തെരഞ്ഞെടുപ്പ് കശ്​മീർ പ്രശ്‌നത്തിന് പരിഹാരമല്ല -മെഹബൂബ മുഫ്​തി

ശ്രീനഗർ: മുൻ സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണപ്രദേശങ്ങളായി വിഭജിച്ച് തെരഞ്ഞെടുപ്പ് നടത്തുന്നത് കശ്​മീർ പ്രശ്‌നത്തിന് പരിഹാരമല്ലെന്ന് പി.ഡി.പി നേതാവും മുൻ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്​തി. ആർട്ടിക്കിൾ 370 റദ്ദാക്കിയതിനുശേഷം ജമ്മുകശ്​മീർ ആദ്യ തിരഞ്ഞെടുപ്പിന് സാക്ഷ്യം വഹിച്ചതിന് തൊട്ടുപിന്നാലെ അവർ രംഗത്തുവന്നത്. വോട്ടെടുപ്പ് നടത്തുന്നത് കശ്​മീരിലെ പ്രശ്‌നത്തിന് പരിഹാരമാകില്ല. കേന്ദ്രത്തിന്‍റെ 2019 ലെ തീരുമാനം റദ്ദാക്കാതിരിക്കുകയും പാകിസ്ഥാനുമായി സംഭാഷണം നടത്താതിരിക്കുകയും ചെയ്യുന്നിടത്തോളംകാലം പ്രശ്നം നിലനിൽക്കുമെന്നും മെഹബൂബ പറഞ്ഞു.


'പാകിസ്ഥാനുമായുള്ള കശ്മീർ പ്രശ്നം പരിഹരിക്കപ്പെടുന്നതുവരെ താഴ്വരയിലെ പ്രശ്നങ്ങൾ നിലനിൽക്കും. ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കുന്നതുവരെ പ്രശ്നം പരിഹരിക്കപ്പെടില്ല. മന്ത്രിമാർ വന്നുപോകും. തിരഞ്ഞെടുപ്പ് നടത്തുന്നത് പരിഹാരമല്ല'-മെഹബൂബ പറഞ്ഞു. ജില്ലാ വികസന കൗൺസിൽ (ഡി.ഡി.സി) തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പാർട്ടി തീരുമാനിച്ചതോടെ ജമ്മു കശ്മീരിൽ അടിച്ചമർത്തലിന്‍റെ അളവ് വർദ്ധിച്ചിട്ടുണ്ട്. ഗുപ്​കർ സ്ഥാനാർഥികളെ പ്രചാരണത്തിന്​ പുറത്തുപോകാൻ അനുവദിക്കുന്നില്ല. പിന്നെ അവർക്ക് എങ്ങനെ പ്രചാരണം നടത്താൻ കഴിയുമെന്നും അവർ ചോദിച്ചു.

എട്ട് ഘട്ടങ്ങളിലായാണ് ജമ്മുകശ്മീർ ഡിസ്ട്രിക്​ട് ഡെവലപ് മെന്‍റ് കൗൺസിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബർ 22ന് വോട്ടെണ്ണും. ശനിയാഴ്ച 43 നിയോജകമണ്ഡലങ്ങളിലാണ് (കശ്മീരിൽ 25, ജമ്മുവിൽ 18) വോട്ടെടുപ്പ് നടന്നത്. അർബൻ ലോക്കൽബോഡികളിലെ ഒഴിഞ്ഞുകിടക്കുന്ന 234 സീറ്റുകളിലേക്കും തെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് വോട്ടെടുപ്പ് നടത്തുന്നതെന്ന് തെരഞ്ഞെടുപ്പ് കമീഷണർ കെ.കെ ശർമ്മ അറിയിച്ചു. കനത്ത സുരക്ഷയിലാണ് ജമ്മുകശ് മീരിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നത് . തെരഞ്ഞെടുപ്പിൽ പി.ഡി.പി, പീപ്പിൾസ് കോൺഫറൻസ് , സി.പി.എം എന്നിവർ ഒരുമിച്ചാണ് മൽസരിക്കുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.