ന്യൂഡൽഹി: രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളിൽ നിന്നുള്ള മുഖം തിരിച്ചറിയൽ വിവരങ്ങൾ സംയോജിപ്പിച്ച് ഡൽഹിയിൽ ‘ഡേറ്റാ ഫ്യൂഷൻ സെന്റർ’ സ്ഥാപിക്കാൻ സി.ഐ.എസ്.എഫ് പദ്ധതി. നിർദേശം ആഭ്യന്തര മന്ത്രാലയത്തിന്റെ പരിഗണനയിലാണെന്നും വരും ദിവസങ്ങളിൽ, സി.ഐ.എസ്.എഫ് സുരക്ഷാ പരിധിയിലുള്ള യൂനിറ്റുകളിൽ സ്ഥാപിച്ചിട്ടുള്ള ഒന്നര ലക്ഷത്തോളം സി.സി.ടി.വി കാമറകൾ സംയോജിപ്പിക്കുമെന്നും ഡയറക്ടർ ജനറൽ പ്രവീൺ രഞ്ജൻ പറഞ്ഞു.
തങ്ങളുടെ ചുമതലയിലുള്ള വിവിധ സ്ഥാപനങ്ങളിലെ സുരക്ഷക്കായി ഒരു സ്റ്റാൻഡേർഡ് ഓപറേറ്റിങ് പ്രൊസീജറും ഹൈബ്രിഡ് സുരക്ഷാ മോഡൽ ടെംപ്ലേറ്റും തയാറാക്കിയിട്ടുണ്ട്. ഇത് ബന്ധപ്പെട്ട സ്ഥാപനങ്ങളുമായി പങ്കുവെച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ ചെറുതും വലുതുമായ തുറമുഖങ്ങൾക്ക് സുരക്ഷ നൽകാൻ സി.ഐ.എസ്.എഫിന് അടുത്തിടെ ചുമതല ലഭിച്ചിട്ടുണ്ട്. ഇതിനായി മൂന്ന് പുതിയ ബറ്റാലിയനുകൾ രൂപവത്കരിക്കുന്നതിനുള്ള നിർദേശം തയാറാക്കിയിട്ടുണ്ട്.
ഹൈബ്രിഡ് സുരക്ഷാ മോഡൽ പ്രകാരം, സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥർ പ്രധാന സുരക്ഷാ ചുമതലകൾ നിർവഹിക്കുമ്പോൾ, പ്രധാനമല്ലാത്ത ചുമതലകൾ പ്രൈവറ്റ് സെക്യൂരിറ്റി അസിസ്റ്റന്റുമാർ എന്ന് വിളിക്കപ്പെടുന്ന സി.ഐ.എസ്.എഫ് പരിശീലനം ലഭിച്ച ഉദ്യോഗസ്ഥർ ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. വിമാനത്താവളം, വ്യവസായ സുരക്ഷ തുടങ്ങിയ ചുമതലകൾക്കായി വിവിധ സംസ്ഥാന പൊലീസ് സേനകളിൽ നിന്നുള്ള ഉദ്യോഗസ്ഥർക്കുപുറമെ 2,500ഓളം പി.എസ്.എമാർക്ക് സി.ഐ.എസ്.എഫ് ഇതുവരെ പരിശീലനം നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.