പ്രതീകാത്മക ചിത്രം
ബംഗളൂരു: കർണാടകയിലെ കടുത്ത വരൾച്ച സാഹചര്യം ചർച്ച ചെയ്യാനും അടിയന്തര പ്രതിരോധ നടപടികൾക്കുമായി തിങ്കളാഴ്ച അടിയന്തര മന്ത്രിസഭ യോഗം വിളിച്ച് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. വരൾച്ചയെത്തുടർന്ന് ചില പ്രദേശങ്ങളിൽ നിന്ന് ജനങ്ങൾ കൂട്ടത്തോടെ പലായനം ചെയ്യുന്നതായ റിപ്പോർട്ടുകൾ സർക്കാർ ഗൗരവത്തോടെയാണ് കാണുന്നതെന്നും മന്ത്രിസഭ യോഗം ദുരിതാശ്വാസ പദ്ധതികൾക്ക് രൂപം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
മന്ത്രിസഭ യോഗത്തിന് മുന്നോടിയായി സംസ്ഥാനത്തെ എല്ലാ ജില്ല കലക്ടർമാരുടെയും ജില്ല പഞ്ചായത്ത് സി.ഇ.ഒമാരുടെയും അവലോകന യോഗം വീഡിയോ കോൺഫറൻസിങ് വഴി നടക്കും. സംസ്ഥാനത്തെ അണക്കെട്ടുകളിലെ ജലശേഖരം നിലവിൽ കുടിവെള്ള ആവശ്യങ്ങൾക്കായി മാത്രമായി പരിമിതപ്പെടുത്തിയിരിക്കുകയാണെന്ന് ശിവകുമാർ അറിയിച്ചു. ജലാശയങ്ങളിലെ ജലനിരപ്പ് ഉയർന്നാൽ മാത്രമേ കൃഷിക്ക് വെള്ളം തുറന്നുവിടൂ. അതിനാൽ വെള്ളം ലഭിക്കുമെന്ന പ്രതീക്ഷയിൽ കർഷകർ വിത്തുപാകരുതെന്നും അദ്ദേഹം അഭ്യർഥിച്ചു.
കാവേരി നദീജലം വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാടും, തുംഗഭദ്ര ജലത്തിനായി മറ്റ് അയൽസംസ്ഥാനങ്ങളും കടുത്ത സമ്മർദം ചെലുത്തുന്നുണ്ട്. എന്നാൽ, അണക്കെട്ടുകളിൽ ആവശ്യത്തിന് വെള്ളമില്ലാത്ത സാഹചര്യത്തിൽ കർണാടകയുടെ കൃത്യമായ നിലപാട് പാർലമെന്റിൽ ജനപ്രതിനിധികൾ വഴി ഉന്നയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മെക്കദാതു പദ്ധതി കർണാടകയേക്കാൾ തമിഴ്‌നാടിനാണ് പ്രയോജനപ്പെടുകയെന്നും സുപ്രീംകോടതി നിർദേശപ്രകാരം സെൻട്രൽ വാട്ടർ കമീഷൻ വഴി കാര്യങ്ങൾ നീക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വരൾച്ച വിലയിരുത്തലിനായി കേന്ദ്രസംഘത്തെ അയക്കണമെന്ന് ആവശ്യപ്പെട്ട് ശിവകുമാർ നേരത്തേ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിരുന്നു.
അതേസമയം, ബിഡദിയിൽ നിർദിഷ്ട ഗ്രേറ്റർ ബംഗളൂരു ഇന്റഗ്രേറ്റഡ് ടൗൺഷിപ്പ് പ്രോജക്ടിനായി കർഷകരുടെ ഭൂമി ഏറ്റെടുക്കുന്നതിനെതിരെ ബി.ജെ.പിയും ജെ.ഡി.എസും പ്രഖ്യാപിച്ച പദയാത്രകൾ രാഷ്ട്രീയപ്രേരിതമാണെന്ന് ശിവകുമാർ വിമർശിച്ചു. ബിഡദിയിൽ വിവിധ കർഷക സംഘടനകളും സർക്കാറിനെതിരെ രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.