യങ്ങളാണ് കർഷകരെ പഠിപ്പിക്കുന്നത്.

സമൂഹമാധ്യമ ഉപയോഗം പരിചയപ്പെടുത്തിത്തരാൻ സമരരംഗത്തെത്തിയ വിദ്യാർഥികളോട് കർഷകർ തന്നെ ആവശ്യപ്പെടുകയായിരുന്നു. തുടർന്നാണ് വർക്ഷോപ്പ് സംഘടിപ്പിച്ചതെന്ന് ഇവർ പറയുന്നു. പ്രധാന വേദിക്ക് സമീപത്ത് ദിവസവും വൈകീട്ടാണ് ക്ലാസുകൾ നൽകുന്നത്.

നിരവധി മാധ്യമങ്ങൾ സമരത്തെ കുറിച്ച് തെറ്റായ വിവരങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ടെന്നും യാഥാർഥ്യം ജനങ്ങളിലേക്കെത്തിക്കാനാണ് സമൂഹമാധ്യമങ്ങളിലേക്ക് വരുന്നതെന്നും കർഷകർ വ്യക്തമാക്കുന്നു. യുവ കർഷകരും പ്രായമേറിയവരുമെല്ലാം സജീവമായി രംഗത്തെത്തുകയാണ്.

കർഷകരിൽ പലർക്കും സ്മാർട്ട്ഫോൺ സ്വന്തമായി ഉണ്ടെങ്കിലും നവമാധ്യമങ്ങളിൽ ഇടപെടൽ കുറവാണ്. സമൂഹമാധ്യമങ്ങളിൽ മാന്യമായി ഇടപെടേണ്ടതിനെ കുറിച്ചും വിദ്യാർഥികൾ പഠിപ്പിക്കുന്നുണ്ട്. കർഷക സമരത്തിന് ആഗോള വ്യാപക പിന്തുണ ലഭിച്ചതും പ്രചാരണം നടക്കുന്നതും സമൂഹമാധ്യമങ്ങളിലൂടെയായതിനാൽ ഒരു കൈ നോക്കാൻ ഉറച്ചുതന്നെയാണ് പ്രക്ഷോഭ രംഗത്തുള്ളവർ. 

Tags:    
News Summary - Farmers get crash course on using social media

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.