മധ്യപ്രദേശിൽ മുസ്‍ലിം വിദ്യാർഥിയെ വിവസ്ത്രനാക്കി ക്രൂരമായി മർദ്ദിച്ചു, മുറിവുകളിൽ മുളകും ഉപ്പും തേച്ചു; എട്ട് പേർ അറസ്റ്റിൽ
ഭോപ്പാൽ: മധ്യപ്രദേശിലെ സിയോനി ജില്ലയിൽ അന്യമതസ്ഥയായ പെൺകുട്ടിയുമായി ബന്ധം ആരോപിച്ചുള്ള ക്രൂരമായ അക്രമത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിന് പിന്നാലെ എട്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സിയോനി ഐ.ടി.ഐയിലെ ഇലക്ട്രീഷ്യൻ ട്രേഡ് വിദ്യാർത്ഥിയായ 20കാരൻ സൊഹൈൽ ഖാനാണ് ക്രൂരമായ ആൾക്കൂട്ട അക്രമത്തിന് ഇരയായത്. ഒരു മാസം മുൻപ് നടന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ കഴിഞ്ഞ ചൊവ്വാഴ്ച സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
പിയൂഷ് വിശ്വകർമ്മ, ലക്കി വിശ്വകർമ്മ, മൻജീത് റൈക്വാർ, സുഖ്‌ലാൽ എലിയാസ് ദാദു യാദവ്, ശുഭ് ചൗരെ, അഭിഷേക് യുകെയ്, ദീപക് ധുർവെ, അഭയ് യുകെയ് എന്നിവരെയാണസ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജൂൺ ഏഴിനാണ് സംഭവം നടന്നത്. സൊഹൈൽ ഖാൻ സുഹൃത്തുക്കളായ ആദിത്യ സുപ്ലെ, അഭിനയ് യാദവ് എന്നിവർക്കൊപ്പം ചുനാഭട്ടി ചൗക്കിലെ ചായക്കടയിൽ ഇരിക്കുമ്പോൾ അസ്മിത് മന ഠാക്കൂറും കൂട്ടാളികളും ബൈക്കിലെത്തി സൊഹൈലിനെ ബലമായി തട്ടിക്കൊണ്ടുപോവുകയായിരുന്നു. യാത്രയിലുടനീളം മർദ്ദിച്ച പ്രതികൾ, ആളൊഴിഞ്ഞ ഒരു പാടത്തേക്ക് കൊണ്ടുപോയി. അവിടെ കൂടുതൽ ആളുകൾ സംഘടിച്ചെത്തിയിരുന്നു.
തന്റെ സഹോദരിയോട് സംസാരിച്ചതിനെക്കുറിച്ച് അസ്മിത് ചോദ്യം ചെയ്തപ്പോൾ, ജനുവരിക്ക് ശേഷം സംസാരിച്ചിട്ടില്ലെന്ന് സൊഹൈൽ മറുപടി നൽകി. ഇതോടെ വടികളും ഇരുമ്പ് പൈപ്പുകളും ഇലക്ട്രിക്കൽ വയറുകളും ഉപയോഗിച്ച് സംഘം സൊഹൈലിനെ ക്രൂരമായി മർദ്ദിക്കാൻ തുടങ്ങി.
‘അശ്ലീല തെറികൾ വിളിച്ചുകൊണ്ട് രണ്ട് മണിക്കൂറോളം അവർ എന്നെ ക്രൂരമായി മർദ്ദിച്ചു. ഒരാൾ പൈപ്പുകൊണ്ട് അടിച്ച അടിയിൽ ഞാൻ നിലത്തുവീണു, പിന്നീട് എഴുന്നേൽക്കാൻ കഴിഞ്ഞില്ല. അവർ ദ്രാവക രൂപത്തിലുള്ള മുളകുപൊടിയും ഉപ്പും കരുതിയിരുന്നു. അസ്മിത് മന ഠാക്കൂർ അത് എന്റെ പുറത്തെ പരിക്കുകളിൽ തേച്ചുപിടിപ്പിച്ചു. ഇത് കടുത്ത വേദനക്കും പുകച്ചിലിനും കാരണമായി’- സൊഹൈൽ എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നു.
തുടർന്ന് പ്രതികൾ സൊഹൈലിനെ കോളജ് കാമ്പസിലേക്ക് കൊണ്ടുപോവുകയും, തർക്കത്തിന് കാരണമായ പെൺകുട്ടിയെ വിളിച്ചുവരുത്തി അവളോട് മാപ്പ് പറയിപ്പിക്കുകയും ചെയ്തു. ക്രൂരമായ മർദ്ദനത്തിന് പുറമെ, കത്തി കാണിച്ച് കൊലവിളി നടത്തുകയും, വിവരം പുറത്തുപറഞ്ഞാൽ കള്ള ലൈംഗിക പീഡനക്കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
ജീവഭയം കാരണം സൊഹൈൽ സംഭവം പൊലീസിൽ അറിയിച്ചിരുന്നില്ല. വീട്ടുകാരോട് മാത്രമാണ് വിവരം പറഞ്ഞത്. എന്നാൽ, കഴിഞ്ഞ ദിവസം അക്രമത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകമറിയുന്നത്. അടിവസ്ത്രം മാത്രം ധരിപ്പിച്ച നിലയിൽ സൊഹൈലിനെ വളഞ്ഞിട്ട് തല്ലുന്നതും, പുറത്തെ ചോര ഒലിക്കുന്ന പരിക്കുകളിലേക്ക് ചുവപ്പും വെളുപ്പും നിറത്തിലുള്ള മിശ്രിതം തേച്ചുപിടിപ്പിക്കുന്നതുമായ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്.
അതേസമയം, സൊഹൈൽ ഖാൻ കോളജിൽ തന്നോട് മോശമായി പെരുമാറിയെന്നും ഇസ്‍ലാം മതത്തിലേക്ക് മാറാൻ സമ്മർദ്ദം ചെലുത്തിയെന്നും ആരോപിച്ച് പെൺകുട്ടിയും രംഗത്തെത്തിയിട്ടുണ്ട്. താൻ വിവരം അറിയിച്ചതിനെ തുടർന്നാണ് വീട്ടുകാർ സൊഹൈലിനെ ചോദ്യം ചെയ്തതെന്നാണ് പെൺകുട്ടിയുടെ വാദം. ഇരുപക്ഷത്തിന്റെയും ആരോപണങ്ങളിൽ തെളിവുകൾ ലഭിച്ചിട്ടുണ്ടോ എന്ന് പൊലീസ് വ്യക്തമാക്കിയിട്ടില്ല. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.