ചണ്ഡീഗഡ്: ഉപതെരഞ്ഞെടുപ്പ് പ്രക്രിയയിൽ ഇടപെട്ടെന്നാരോപിച്ച് തരൺ തരൺ സീനിയർ പൊലീസ് സൂപ്രണ്ട് (എസ്.എസ്.പി) റാവ്‌ജോത് കൗർ ഗ്രേവാളിനെ സസ്‌പെൻഡ് ചെയ്യാൻ തെരഞ്ഞെടുപ്പ് കമീഷൻ ശനിയാഴ്ച ഉത്തരവിട്ടു.
നവംബർ 11 ന് നടക്കുന്ന തരൺ തരൺ നിയമസഭ ഉപതെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് നടപടി. ശിരോമണി അകാലിദൾ (എസ്.എ.ഡി) പ്രസിഡന്റ് സുഖ്‌ബീർ സിങ് ബാദൽ തെരഞ്ഞെടുപ്പ് കമീഷൻ നിയമിച്ച നിരീക്ഷകനെ കണ്ട് ഭരണകക്ഷിയായ ആം ആദ്മി പാർട്ടിയെ സഹായിക്കാൻ എസ്.എസ്.പി അധികാര ദുർവിനിയോഗം നടത്തിയെന്ന് ആരോപിച്ച് രേഖാമൂലം പരാതി നൽകി.
അമൃത്സർ പൊലീസ് കമീഷണർ ഗുർപ്രീത് സിങ് ഭുള്ളറിന് തരൺ തരൺ എസ്.എസ്.പിയുടെ അധിക ചുമതല നൽകിയതായി തെരഞ്ഞെടുപ്പ് കമീഷൻ അറിയിച്ചു. ഉപതെരഞ്ഞെടുപ്പ് പ്രക്രിയയെ സ്വാധീനിക്കാൻ ആം ആദ്മി സർക്കാർ സംസ്ഥാന പൊലീസിനെ ഉപയോഗിക്കുന്നുണ്ടെന്ന് എസ്.എ.ഡി ആരോപിച്ചു.
ഉപതെരഞ്ഞെടുപ്പിന് മുമ്പ് തരൺ തരണിലെ പാർട്ടി പ്രവർത്തകരെയും നേതാക്കളെയും പൊലീസ് ഉദ്യോഗസ്ഥർ ‘നിർബന്ധിതമായി കസ്റ്റഡിയിലെടുത്തു’ എന്ന് എസ്.എ.ഡി പരാതിയിൽ പറയുന്നു.സ്ഥാനാർഥിയായ സുഖ്‌വീന്ദർ കൗർ രൺധാവയെയും അവരുടെ കുടുംബാംഗങ്ങളെയും എസ്.എ.ഡി അനുയായികളെയും ലക്ഷ്യമിട്ട് സർക്കാർ സംവിധാനം ദുരുപയോഗം ചെയ്യുന്നതായും ആരോപിച്ചു.
പതിനഞ്ച് സ്ഥാനാർഥികളാണ് ഈ സ്ഥാനത്തേക്ക് മത്സരിക്കുന്നത്. ശിരോമണി അകാലിദളിലെ സുഖ്‌വീന്ദർ കൗർ, ബി.ജെ.പിയിലെ ഹർജീത് സിങ് സന്ധു, ആം ആദ്മി പാർട്ടിയിലെ ഹർമീത് സിങ് സന്ധു, കോൺഗ്രസിലെ കരൺബീർ സിങ് എന്നിവർ ഇതിൽ ഉൾപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.