അജിത് ഡോവലിന്റെ ‘അണ്ടർകവർ ഏജന്റ്’, ‘ഗവൺമെന്റ് ഓഫ് ഇന്ത്യ’ ബോർഡ് വെച്ച ടെസ്‌ല; വ്യാജ ഐ.എ.എസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

പട്ന: ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ അണ്ടർകവർ ഏജന്റാണെന്നും ഐ.എ.എസ് ഉദ്യോഗസ്ഥനാണെന്നും അവകാശപ്പെട്ട് ആളുകളെ കബളിപ്പിച്ച യുവാവ് ബിഹാറിൽ അറസ്റ്റിൽ. ഖഗാരിയ ജില്ലയിലെ ജമാൽപൂരിൽ നിന്ന് മനീഷ് ഗുപ്തയെയാണ് ഗോഗ്രി പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ ‘ഗവൺമെന്റ് ഓഫ് ഇന്ത്യ’ ബോർഡ് ഘടിപ്പിച്ച ടെസ്‌ല വാഹനം ഉൾപ്പെടെ നിരവധി വിലപിടിപ്പുള്ള വസ്തുക്കൾ പൊലീസ് പിടിച്ചെടുത്തു.

ഐ.എ.എസ് ഉദ്യോഗസ്ഥനെന്ന വ്യാജേന മനീഷ് ഗുപ്ത ബിഹാറിന്റെ വിവിധ ഭാഗങ്ങളിൽ തട്ടിപ്പും വഞ്ചനയും നടത്തിയിരുന്നതായി ഖഗാരിയ എസ്.പി ഭാനു പ്രതാപ് സിങ് പറഞ്ഞു. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. ചോദ്യം ചെയ്യുന്നതിനിടെ മനീഷ് ഗുപ്ത സെൻട്രൽ വിജിലൻസ് കമീഷന്റെ പേരിലുള്ള കാർഡും ഐ.എ.എസ് ഉദ്യോഗസ്ഥനെന്ന് രേഖപ്പെടുത്തിയ തിരിച്ചറിയൽ കാർഡും പൊലീസിന് കാണിച്ചു. എന്നാൽ പ്രാഥമിക പരിശോധനയിൽ ഇവ വ്യാജമാണെന്ന് കണ്ടെത്തിയതായി ഭാനു പ്രതാപ് സിങ് അറിയിച്ചു. അജിത് ഡോവലിന്റെ കീഴിൽ അണ്ടർകവർ ഏജന്റായി പ്രവർത്തിക്കുന്നുവെന്ന മനീഷ് ഗുപ്തയുടെ അവകാശവാദവും വ്യാജമാണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.

മനീഷ് ഗുപ്തയുടെ വീട്ടിൽ നിന്ന് ഫുൾ സെൽഫ് ഡ്രൈവിങ് സംവിധാനമുള്ള ടെസ്‌ല കാറും ടാറ്റ സഫാരിയും പൊലീസ് പിടിച്ചെടുത്തു. ടെസ്‌ലയിൽ ‘ഗവൺമെന്റ് ഓഫ് ഇന്ത്യ’ എന്ന ബോർഡ് വെച്ചിരുന്നതായി പൊലീസ് പറഞ്ഞു. പരിശോധനയിൽ 31 ലിറ്ററിലധികം ഇറക്കുമതി ചെയ്ത വിദേശമദ്യം, വലിയ അളവിൽ ബിയർ, അഞ്ച് ഐഫോണുകൾ, 20 ക്രെഡിറ്റ് കാർഡുകൾ, എട്ട് ഡെബിറ്റ് കാർഡുകൾ, നാല് ചെക്ക്ബുക്കുകൾ എന്നിവയും കണ്ടെത്തി. കൂടാതെ ബാരസിംഗയുടെ കൊമ്പുകളെന്ന് സംശയിക്കുന്ന രണ്ട് കൊമ്പുകളും വീട്ടിൽ നിന്ന് കണ്ടെടുത്തു. വന്യജീവി സംരക്ഷണ നിയമ പ്രകാരം ഇത്തരം വസ്തുക്കൾ കൈവശം വെക്കുന്നത് കുറ്റകരമാണെന്ന് പൊലീസ് അറിയിച്ചു.

വ്യാജ ഐ.എ.എസ് തിരിച്ചറിയൽ രേഖ ഉപയോഗിച്ച് ഖഗാരിയയിലും ബിഹാറിലെ മറ്റ് പ്രദേശങ്ങളിലും മനീഷ് ഗുപ്ത തട്ടിപ്പുകൾ നടത്തിയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വാഹനങ്ങളുടെ ഉടമസ്ഥതയും അവ സ്വന്തമാക്കിയതെങ്ങനെയെന്നും പൊലീസ് അന്വേഷിക്കും. ഇയാളുടെ സാമ്പത്തിക ഇടപാടുകളും സ്വത്തുക്കളുടെ ഉറവിടവും വിശദമായി പരിശോധിക്കുമെന്നും അധികൃതർ അറിയിച്ചു. കേസിൽ ബിഹാർ പൊലീസിന്റെ ഇക്കണോമിക് ഒഫൻസസ് യൂണിറ്റി​ന്റെ സഹായവും തേടുമെന്നും എസ്.പി അറിയിച്ചു.

Tags:    
News Summary - ബിഹാറിൽ വ്യാജ ഐഎഎസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.