സിഖ് വിരുദ്ധ കലാപം: കോൺഗ്രസ് മുൻ എം.പി സജ്ജൻ കുമാർ കുറ്റക്കാരനെന്ന് കോടതി

ന്യൂഡൽഹി: 1984ലെ സിഖ് വിരുദ്ധ കലാപത്തിനിടെ, സരസ്വതി വിഹാറിൽ രണ്ട് പേരെ കൊന്ന കേസിൽ കോൺഗ്രസ് മുൻ എം.പി സജ്ജൻ കുമാർ കുറ്റക്കാരനാണെന്ന് ഡൽഹിയിലെ വിചാരണ കോടതി വിധിച്ചു. ശിക്ഷാവിധി ഫെബ്രുവരി 18ന് പ്രഖ്യാപിക്കുമെന്ന് പ്രത്യേക ജഡ്ജി കാവേരി ബവേജ വ്യക്തമാക്കി. തിഹാർ ജയിലിൽ കഴിയുന്ന സജ്ജൻ കുമാറിനെ ബുധനാഴ്ച കോടതിയിൽ ഹാജരാക്കിയിരുന്നു.

1984 നവംബർ ഒന്നിന് പഞ്ചാബ് സ്വദേശികളായ ജസ്വന്ത് സിങ്, മകൻ തരുൺദീപ് സിങ് എന്നിവർ കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട കേസാണിത്. തുടക്കത്തിൽ പഞ്ചാബി ബാഗ് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ് പിന്നീട് പ്രത്യേക അന്വേഷണ സംഘം ഏറ്റെടുക്കുകയായിരുന്നു. 2021 ഡിസംബറിൽ, സജ്ജൻ കുമാറിന് കൊലപാതകത്തിൽ പങ്കുണ്ടെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമായെന്ന് കാണിച്ചാണ് കോടതി കേസെടുക്കാൻ നിർദേശിച്ചത്.

1984ൽ അന്നത്തെ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി സിഖുകാരായ അംഗരക്ഷകരാൽ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് സിഖ് വിരുദ്ധ കലാപം നടന്നത്. സിഖുകാർ താമസിച്ചയിടങ്ങളിലെല്ലാം ആളുകൾ കൂട്ടമായെത്തി അക്രമം അഴിച്ചുവിടുകയും കൊള്ളയും കൊലയും നടത്തുകയുമായിരുന്നു. ജസ്വന്ത് സിങ്ങിന്‍റെ ഭാര്യ, ഭർത്താവിനെയും മകനെയും ഒരുസംഘം ആളുകൾ കൊന്നെന്നും വീട് കൊള്ളയടിച്ച് തീയിട്ടെന്നും കാണിച്ച് പരാതിപ്പെടുകയായിരുന്നു. ആൾക്കൂട്ടത്തെ നയിച്ചവരിൽ ഒരാൾ സജ്ജൻ കുമാറാണെന്ന് കുറ്റപത്രത്തിൽ പറയുന്നു.

Tags:    
News Summary - Ex Congress MP Sajjan Kumar Convicted In 1984 Anti-Sikh Riots Case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.