ഗാന്ധി-നെഹ്റു കുടുംബത്തെ ലക്ഷ്യമിട്ട് തരൂരിന്‍റെ ലേഖനം; കുടുംബ രാഷ്ട്രീയം ഭരണ നിലവാരം കുറയ്ക്കുന്നുവെന്ന്

ന്യൂഡൽഹി: നെഹ്റു കുടംബത്തെ ലക്ഷ്യമിട്ട് രാഷ്ട്രീയത്തിലെ കുടുംബവാഴ്ചക്കെതിരെ മുതിർന്ന കോൺഗ്രസ് നേതാവ് ശശി തരൂരിന്‍റെ ലേഖനം. ‘വംശ രാഷ്ട്രീയം: ഇന്ത്യൻ ജനാധിപത്യത്തിന്‍റെ ഭീഷണി’ എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ, ഇന്ത്യ കുടുംബ ഭരണത്തിൽനിന്ന് മെറിറ്റ് അധിഷ്ഠിത നേതൃത്വത്തിലേക്ക് മാറണമെന്നാണ് തരൂർ ആവശ്യപ്പെടുന്നത്.

ജവഹർലാൽ നെഹ്‌റു, ഇന്ദിരാഗാന്ധി, രാജീവ്, രാഹുൽ, പ്രിയങ്ക ഗാന്ധി വാദ്ര എന്നിവരിൽ നിന്നുള്ള നെഹ്‌റു-ഗാന്ധി പരമ്പരയുടെ സ്വാധീനം രാഷ്ട്രീയ നേതൃത്വം പാരമ്പര്യമായി ലഭിക്കുന്നത് അവകാശമാണെന്ന ആശയം വളർത്തിയെടുത്തിട്ടുണ്ടെന്ന് തരൂർ എഴുതുന്നു. ‘രാഷ്ട്രീയ കുടുംബങ്ങളുടെ ആധിപത്യം ജനാധിപത്യത്തെ ദുർബലപ്പെടുത്തുന്നു’ എന്ന് അദ്ദേഹം പറയുന്നു. കോൺഗ്രസിനെ മാത്രമല്ല, ശിവസേന, സമാജ്‌വാദി പാർട്ടി, ലോക് ജനശക്തി പാർട്ടി, ശിരോമണി അകാലിദൾ, പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി, ഡി.എം.കെ, ഭാരത് രാഷ്ട്ര സമിതി തുടങ്ങിയ പാർട്ടികളെയടക്കം അദ്ദേഹം വിമർശിക്കുന്നുണ്ട്.

കുടുംബാധിഷ്ഠിത രാഷ്ട്രീയം ഉത്തരവാദിത്തത്തെ ദുർബലപ്പെടുത്തുകയും ഭരണത്തിന്റെ ഗുണനിലവാരം കുറയ്ക്കുകയും നേതാക്കൾക്ക് കഴിവുകളെക്കാൾ കുടുംബപ്പേരുകളെ ആശ്രയിക്കാൻ അനുവദിക്കുകയും ചെയ്യുന്നു. അധികാരത്തിലിരുന്ന വർഷങ്ങളിൽ ഇത്തരം കുടുംബങ്ങൾ വലിയ സാമ്പത്തിക നേട്ടമുണ്ടാക്കുന്നുണ്ട്. കഴിഞ്ഞ 25 വർഷത്തിനിടെ കുടുംബപരമ്പരയില്ലാതെ 40 വയസ്സിന് താഴെയുള്ള ഒരു എം.പിയും ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടില്ല. 149 രാഷ്ട്രീയ കുടുംബങ്ങളിലെ ഒന്നിലധികം അംഗങ്ങൾ സംസ്ഥാന നിയമസഭകളിലുണ്ടെന്നും, 11 കേന്ദ്ര മന്ത്രിമാർക്കും ഒമ്പത് മുഖ്യമന്ത്രിമാർക്കും കുടുംബബന്ധങ്ങളുണ്ടെന്നും ഒരു പഠനത്തെ ഉദ്ധരിച്ച് തരൂർ ചൂണ്ടിക്കാട്ടുന്നു.

സുതാര്യമായ ഉൾപ്പാർട്ടി തെരഞ്ഞെടുപ്പുകൾ, നിയമപരമായ കാലാവധി പരിധികൾ, മെറിറ്റ് അടിസ്ഥാനമാക്കിയുള്ള നേതൃത്വം പ്രോത്സാഹിപ്പിക്കുന്നതിന് പരിഷ്കാരങ്ങൾ എന്നിവയാണ് പാർട്ടികളിൽ വേണ്ടതെന്നും അദ്ദേഹം പറയുന്നു.

അതേസമയം, തരൂരിന്‍റെ പുതിയ ലേഖനത്തിനെതിരെ കോൺഗ്രസിനുള്ളിൽ വിമർശനമുയർന്നിട്ടുണ്ടെന്നാണ് വിവരം. തരൂരിന്‍റെ ലേഖനം നെഹ്‌റു-ഗാന്ധി കുടുംബത്തിനെതിരായ നേരിട്ടുള്ള ആക്രമണമായാണ് കോൺഗ്രസ് നേതാക്കൾ വിലയിരുത്തുന്നത്. തരൂരിനെതിരെ അച്ചടക്ക നടപടി പരിഗണിക്കണമെന്ന് ഒരു വിഭാഗം നേതാക്കൾ ഹൈക്കമാൻഡിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

Tags:    
News Summary - Family politics reduces the quality of governance says Tharoor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.