ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വിതരണം താറുമാറായതോടെ രാജ്യം കടുത്ത പാചകവാതക ക്ഷാമത്തിലേക്കാണ് നീങ്ങിയിരിക്കുന്നത്. ഇന്ത്യയുടെ എൽ.പി.ജി ആവശ്യകതയുടെ 60 ശതമാനവും ഇറക്കുമതിയെയാണ് ആശ്രയിക്കുന്നത്. ഇതിൽ 90 ശതമാനവും ഹുർമുസ് കടലിടുക്ക് വഴിയാണ് എത്തുന്നത് എന്നതിനാൽ കപ്പൽ ഗതാഗതത്തിലുണ്ടായ തടസ്സം വിതരണ ശൃംഖലയെ സാരമായി ബാധിച്ചിട്ടുണ്ട്. പല നഗരങ്ങളിലും ഗ്യാസ് ഏജൻസികൾക്ക് മുന്നിൽ ഉപഭോക്താക്കളുടെ നീണ്ട ക്യൂവാണ്. ഈ പ്രതിസന്ധിഘട്ടത്തിൽ സാധാരണക്കാർക്ക് ആശ്വാസവുമായി രംഗത്തെത്തിയിരിക്കുകയാണ് പൊതുമേഖലാ എണ്ണക്കമ്പനിയായ ഇന്ത്യൻ ഓയിൽ കോർപറേഷൻ. സിലിണ്ടർ കിട്ടാതെ വലയുന്നവർക്കായി ഐ.ഒ.സിയുടെ അഞ്ചു കിലോ തൂക്കമുള്ള 'ഛോട്ടു' സിലിണ്ടറുകൾ ഇപ്പോൾ വിപണിയിൽ സുലഭമാണ്.
എന്താണ് ഛോട്ടു സിലിണ്ടറുകൾ? പ്രത്യേകതകൾ അറിയാം
ഇൻഡേൻ ഗ്യാസ് ഏജൻസികളിൽ നിന്ന് നേരിട്ട് വാങ്ങാവുന്ന 'ഫ്രീ ട്രേഡ് എൽ.പി.ജി' (എഫ്.ടി.എൽ) വിഭാഗത്തിലാണ് 'ഛോട്ടു' ഉൾപ്പെടുന്നത്. സിലിണ്ടറിനായി മുൻകൂട്ടി ബുക്ക് ചെയ്യുകയോ ഊഴത്തിനായി കാത്തിരിക്കുകയോ വേണ്ട എന്നതാണ് 'ഛോട്ടു'വിന്റെ പ്രധാന സവിശേഷത. ഉപയോക്താക്കൾക്ക് ഏജൻസികളിൽ നിന്ന് നേരിട്ട് വാങ്ങാനും കഴിയും. വാങ്ങാനായി സ്ഥിരമായ മേൽവിലാസ രേഖ ആവശ്യമില്ല. ഏതെങ്കിലും ഒരു തിരിച്ചറിയൽ രേഖ മാത്രം ഹാജരാക്കിയാൽ മതി. ഗ്യാസ് ഏജൻസികൾക്ക് പുറമെ തെരഞ്ഞെടുത്ത ഗ്രോസറി സ്റ്റോറുകളിലും റീട്ടെയിൽ ഔട്ട്ലെറ്റുകളിലും 'ഛോട്ടു' ലഭ്യമാണ്.
എവിടെ റീഫിൽ ചെയ്യാം?
സാധാരണ ഗ്യാസ് കണക്ഷനുകളെപ്പോലെ നിശ്ചിത വിതരണക്കാരെ മാത്രം ആശ്രയിക്കേണ്ടതില്ല എന്നതാണ് 'ഛോട്ടു'വിന്റെ ഏറ്റവും വലിയ പ്രത്യേകത. വീടിനടുത്തുള്ള ഏത് ഇൻഡേൻ ഏജൻസിയിൽ നിന്നോ അംഗീകൃത കടകളിൽ നിന്നോ ഇത് റീഫിൽ ചെയ്യാം. കടയിൽ നേരിട്ടെത്തി ഉടൻ തന്നെ നിറച്ച സിലിണ്ടർ വാങ്ങി മടങ്ങാനും കഴിയും.
അമിതമായ നിയമനടപടികളോ നൂലാമാലകളോ ഇല്ലാതെ സാധാരണക്കാർക്ക് പാചകവാതകം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഐ.ഒ.സി ഈ പദ്ധതി വ്യാപിപ്പിക്കുന്നത്. ഗ്യാസ് ക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ ഒറ്റപ്പെട്ട താമസക്കാർക്കും അതിഥി തൊഴിലാളികൾക്കും 'ഛോട്ടു' വലിയൊരു കൈത്താങ്ങാവുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.