മാതാ പ്രസാദ് പാണ്ഡെ
ലഖ്നോ: ബജറ്റ് സമ്മേളനത്തോടനുബന്ധിച്ച് നിയമസഭ നടപടി ക്രമങ്ങളുടെ വിവർത്തനത്തിൽ ഇംഗ്ലീഷ് ഉൾപ്പെടുത്തിയതും ഉർദു ഒഴിവാക്കിയതും സംബന്ധിച്ച് യു.പി നിയമസഭയിൽ വാഗ്പോര്. മുഖ്യമന്ത്രി യോഗി ആദിത്യനാഥും എസ്.പി പ്രതിപക്ഷ നേതാവ് മാതാ പ്രസാദ് പാണ്ഡെയും തമ്മിലാണ് ചൂടേറിയ വാഗ്വാദം നടന്നത്.
നിയമസഭയിലെ തത്സമയ വിവരങ്ങൾ ഇനി ഇംഗ്ലീഷിലും അവധി, ഭോജ്പുരി, ബ്രജ്, ബുണ്ടേലി എന്നീ നാല് പ്രാദേശിക ഭാഷകളിലും ലഭ്യമാകുമെന്ന് സ്പീക്കർ സതീഷ് മഹാന പ്രഖ്യാപിച്ചു. ഇംഗ്ലീഷ് അടിച്ചേൽപിക്കുകയാണെന്നാണ് എസ്.പി ആരോപിച്ചു. എന്നാൽ സമാജ് വാദി പാർട്ടി നേതാക്കൾ അവരുടെ മക്കളെ ഇംഗ്ലീഷ് മീഡിയം സ്കൂളുകളിൽ അയച്ച് പഠിപ്പിക്കുകയാണെന്നും മറ്റുള്ളവരുടെ കുട്ടികൾ ഉർദു പഠിച്ച് മൗലവിമാർ ആകട്ടെയാണെന്നാണ് അവർ ആഗ്രഹിക്കുന്നതെന്നും യോഗി വിമർശിച്ചു.
ഹിന്ദിയും ദേവനാഗരിയും യു.പിയിൽ അംഗീകരിക്കെപ്പെട്ട ഭാഷകളാണ്. വലിയ പോരാട്ടങ്ങളുടെ ഭാഗമായാണ് ഇംഗ്ലീഷ് ഔദ്യോഗിക ഭാഷകളുടെ കൂട്ടത്തിൽ നിന്ന് ഒഴിവാക്കിയത്. അതാണിപ്പോൾ വീണ്ടും തിരിച്ചുകൊണ്ടുവന്നിരിക്കുന്നത്. യു.പി നിയമസഭയിൽ പേപ്പറുകൾ ഇംഗ്ലീഷിൽ ഒപ്പുവെക്കുന്ന ഒരു കാലമുണ്ടായിരുന്നു. ഹിന്ദി ഭാഷക്കായി സമരം ചെയ്ത ഞങ്ങൾ ആ സമ്പ്രദായം തിരിച്ചുകൊണ്ടുവരാൻ ഒരു കാരണവശാലും അനുവദിക്കില്ലെന്നും സമാജ്‍വാദി പാർട്ടി നേതാവ് വ്യക്തമാക്കി.
യു.പി പബ്ലിക് സർവീസ് കമീഷനിലെ ഔദ്യോഗിക ഭാഷകളിൽ നിന്ന് ഇംഗ്ലീഷ് ഒഴിവാക്കിയത് മുലായം സിങ് യാദവിന്റെ ശ്രമഫലമായാണ്. ഉർദുവും സംസ്കൃതവും പോലുള്ള ഭാഷകളും ഉൾപ്പെടുത്തണമെന്നാണ് ഞങ്ങളുടെ ആവശ്യം. എന്നാൽ മുഖ്യമന്ത്രി ഉർദുവിന്റെ കാര്യത്തിൽ മാത്രമാണ് പ്രതികരിച്ചതെന്നും മാതാ പ്രസാദ് പാണ്ഡെ ചൂണ്ടിക്കാട്ടി.
യു.പി നിയമസഭയിൽ പോലും ഹിന്ദിക്ക് പ്രാമുഖ്യം ലഭിക്കുന്നില്ല. അതിനിടക്കാണ് തമിഴ്നാട്ടിൽ ഹിന്ദി അടിച്ചേൽപിക്കാൻ ശ്രമിക്കുന്നതെന്നും പ്രസാദ് പാണ്ഡെ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.