ലഖ്നോ: ഉത്തർപ്രദേശ് നിയമസഭയിൽ നിന്നും കണ്ടെടുത്ത പൊടി സ്ഫോടക വസ്തുവാണെന്ന് സ്ഥിരീകരിച്ചു. ജൂലൈ 12 നാണ് വിധാൻ സഭക്കുള്ളിൽ നിന്ന് സംശയാസ്പദമായ പൊതി കണ്ടെടുത്തത്. ഫോറൻസിക് പരിശോധനയിൽ ഇത് ഉഗ്ര സ്ഫോടന ശേഷിയുള്ള വസ്തുവായ പെൻറായിത്രോൾ ടെട്രാനിട്രേറ്റ് (പി.ഇ.ടി.എൻ)ആണെന്ന് സ്ഥിരീകരിച്ചു.
ബുധനാഴ്ച വിധാൻ സഭ സമ്മേളനം നടന്നുകൊണ്ടിരിക്കെയാണ് പ്രതിപക്ഷ നേതാവ് രാം ഗോവിന്ദ് ചൗധരിയുടെ സീറ്റിനടിയിൽ നിന്നും ഡോഗ് സ്വകാഡ് പൊതി കണ്ടെത്തിയത്. ഇതിൽ 60 ഗ്രാം സ്ഫോടക വസ്തുവാണ് ഉണ്ടായിരുന്നത്. തുടർന്ന് വിധാൻ സഭക്ക് സുരക്ഷാ സേന ശക്തമായ കാവൽ ഏർപ്പെടുത്തിയിരുന്നു.
സഭക്കുള്ളിൽ നിന്ന് സ്ഫോടക വസ്തു കണ്ടെത്തിയ സംഭവത്തിൽ ദേശീയ അന്വേഷണ ഏജൻസി (എൻ.െഎ.എ) അന്വേഷണം നടത്തണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആവശ്യപ്പെട്ടു. സുരക്ഷ പരമപ്രധാനമാണെന്നും അന്വേഷണം ഉടൻ പൂർത്തിയാക്കണമെന്നും യോഗി സഭയിൽ ആവശ്യപ്പെട്ടു. സംഭവത്തെ തുടർന്ന് മുഖ്യമന്ത്രി ഉന്നത തല യോഗം വിളിച്ചിട്ടുണ്ട്.
സ്ഫോടക വസ്തു എങ്ങനെ നിയമ സഭക്കുള്ളിലെത്തി എന്നത് അന്വേഷിക്കണമെന്ന് സമാജ്വാദി പാർട്ടി ആവശ്യപ്പെട്ടു. വിധാൻ സഭയിൽ പോലും സുരക്ഷയില്ലെങ്കിൽ സംസ്ഥാനത്തിലെ മറ്റ് സ്ഥാപനങ്ങളുടെയും ജനങ്ങളുടെയും കാര്യം എങ്ങനെയാവുമെന്നത് ഉൗഹിക്കാവുന്നതേ ഉള്ളൂയെന്നും എസ്.പി നേതാവ് രാജേന്ദ്ര ചൗധരി പറഞ്ഞു.
100 ഗ്രാം പി.ഇ.ടി.എന്നിന് ഒരു കാറിനെ നാമവശേഷമാക്കാൻ കഴിയും. സെംടെക്സ് ബോംബുകളുണ്ടാക്കുന്നതിൽ പ്രധാന ചേരുവയാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.