ഇ.പി.എഫ് ​പ്രതിമാസ വേതനപരിധി 15,000 രൂപയിൽ നിന്ന് 25,000 രൂപയാക്കുന്നു

എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ടിലും (ഇ.പി.എഫ്.ഒ) എംപ്ലോയീസ് പെൻഷൻ സ്കീമിലും (ഇ.പി.എസ്) അംഗങ്ങളാകാനുള്ള ​പ്രതിമാസ വേതന പരിധി 25,000 രൂപയാക്കാനൊരുങ്ങി എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷ​ൻ(ഇ.പി.എഫ്.ഒ). ഒരുകോടിയിലേറെ ആളുകൾക്ക് ഗുണകരമാകുന്ന തീരുമാനമാണിത്.

ഇ.പി.എഫ്.ഒയുടെ സെൻട്രൽ ബോർഡ് ഓഫ് ട്രസ്റ്റീസ് ഡിസംബറിലോ ജനുവരിയിലോ നടക്കുന്ന യോഗത്തിൽ ഈ വിഷയം ചർച്ച ചെയ്തേക്കും. നിലവിൽ ​ശമ്പള പരിധി 15,000 രൂപയാണ്.

അടിസ്ഥാന ശമ്പളത്തിൽ പ്രതിമാസം 15,000 രൂപയിൽ കൂടുതൽ വരുമാനം നേടുന്ന ജീവനക്കാർക്ക് ഈ രണ്ട് ഇ.പി.എഫ്.ഒ പദ്ധതികളിൽ നിന്ന് ഒഴിവാകാനുള്ള ഓപ്ഷൻ ഉണ്ട്. അത്തരം ജീവനക്കാരെ ഇ.പി.എഫിലോ ഇ.പി.എസിലോ ചേർക്കാൻ തൊഴിലുടമകൾക്ക് നിയമപരമായ നിർബന്ധമില്ല. പല മെട്രോ നഗരങ്ങളിലും ജോലി ചെയ്യുന്ന തൊഴിലാളികളുടെ പ്രതിമാസ ശമ്പള 15,000 രൂപയിൽ കൂടുതലായതിനാൽ ശമ്പള പരിധി ഉയർത്തണമെന്ന് ​തൊഴിലാളി യൂനിയനുകൾ വളരെ കാലമായി ആവശ്യപ്പെട്ടുവരികയാണ്.

ഉയർന്ന ശമ്പള പരിധി യാഥാർഥ്യമായാൽ അവരെല്ലാം ഇ.പി.എഫിന്റെ ഭാഗമാകും. നിലവിലെ നിയമം അനുസരിച്ച് തൊഴിലുടമയും ജീവനക്കാരനും പ്രതിമാസം ശമ്പളത്തിന്റെ 12ശതമാനം വീതം ഇ.പി.എഫിലേക്ക് നൽകണം. ജീവനക്കാരന്റെ ശമ്പളത്തിന്റെ 12 ശതമാനം ഇ.പി.എഫ് അക്കൗണ്ടിലേക്ക് പോകുന്നു. എന്നാൽ തൊഴിലുടമയുടെ 12 ശതമാനത്തിന്റെ 3.67 ശതമാനം ഇ.പി.എഫിലേക്കും 8.33 ശതമാനം ഇ.പി.എസിലേക്കുമാണ് പോകുന്നത്. വേതന പരിധി ഉയർത്തുന്നത് ഇ.പി.എഫിലേക്കും ഇ.പി.എസിലേക്കും പോകുന്ന തുകയുടെ അളവ് വർധിക്കാൻ കാരണമാകും. വിരമിക്കുമ്പോൾ ജീവനക്കാർക്ക് പെൻഷൻ തുക കൂടാനും ഇത് ഇടയാക്കും.

26 ലക്ഷം കോടി രൂപയാണ് ഇപ്പോൾ ഇ.പി.എഫ്.ഒയുടെ ആകെ മൂലധനം. ഏതാണ്ട് 7.6 കോടി സജീവ അംഗങ്ങളാണ് ഇ.പി.എഫ്.ഒയിലുള്ളത്.

വർധിച്ചുവരുന്ന സാമ്പത്തിക അസ്ഥിരതക്കിടയിൽ ദീർഘകാല സാമ്പത്തിക പരിരക്ഷയും വിരമിക്കൽ ആനുകൂല്യങ്ങളും ഇന്ത്യയിലെ വലിയൊരു വിഭാഗം തൊഴിലാളികൾക്ക് ലഭ്യമാക്കാൻ ശമ്പള പരിധി ഉയർത്തുന്നത് സഹായിക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. തൊഴിലുടമയുടെ ബാധ്യതയും ഉയരും.

വേതന പരിധി ഉയർത്തുന്നത് ജീവനക്കാർ, തൊഴിലുടമകൾ, ഇ.പി.എഫ്.ഒ എന്നിവയെ വ്യത്യസ്തമായ രീതിയിലായിരിക്കും ബാധിക്കുക. ഇ.പി.എഫ് വിഹിതം കൂടുന്നതിനാൽ കൈയിൽ കിട്ടുന്ന ശമ്പളം കുറയുന്നതിനാൽ ഇടത്തരം വരുമാനമുള്ള ചില ജീവനക്കാരുടെ ഭാഗത്തുനിന്ന് ശമ്പള പരിധി ഉയർത്തുന്നതിന് എതിർപ്പുണ്ടാകാനും സാധ്യതയുണ്ട്.

Tags:    
News Summary - EPFO may hike wage ceiling to Rs 25,000 per month from Rs 15,000

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.