കൊൽക്കത്ത: മേയ് നാല് വോട്ടെണ്ണൽ ദിവസത്തിൽ പശ്ചിമബംഗാളിൽ നിരീക്ഷകരുടെ എണ്ണം വർധിപ്പിച്ച് തിരഞ്ഞെടുപ്പ് കമീഷൻ. ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളിൽ (ഇ.വി.എം) അട്ടിമറി നടക്കാൻ സാധ്യതയുണ്ടെന്ന തൃണമൂൽ കോൺഗ്രസിന്റെ കടുത്ത ആരോപണങ്ങൾക്കിടയിലാണ് കമീഷന്റെ നടപടി ശക്തമാക്കുന്നത്. 165 അഡീഷനൽ കൗണ്ടിങ് നിരീക്ഷകരെയും 77 പോലീസ് നിരീക്ഷകരെയുമാണ് പുതുതായി നിയോഗിച്ചത്.
ഭരണഘടനയുടെ 324-ാം അനുച്ഛേദവും 1951ലെ ജനപ്രാതിനിധ്യ നിയമവും നൽകുന്ന സവിശേഷ അധികാരം ഉപയോഗിച്ചാണ് കമ്മീഷന്റെ നടപടി. ഒന്നിലധികം വോട്ടെണ്ണൽ ഹാളുകളുള്ള 165 മണ്ഡലങ്ങളിലാണ് അഡീഷനൽ നിരീക്ഷകരുടെ സേവനം ലഭ്യമാക്കുക. വോട്ടെണ്ണൽ കേന്ദ്രങ്ങൾക്ക് പുറത്തെ ക്രമസമാധാന ചുമതലയും പൊലീസ് നിരീക്ഷകർക്കായിരിക്കും. എന്നാൽ ഇവർക്ക് വോട്ടെണ്ണൽ ഹാളിനുള്ളിൽ പ്രവേശനമുണ്ടാകില്ല.
ഇ.വി.എമ്മുകളിൽ തിരിമറി നടത്താൻ സാധ്യതയുണ്ടെന്ന് മുഖ്യമന്ത്രി മമത ബാനർജി ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു. സ്‌ട്രോങ് റൂമുകൾക്ക് മുന്നിൽ 24 മണിക്കൂറും ജാഗ്രത പാലിക്കാൻ പാർട്ടി പ്രവർത്തകർക്ക് മമത നിർദേശം നൽകിയിരുന്നു. കൊൽക്കത്തയിലെ ഒരു സ്‌ട്രോങ് റൂം നേരിട്ട് സന്ദർശിക്കുകയും ചെയ്തു. സി.സി.ടി.വി കാമറകൾ പ്രവർത്തിക്കുന്നില്ലെന്നും അനധികൃതമായി ആളുകൾ സ്‌ട്രോങ് റൂമിന് സമീപം എത്തുന്നുണ്ടെന്നും തൃണമൂൽ കോൺഗ്രസ് ആരോപിച്ചു. എന്നാൽ ഈ ആരോപണങ്ങൾ ബി.ജെ.പി തള്ളികളയുകയാണ് ഉണ്ടായത്.
വോട്ടെണ്ണൽ കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം കർശനമായി നിയന്ത്രിക്കുമെന്ന് തെരഞ്ഞെടുപ്പ് കമീഷൻ പറഞ്ഞു. കൗണ്ടിങ് ഉദ്യോഗസ്ഥർക്കും ഏജന്റുമാർക്കും ക്യു.ആർ കോഡ് രേഖപ്പെടുത്തിയ ഡിജിറ്റൽ ഫോട്ടോ ഐഡന്റിറ്റി കാർഡുകൾ നിർബന്ധമാക്കി. റിട്ടേണിങ് ഓഫിസർക്കും നിരീക്ഷകർക്കും മാത്രമാണ് ഹാളിനുള്ളിൽ മൊബൈൽ ഫോൺ ഉപയോഗിക്കാൻ അനുമതിയുള്ളത്. ഓരോ ടേബിളിലും മൈക്രോ ഒബ്സർവർമാരുടെ സാന്നിധ്യമുണ്ടാകും. ഓരോ റൗണ്ട് വോട്ടെണ്ണലിന് ശേഷവും ഫലം ഒത്തുനോക്കി കൃത്യത ഉറപ്പുവരുത്തും.
അക്രമസംഭവങ്ങളെയും ക്രമക്കേടുകളെയും തുടർന്ന് സൗത്ത് 24 പർഗാനാസ് ജില്ലയിലെ 15 ബൂത്തുകളിൽ നിലവിൽ പുനർവോട്ടെടുപ്പ് നടന്നുകൊണ്ടിരിക്കുകയാണ്. ഏപ്രിൽ 23, 29 തീയതികളിലായി രണ്ട് ഘട്ടങ്ങളിലായാണ് ബംഗാളിലെ 294 സീറ്റുകളിലേക്ക് വോട്ടെടുപ്പ് നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.