Representational Image
ന്യൂഡൽഹി: ഫരീദാബാദിലെ ദമ്പതികൾ മക്കളില്ലാത്ത സങ്കടം നികത്താനായാണ് ഒരു കുഞ്ഞിനെ ദത്തെടുക്കാൻ തീരുമാനിച്ചത്. അങ്ങനെ, കാഴ്ചയും സംസാരശേഷിയുമില്ലാത്ത ആൺകുഞ്ഞിനെ ഇവർ ദത്തെടുത്തു വളർത്തി. എന്നാൽ, കോവിഡ് മഹാമാരി ഒരു വേട്ടക്കാരനായി ഇവരിലേക്കെത്തിയതോടെ ജീവിതം ദുരന്തമായി മാറുകയായിരുന്നു.
കോവിഡ് ബാധിച്ച പിതാവ് മേയ് 14ന് മരണമടഞ്ഞു. അതീവ ദുഖിതയായ മാതാവ് മേയ് 22ന് ആത്മഹത്യ ചെയ്തു. ഇതോടെ, ഭിന്നശേഷിക്കാരനായ ആ 16കാരൻ വീണ്ടും അനാഥനായി.
വളർത്തച്ഛനും അമ്മയും ആഴ്ചകൾക്കുള്ളിൽ വിട്ടുപോയതോടെ അസുഖബാധിതനായ ആൺകുട്ടിയെ ഇപ്പോൾ ഗുരുഗ്രാമിലെ ദീപാശ്രം എന്ന അഭയകേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്.
ഞെട്ടലിൽ നിന്ന് അവൻ പൂർണമായും മുക്തനായിട്ടില്ലെന്ന് ആശ്രമം അധികൃതർ പറയുന്നു. പേര് വിളിക്കുമ്പോൾ ചിരിക്കും. ശാന്തനാണ്. ഭക്ഷണം കഴിക്കുന്നുണ്ട് -ഇവർ പറഞ്ഞു. രക്ഷിതാക്കളുടെ മരണത്തിന് പിന്നാലെ രണ്ട് ദിവസം ആശുപത്രിയിലായിരുന്നു കുട്ടി.
പിതാവ് മരിച്ചതിന് പിന്നാലെ ബന്ധുക്കൾ അമ്മയോടൊപ്പം ഉണ്ടായിരുന്നെങ്കിലും അവരോടെല്ലാം വീടുകളിലേക്ക് മടങ്ങാൻ അമ്മ തന്നെ നിർദേശിക്കുകയായിരുന്നു. അടുത്ത ദിവസമാണ് ഇവരെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.
കോവിഡ് മൂലം അനാഥരായ കുട്ടികളുണ്ടെങ്കിൽ അവരെ ഏറ്റെടുക്കാൻ തയാറാണെന്ന് ദീപാശ്രം അഭയകേന്ദ്രം അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.