മോദി-ബിൽഗേറ്റ്സ് അഭിമുഖം സംപ്രേഷണം ചെയ്യുന്നതിനെതിരെ തെരഞ്ഞെടുപ്പ് കമീഷൻ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽഗേറ്റ്സും തമ്മിലുള്ള കൂടിക്കാഴ്ച സംപ്രേഷണം ചെയ്യാനുള്ള പ്രസാർ ഭാരതിയുടെ നീക്കത്തിനെതിരെ തെരഞ്ഞെടുപ്പ് കമീഷൻ. മാർച്ച് 29ന് നടന്ന പരിപാടി കാണിക്കാനായിരുന്നു പ്രസാർ ഭാരതിയുടെ നീക്കം. ഇതിനെതിരെയാണ് തെരഞ്ഞെടുപ്പ് കമീഷൻ രംഗത്തെത്തിയിരിക്കുന്നത്. ഇക്കാര്യം തെരഞ്ഞെടുപ്പ് കമീഷൻ അനൗദ്യോഗികമായി പ്രസാർഭാരതി​യെ അറിയിച്ചുവെന്നാണ് റിപ്പോർട്ട്. ഇക്കണോമിക് ടൈംസാണ് ഇതുസംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തത്.

മോദിയും ബിൽഗേറ്റ്സും തമ്മിൽ 45 മിനിറ്റ് ദൈർഘ്യമുള്ള കൂടിക്കാഴ്ചയാണ് മാർച്ച് 29ന് നടത്തിയത്. ഇത് ഇപ്പോൾ സംപ്രേഷണം ചെയ്യാനാണ് ​പ്രസാർ ഭാരതി ഒരുങ്ങുന്നത്.എന്നാൽ, ഇക്കാര്യത്തിൽ ഔദ്യോഗികമായ നിർദേശങ്ങളൊന്നും തെരഞ്ഞെടുപ്പ് കമീഷൻ നൽകിയിട്ടില്ലെന്നാണ് സൂചന. എന്നാൽ, പരിപാടി സംപ്രേഷണം ചെയ്യാൻ അനുമതി തേടി പ്രസാർ ഭാരതി അയച്ച ഇമെയിലിന് കമീഷൻ മറുപടി നൽകിയിട്ടില്ല. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനിടെ പരിപാടിയുടെ സംപ്രേഷണം അനുചിതമാകുമെന്ന് കമീഷൻ അനൗദ്യോഗികമായി അറിയിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിക്കപ്പെട്ടാൽ നടപടിയുണ്ടാകുമെന്ന സൂചനയും നൽകിയിട്ടുണ്ട്.

അതേസമയം, തെരഞ്ഞെടുപ്പ് കമീഷന്റെ മുന്നറിയിപ്പിന് പിന്നാലെ പരിപാടി സംപ്രേഷണം ചെയ്യാനുള്ള നീക്കം പ്രസാർഭാരതി ഉപേക്ഷിച്ചതായുള്ള റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്. ആൾ ഇന്ത്യ റേഡിയോയുടേയും ദൂരദർശന്റേയും ഉടമസ്ഥരായ പ്രസാർഭാരതി ബി.ജെ.പി അനുകൂല നിലപാടുകളുടെ പേരിൽ നിരവധി തവണ വിവാദത്തിലായിട്ടുണ്ട്.

തെരഞ്ഞെടുപ്പുകാലത്ത് കേരളത്തെ കുറിച്ച് വിദ്വേഷം പ്രചരിപ്പിക്കുന്ന കേരള സ്റ്റോറിയെന്ന സിനിമ സംപ്രേഷണം ചെയ്ത് പ്രസാർ ഭാരതിയുടെ ഉടമസ്ഥതയിലുള്ള ദൂരദർശൻ വിവാദത്തിലായിരുന്നു. ബി.ജെ.പിയുടെ ആശങ്ങൾ പ്രചരിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് സിനിമ സംപ്രേഷണം ചെയ്യുന്നതെന്ന് ആരോപിച്ച് കേരളത്തിലെ ഇടത്-വലത് മുന്നണികൾ വലിയ പ്രതിഷേധം ഉയർത്തിയിരുന്നു. ഇരു മുന്നണികളിലും ഇതുസംബന്ധിച്ച് തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകുകയും ചെയ്തിരുന്നു.

Tags:    
News Summary - Election Commission nudges Prasar Bharati against airing PM Modi-Bill Gates interaction

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.