രാഹുൽഗാന്ധിക്കെതിരെ വ്യാജ വിഡിയോ; മാധ്യമ പ്രവർത്തകൻ പൊലീസ് കസ്റ്റഡിയിൽ

ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ വ്യാജ വിഡിയോ നിർമിച്ച് സംപ്രേഷണം ചെയ്ത കേസിൽ സീ ടിവി ന്യൂസ് അവതാരകൻ രോഹിത് രഞ്ജൻ പൊലീസ് കസ്റ്റഡിയിൽ. ഡൽഹിയിലെ വസതിയിൽ വെച്ചാണ് പൊലീസ് ഇയാളെ പിടികൂടിയത്. സംഭവത്തിൽ സീ ടിവി മാപ്പ് പറഞ്ഞിരുന്നു.

കോൺഗ്രസ് ഭരിക്കുന്ന ഛത്തീസ് ഗഡിലെ പൊലീസും ബി.ജെ.പി ഭരിക്കുന്ന യു.പിയിലെ പൊലീസും രോഹിത്തിന്റെ കസ്റ്റഡിക്കായി മത്സരിച്ചു. ഛത്തീസ് ഗഡ് പൊലീസ് അവതാരകനെ അറസ്റ്റ് ചെയ്യാൻ ശ്രമിച്ചെങ്കിലും യു.പിയിലെ ഗാസിയാബാദ് പൊലീസ് തടഞ്ഞു. ആദ്യം ഛത്തീസ്ഗഡ് പൊലീസ് അറസ്റ്റ് ചെയ്യാനായി രോഹിതിന്റെ വീട്ടിലെത്തി. എന്നാൽ പിന്നാലെ വന്ന ഗാസിയാബാദ് പൊലീസ് അറസ്റ്റ് തടഞ്ഞ് രോഹിത്തിനെ കസ്റ്റഡിയിലെടുത്ത് അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു.

ഛത്തീസ്ഗഡ് പൊലീസ് തന്റെ വീട്ടിൽ പുലർച്ചെ 5.30ന് എത്തിയെന്നും എന്നാൽ തന്നെ കസ്റ്റഡിയിലെടുക്കാൻ വരുന്ന വിവരം പ്രാദേശിക പൊലീസിനെ അറിയിച്ചില്ലെന്നും രോഹിത് ട്വീറ്റ് ചെയ്തു. അങ്ങനെ അറിയിക്കണമെന്ന് നിയമമില്ലെന്ന് ഛത്തീസ്ഗഡ് പൊലീസ് മറുപടി നൽകി. അറസ്റ്റിനുള്ള കോടതി വാറന്റ് നിങ്ങളെ കാണിച്ചിട്ടുണ്ട്. നിങ്ങൾ അന്വേഷണത്തിൽ സഹകരിക്കണം. നിങ്ങൾക്ക് പറയാനുള്ളത് കോടതിയിൽ പറയാമെന്നും പൊലീസ് മറുപടി ട്വീറ്റിൽ പറഞ്ഞു.

രോഹിതിനെ ഗാസിയാബാദ് പൊലീസ് അജ്ഞാത കേന്ദ്രത്തിൽ എത്തിച്ച് ഛത്തീസ്ഗഡ് പൊലീസിന്റെ അറസ്റ്റിൽ നിന്ന് രക്ഷിക്കുകയായിരുന്നു. നിലവിൽ രോഹിത് യു.പി പൊലീസിന്റെ കസ്റ്റഡിയിലാണ്. ഇവിടെ ജാമ്യം ലഭിക്കാവുന്ന കേസുകൾ മാത്രമായിരിക്കും ഇദ്ദേഹത്തിനു നേരിടേണ്ടി വരിക.

വയനാട്ടിൽ എം.പിയുടെ ഓഫീസ് അക്രമിച്ച എസ്.എഫ്.ഐ കുട്ടികൾക്ക് മാപ്പു നൽകുന്നുവെന്ന രാഹുൽഗാന്ധിയുടെ പ്രസംഗം ഉദയ്പൂരിലെ ​തയ്യൽക്കാരന്റെ കൊലപാതകികൾക്ക് മാപ്പു നൽകുന്നുവെന്ന തരത്തിൽ രോഹിത് അവതരിപ്പിക്കുന്ന ടി.വി ഷോയിൽ പ്രചരിപ്പിക്കുകയായിരുന്നു. സംഭവത്തിൽ കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാനും ഛത്തിസ്ഗഡും ഉടനടി കേസെടുത്തു.

വിഡിയോ ഷെയർ ചെയ്തതിന് ബി.ജെ.പി നേതവ് രാജ്യവർദ്ധൻ സിങ് റാത്തോഡ് അടക്കമുള്ളവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

സംഭവത്തിൽ ചാനൽ മാപ്പ് പറഞ്ഞിരുന്നു. 'ഇന്നലെ ഡി.എൻ.എ എന്ന ഞങ്ങളുടെ പരിപാടിയിൽ രാഹുൽ ഗാന്ധിയുടെ പ്രസ്താവന തെറ്റായ സന്ദർഭത്തിൽ നൽകുകയുണ്ടായി. ഇത് മനുഷ്യസഹജമായ തെറ്റാണ്. ഞങ്ങൾ മാപ്പ് ചോദിക്കുന്നു' -എന്നായിരുന്നു പരിപാടിയിൽ സീ ടീവിക്ക് വേണ്ടി രഞ്ജൻ പറഞ്ഞത്.

'ഇത് ചെയ്ത കുട്ടികൾ നിരുത്തരവാദപരമായാണ് പെരുമാറിയത്. അവർ കുട്ടികളാണ് അവർക്ക് മാപ്പു നൽകാം' എന്നാണ് രാഹുൽ ഗാന്ധി വയനാട് ഓഫീസ് ആക്രമണവുമായി ബന്ധപ്പെട്ട് പറഞ്ഞത്. എന്നാൽ ഈ സംഭാഷണം ഉദയ്പൂരിലെ തയ്യൽക്കാരൻ കനയ്യലാലിനെ കൊന്നത് കുട്ടികളാണ് അവർക്ക് മാപ്പു നൽകണമെന്ന തരത്തിൽ മാറ്റുകയായിരന്നു.

വ്യാജ വിഡിയോ പ്രചരിച്ച സംഭവത്തിൽ രാഹുൽ ഗാന്ധിയും പ്രതികരിച്ചിരുന്നു. രാജ്യത്തെ എല്ലാവർക്കും ബി.ജെ.പിയുടെയും ആർ.എസ്.എസിന്റെയും ചരിത്രമറിയാം. അവർ രാജ്യത്തെ വിദ്വേഷത്തിന്റെ തീയിലേക്ക് തള്ളിയിടുകയാണ്. ഈ രാജ്യ​ദ്രോഹികൾ രാജ്യത്തെ എത്രമാത്രം ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നുവോ അതിലും കൂടുതലായി കോൺഗ്രസ് രാജ്യത്തെ ഒരുമിപ്പിക്കുമെന്നും രാഹുൽ പറഞ്ഞിരുന്നു. 

Tags:    
News Summary - Fake video against Rahul Gandhi; Journalist in police custody

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.