ഓരോ വോട്ടും പ്രധാനമാണ്, നിങ്ങളുടേതും എണ്ണപ്പെടും; വോട്ട് ചെയ്യണമെന്ന അഭ്യർഥനയുമായി പ്രധാനമന്ത്രി

ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിലെ ആറാംഘട്ടത്തിൽ വോട്ട് രേഖപ്പെടുത്തണമെന്ന അഭ്യർഥനയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. എല്ലാവരും വോട്ട് രേഖപ്പെടുത്തണമെന്ന് പ്രധാനമന്ത്രി എക്സിൽ കുറിച്ചു. ഓരോ വോട്ടും പ്രധാനമാണ്, നിങ്ങളുടേതും എണ്ണപ്പെടും. ജനാധിപത്യം തഴച്ചുവളരുന്നത് ജനങ്ങൾ തെരഞ്ഞെടുപ്പ് പ്രക്രിയയിൽ പങ്കാളികളാകുകയും സജീവമാകുകയും ചെയ്യുമ്പോഴാണ്. സ്ത്രീകളോടും യുവാക്കളോടും വോട്ട് ചെയ്യാൻ പ്രത്യേകം അഭ്യർഥിക്കുകയാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

രാജ്യതലസ്ഥാനമായ ഡൽഹിയിലെ ഏഴിടങ്ങളിൽ ഉൾപ്പെടെ രാജ്യത്തെ 58 മണ്ഡലങ്ങളിലാണ് ആറാംഘട്ടത്തിൽ വോട്ടെടുപ്പ് ആരംഭിച്ചത്. ബിഹാർ-എട്ട്, ഹരിയാനയിലെ ആകെ പത്തുസീറ്റുകൾ, ജമ്മു കശ്മീർ-ഒന്ന്, ഝാർഖണ്ഡ്-നാല്, ഒഡിഷ-ആറ്, യു.പി-14, പശ്ചിമ ബംഗാൾ-എട്ട് മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുക. 889 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. ഇതിൽ മുൻ മുഖ്യമന്ത്രിമാരായ മനോഹർലാൽ ഖട്ടജറും മെഹ്ബൂബ മുഫ്തിയും ഉൾപ്പെടുന്നു.

യു.പിയിലെ 14 മണ്ഡലങ്ങളിൽ ആറാം ഘട്ട വോട്ടെടുപ്പ് നടക്കുമ്പോൾ അഅ്സംഗഢിലും ലാൽഗഞ്ചിലും ഇൻഡ്യക്ക് സാധ്യത. ഏറ്റവുമധികം മത്സരാർഥികൾ യു.പിയിലാണ്. 470 പേർ. സുൽത്താൻപൂരിൽ കേന്ദ്ര മന്ത്രി മനേക ഗാന്ധിയും അഅ്സംഗഢിൽ എസ്.പിയുടെ ധർമേന്ദ്ര യാദവും ജയമുറപ്പിച്ചിരിക്കുകയാണ്.

ഭോജ്പൂരി ഗായകൻ ദിനേശ് ലാൽ ആണിവിടെ ബി.ജെ.പിയുടെ സ്ഥാനാർഥി. പ്രതാപ്ഗഢ്, ഫുൽപൂർ, അലഹാബാദ്, അംബേദ്കർ നഗർ, ശ്രാവസ്ഥി, ദുമരിയാഗഞ്ച്, ബസ്തി, സന്ത് കബീർ നഗർ, ജോൻപൂർ, മച്‍ലിശഹർ, ഭദോയ് എന്നിവയാണ് മറ്റു മണ്ഡലങ്ങൾ.

ഏഴാമത്തെയും അവസാനത്തെയുമായ ഘട്ട വോട്ടെടുപ്പ് ജൂൺ ഒന്നിനാണ്. ജൂൺ നാലിനാണ് എല്ലായിടത്തേയും വോട്ടെണ്ണൽ.

Tags:    
News Summary - Every vote counts, make yours count too; Prime Minister Narendra Modi tweets

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.