ഇ.പി.എഫ്.ഒ ഉയർന്ന പെൻഷനുള്ള ലിങ്ക് പ്രസിദ്ധീകരിച്ചു, അപേക്ഷ തീയ്യതി മേയ് മൂന്ന് വരെ നീട്ടി; ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

ന്യൂഡൽഹി: ഉയർന്ന പെൻഷൻ അനുവദിക്കുന്നതിനുള്ള സംയുക്ത ഓപ്ഷൻ നൽകാനുള്ള ലിങ്ക് എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് (ഇ.പി.എഫ്) പ്രസിദ്ധീകരിച്ചു. നേരത്തെ നിശ്ചയിച്ച സമയപരിധി അവസാനിക്കാൻ നാലുദിവസം മാത്രം അവശേഷിക്കവേയാണ് സംയുക്ത ഓപ്ഷനുള്ള ലിങ്ക് (യു.ആർ.എൽ) ഇ.പി.എഫ്.ഒ അധികൃതർ പുറത്തിറക്കിയത്. ഇതിനുപിന്നാലെ അപേക്ഷാ തീയ്യതി മേയ് മൂന്ന് വരെ ദീർഘിപ്പിച്ചു.

https://unifiedportal-mem.epfindia.gov.in/memberInterfacePohw/ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ സൈറ്റിലേക്ക് ​പ്രവേശിക്കാം. എന്നാൽ, ലക്ഷക്കണക്കിനുപേർ ഒരേസമയം വെബ്സൈറ്റിൽ പ്രവേശിക്കുന്നതിനാലാകാം ലിങ്കിൽ ക്ലിക് ചെയ്യുമ്പോൾ അപേക്ഷിക്കാനുള്ള വിൻഡോ ഇപ്പോൾ പ്രവർത്തിക്കുന്നില്ല.

ശമ്പളത്തിന് ആനുപാതികമായി പെൻഷൻ ഉറപ്പാക്കണമെന്ന കേസിൽ 2022 നവംബർ നാലിനാണ് സുപ്രീംകോടതിയുടെ അനുകൂല ഉത്തരവുണ്ടായത്. നാലു മാസത്തിനകം ഇക്കാര്യത്തിൽ നടപടി സ്വീകരിക്കണമെന്നും ഇ.പി.എഫ്.ഒയോട് സുപ്രീംകോടതി നിർദേശിച്ചിരുന്നു. 

വിധി വന്ന് ആദ്യ മാസങ്ങളിൽ ഇ.പി.എഫ്.ഒയുടെ ഭാഗത്തുനിന്ന് നടപടികൾ ഉണ്ടായില്ല. 2023 ജനുവരിക്കുശേഷമാണ് 2014 സെപ്റ്റംബർ ഒന്നിന് മുമ്പ് സർവിസിൽനിന്ന് വിരമിച്ചവർക്കുള്ള സൗകര്യം ഒരുക്കിയത്. സർവിസിൽ തുടരുന്നവർക്കുള്ള ഉത്തരവ് 2023 ഫെബ്രുവരി 20നാണ് ഇ.പി.എഫ്.ഒ പുറത്തിറക്കിയത്. സംയുക്തഓപ്ഷൻ നൽകാനുള്ള ലിങ്കും ഉടൻ പുറത്തിറക്കുമെന്ന് വ്യക്തമാക്കിയിരുന്നു. 2014 സെപ്റ്റംബർ ഒന്നിന് മുമ്പ് സർവിസുണ്ടായിരിക്കുകയും 2014 സെപ്റ്റംബർ ഒന്നിനുശേഷം വിരമിച്ചവർക്കും ജോലിയിൽ തുടരുന്നവർക്കും ഓപ്ഷൻ നൽകാനുള്ള അവസരമാണ് ഇ.പി.എഫ്.ഒ വിജ്ഞാപനത്തിലുള്ളത്.

ഇവർ ഇ.പി.എഫ്.ഒ നിർദേശിച്ച പരമാവധി ശമ്പളത്തിന് മുകളിൽ യഥാർഥ ശമ്പളത്തിനുള്ള ഇ.പി.എഫ് വിഹിതം തൊഴിലുടമ അടച്ചിരുന്നവരുമാകണം.

ഉയർന്ന പെൻഷനുവേണ്ടി യഥാർഥ ശമ്പളത്തെ അടിസ്ഥാനമാക്കിയുള്ള കൂടിയ വിഹിതം പിടിച്ചുകൊള്ളാൻ ജീവനക്കാരും സ്ഥാപനങ്ങളും സംയുക്തമായി നൽകുന്ന സമ്മതപത്രമാണ് ഓപ്ഷൻ. 1995 നവംബർ മുതൽ 2001 മേയ് വരെ ഇ.പി.എഫ്.ഒ നിശ്ചയിച്ച പരമാവധി വിഹിതം 5000 രൂപയും പെൻഷൻ ഫണ്ട് വിഹിതം 417 രൂപയുമായിരുന്നു. 2001 ജൂൺ-2014 ആഗസ്റ്റ് കാലയളവിൽ ഇതു യഥാക്രമം 6,500 രൂപയും 541 രൂപയുമായി പരിഷ്‍കരിച്ചു. 2014 സെപ്റ്റംബർ മുതൽ 15,000 രൂപയാണ് ഇ.പി.എഫ് നിശ്ചയിച്ച പരമാവധി ശമ്പളം. പെൻഷൻ വിഹിതം 1250 രൂപയുമാണ്.

ഉയർന്ന പെൻഷനുള്ള ഓപ്ഷൻ നൽകുമ്പോൾ ഉയർന്ന തുക പെൻഷൻ ഫണ്ടിലേക്ക് അടക്കേണ്ടി വരും. നിലവിൽ സർവിസിലുള്ളവരിൽ പി.എഫ് നിക്ഷേപത്തിൽനിന്ന് ഇത് പെൻഷൻ ഫണ്ടിലേക്ക് മാറ്റുമെന്നാണ് സൂചന. രാജ്യത്ത് 4.5 കോടി ഇ.പി.എഫ് വരിക്കാരുണ്ടെന്നാണ് കണക്ക്. 50 ലക്ഷത്തോളം പേർക്കാണ് ഇ.പി.എഫ് പെൻഷൻ ലഭിക്കുന്നത്.

Tags:    
News Summary - EPFO published link to apply for higher pension

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.