ന്യൂഡല്‍ഹി: സി.പി.എമ്മുമായി ചേർന്ന് വ്യാജ സർവേയുടെ പേരിൽ കള്ളം പ്രചരിപ്പിച്ച് ആശയക്കുഴപ്പം സൃഷ്ടിക്കാനുള്ള ഗൂഢനീക്കത്തെ നിയമപരമായി നേരിടുമെന്ന് കോൺഗ്രസ്. കേരളത്തിൽ സർവേ നടത്താന്‍ എ.ഐ.സി.സി ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നിരിക്കേ അത്തരമൊരു സർവേ ഫലമെന്ന നിലക്ക് വ്യാജ വാർത്ത പ്രസിദ്ധീകരിച്ച ഇംഗ്ലീഷ് പത്രത്തിനെതിരെ എ.ഐ.സി.സി ലീഗല്‍ സെല്‍ കേസ് ഫയല്‍ ചെയ്യുമെന്ന് സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാല്‍ വ്യക്തമാക്കി.
സത്യവിരുദ്ധമായ വാര്‍ത്ത പ്രസിദ്ധീകരിച്ച പത്രത്തിനെതിരെ കോൺഗ്രസ് നോട്ടീസ് അയച്ചിട്ടുണ്ട്. തെറ്റായ ഉള്ളടക്കം പിന്‍വലിച്ച് ഖേദം രേഖപ്പെടുത്തിയില്ലെങ്കില്‍ തുടർ നടപടികള്‍ കോണ്‍ഗ്രസ് സ്വീകരിക്കുമെന്ന് നോട്ടീസില്‍ വ്യക്തമാക്കി.
അവാസ്തവവും തെറ്റിദ്ധരിപ്പിക്കുന്നതുമായ വാര്‍ത്തയാണ് കേരളത്തിലെ കോണ്‍ഗ്രസുമായി ബന്ധപ്പെടുത്തി നല്‍കിയത്. കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ വിജയസാധ്യതയെ മങ്ങലേൽപിക്കുന്ന പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്ത് നടക്കുന്നതായി എ.ഐ.സി.സിയുടെ സർവേ സംഘം കണ്ടെത്തിയെന്ന തരത്തിലായിരുന്നു വാര്‍ത്ത. അടിസ്ഥാനരഹിതമായ വാര്‍ത്തകള്‍ കോണ്‍ഗ്രസിനെതിരെ പ്രചരിപ്പിക്കുന്നത് പതിവായിരിക്കുകയാണെന്നും ഇതിൽ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും വേണുഗോപാൽ പറഞ്ഞു. കേരളത്തിലെ ജനങ്ങൾ യു.ഡി.എഫിനേ വോട്ടു ചെയ്യൂ.
ഒറ്റക്കെട്ടായാണ് സംസ്ഥാനത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ട്ടിയെ അധികാരത്തിലെത്തിക്കാന്‍ പ്രയത്നിക്കുന്നത്. കേരളത്തില്‍ വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പുകളിലും നിയമസഭ തെരഞ്ഞെടുപ്പുകളിലും എല്‍.ഡി.എഫിനെയും ബി.ജെ.പിയെയും പരാജയപ്പെടുത്തുക എന്നതാണ് ഓരോ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെയും ദൗത്യമെന്നും വേണുഗോപാൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.