ജഗൻ റെഡ്ഡി, ചന്ദ്രബാബു നായിഡു

'നായിഡുവിന്‍റെ നിരാശ സംസ്​ഥാനത്തിന്​ മൊത്തം അറിയാം'; പ്രതികരണവുമായി ജഗൻ

അമരാവതി (ആന്ധ്രപ്രദേശ്): ഭാര്യ ഭുവനേശ്വരിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം ഉന്നയിച്ചുവെന്നാരോപിച്ച് സഭയില്‍ നിന്നിറങ്ങിപ്പോയി മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ ചന്ദ്രബാബു നായിഡുവിന്​ മറുപടിയുമായി ആന്ധ്രപ്രദേശ്​ മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡി. നായിഡു എത്രമാത്രം നിരാശനാണെന്ന് സംസ്ഥാനത്തിന്​ മുഴുവൻ അറിയാമെന്നായിരുന്നു ജഗന്‍റെ പ്രതികരണം.

നായിഡുവിനെ ജനങ്ങൾ തള്ളിക്കളഞ്ഞെന്നും സ്വന്തം മണ്ഡലമായ കുപ്പം മുനിസിപ്പൽ കോർപ്പറേഷൻ നഷ്​ടപ്പെട്ട നിരാശയിലാണ്​ അദ്ദേഹമെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമസഭാ കൗൺസിലും ടി.ഡി.പിക്ക് നഷ്​ടമായിരുന്നു.

ഒരു ബന്ധമില്ലാത്ത അനാവശ്യ വിഷയങ്ങൾ നായിഡു തന്നെയാണ്​ സഭയിൽ ഉന്നയിച്ചതെന്നും ഇപ്പോൾ ആളുകൾ പ്രതികരിച്ചപ്പോൾ അദ്ദേഹം ഈ രീതിയിൽ പെരുമാറുകയാണെന്നും റെഡ്ഡി അവകാശപ്പെട്ടു.

ഇതുവരെ രാഷ്ട്രീയത്തില്‍ പോലുമിറങ്ങാത്ത ഭാര്യക്കെതിരെ ഭരണകക്ഷിയായ വൈ.എസ്.ആര്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ അപകീര്‍ത്തികരമായ പരാമര്‍ശം ഉന്നയിച്ചെന്നാണ് ടി.ഡി.പിനേതാവായ ചന്ദ്രബാബു നായിഡുവിന്‍റെ ആരോപണം.

''കഴിഞ്ഞ രണ്ടര വര്‍ഷമായി അപമാനം സഹിച്ചാണ് കഴിയുന്നത്. എന്നാല്‍ ഒരിക്കലും ശാന്തത കൈവിട്ടില്ല. എന്നാല്‍, ഇന്ന് അവര്‍ എന്‍റെ ഭാര്യയെപ്പോളും വെറുതെ വിടുന്നില്ല. അന്തസോടെയാണ് എല്ലായ്പോഴും ജീവിച്ചത്. ഇത് എനിക്ക് സഹിക്കാന്‍ കഴിയില്ല. സഭക്കുള്ളില്‍ താന്‍ അപമാനിക്കപ്പെട്ടു''-അദ്ദേഹം പറഞ്ഞു.

ഇനി മുഖ്യമന്ത്രിയായിട്ടല്ലാതെ സഭയില്‍ കയറില്ലെന്നും അദ്ദേഹം പറഞ്ഞു. വ്യക്തിപരമായ പരാമർശങ്ങൾ നിഷേധിക്കാൻ തനിക്ക് അവസരം ലഭിച്ചില്ലെന്നും നായിഡു പറഞ്ഞു.

വെള്ളിയാഴ്ച ആന്ധ്ര നിയമസഭയില്‍ കാർഷിക മേഖലയെച്ചൊല്ലി ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ തർക്കമുണ്ടായി. ചന്ദ്രബാബു നായിഡു സംസാരിക്കുമ്പോൾ സ്പീക്കര്‍ തമ്മിനേനി മൈക്ക് ഓഫ് ചെയ്‌തതിൽ പ്രതിഷേധിച്ച് നായിഡു പുറത്തേക്കിറങ്ങി. ഇനി മുഖ്യമന്ത്രിയായതിനുശേഷം മാത്രമേ തിരിച്ചുവരൂ എന്ന നാടകീയ പ്രഖ്യാപനവും നടത്തിയാണ് നായിഡു സഭ വിട്ടിറങ്ങിയത്.

Tags:    
News Summary - 'Entire State Knows he is in frustration'; Jagan on Chandrababu Naidu's breakdown

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.