ഇന്ത്യൻ പ്രദേശങ്ങൾ ഉൾപ്പെടുത്തിയ ചൈനയുടെ ഭൂപടം ഗൗരവമുള്ളത്, പ്രധാനമന്ത്രി മറുപടി പറയണമെന്നും രാഹുൽ ഗാന്ധി

ന്യൂഡൽഹി: അരുണാചൽ പ്രദേശും അക്‌സായി ചിൻ മേഖലയും ഉൾപ്പെടുത്തി ചൈന ഔദ്യോഗിക ഭൂപടം പുറത്തിറക്കിയതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.

ലഡാക്കിൽ ഒരിഞ്ച് ഭൂമി പോലും നഷ്ടപ്പെട്ടിട്ടില്ലെന്ന് പറഞ്ഞത് നുണയാണെന്നും പ്രധാനമന്ത്രി മറുപടി പറയണമെന്നും രാഹുൽ ആവശ്യപ്പെട്ടു. ഇന്ത്യൻ പ്രദേശങ്ങൾ ഉൾപ്പെടുത്തി ചൈന ഭൂപടം പുറത്തിറക്കിയത് ഗൗരവമുള്ളതാണെന്നും രാഹുൽ വ്യക്തമാക്കി. കർണാടകയിലേക്ക് പോകാനായി ഡൽഹി വിമാനത്താവളത്തിൽ എത്തിയ രാഹുൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു.

നേരത്തെ, ചൈനയുടെ നടപടിയിൽ നയതന്ത്ര ചാനൽ വഴി ശക്തമായ പ്രതിഷേധം അറിയിച്ചതായി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചിരുന്നു. ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് ജി20 ഉച്ചകോടിയിൽ പങ്കെടുക്കാനായി ഇന്ത്യയിലെത്താനിരിക്കെയാണ് രാജ്യത്തിന്‍റെ പ്രദേശങ്ങൾ കൂടി ഉൾപ്പെടുത്തി ഔദ്യോഗിക ഭൂപടമിറക്കി ചൈനയുടെ പ്രകോപനം.

ദക്ഷിണ ടിബറ്റ് എന്ന് ചൈന വിശേഷിപ്പിക്കുന്ന അരുണാചൽ പ്രദേശ്, 1962ലെ ഇന്ത്യ–ചൈന യുദ്ധത്തിൽ പിടിച്ചെടുത്ത അക്‌‍സായ് ചിൻ എന്നിവ തങ്ങളുടെ പ്രദേശമാണെന്നാണ് ചൈനയുടെ അവകാശവാദം. ദക്ഷിണ ചൈനാ കടലിൽ തയ്‌വാൻ അവകാശവാദമുന്നയിക്കുന്ന മേഖലയും പുതിയ ഭൂപടത്തിൽ ചൈനീസ് പ്രദേശമായി ഉൾപ്പെടുത്തിയിട്ടുണ്ട്. ‘ലഡാക്കിൽ ഒരിഞ്ച് ഭൂമി പോലും നഷ്ടപ്പെട്ടിട്ടില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞത് കള്ളമാണെന്ന് വർഷങ്ങളായി ഞാൻ പറയുന്നു. ചൈന അതിക്രമിച്ച് കടന്ന് ഭൂമി കൈയേറിയത് ലഡാക്കിന് മുഴുവൻ അറിയാം. ഈ മാപ്പ് വളരെ ഗൗരവമുള്ളതാണ്. അവർ ഭൂമി തട്ടിയെടുത്തു. പ്രധാനമന്ത്രി ഇതിനെക്കുറിച്ച് എന്തെങ്കിലും പറയണം’ -രാഹുൽ ഗാന്ധി പറഞ്ഞു.

ലഡാക്കിൽ പോയതുകൊണ്ടാണ് തനിക്ക് ഇക്കാര്യം മനസ്സിലായതെന്നും രാഹുൽ കൂട്ടിച്ചേർത്തു. ലഡാക്ക് സന്ദർശനത്തിനു പോയ രാഹുൽ ചൊവ്വാഴ്ചയാണ് മടങ്ങിയെത്തിയത്. ഭൂപടത്തിൽ കാര്യമില്ലെന്നും ചൈനക്ക് അത്തരം ഭൂപടങ്ങൾ പുറത്തിറക്കുന്ന ഒരു ശീലമുണ്ടെന്നുമാണ് വിദേശികാര്യ മന്ത്രി എസ്. ജയശങ്കർ പ്രതികരിച്ചത്.

Tags:    
News Summary - "Entire Ladakh Knows...": Rahul Gandhi After China Releases New Map

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.