വിക്ടോറിയ: കിഴക്കൻ ആഫ്രിക്കൻ ദ്വീപ് രാജ്യമായ സീഷെൽസുമായി ഇന്ത്യ 19 ധാരണപത്രങ്ങളിൽ ഒപ്പിട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രണ്ടുദിവസത്തെ സന്ദർശനത്തിനിടെ സീഷെൽസ് പ്രസിഡന്റ് പാട്രിക് ഹെർമിനിയുമായി നടത്തിയ ചർച്ചകൾക്കൊടുവിലാണ് വിവിധ മേഖലകളിൽ സഹകരണത്തിന് ധാരണപത്രങ്ങളിൽ ഒപ്പിട്ടത്. പ്രതിരോധം, സമുദ്രസുരക്ഷ, ഡിജിറ്റൽ പേയ്മെന്റ്, ബഹിരാകാശം, ആരോഗ്യം, കൃഷി, വിദ്യാഭ്യാസം, കുറ്റവാളികളെ കൈമാറൽ, വായ്പ, നാവികരുടെ പരിശീലനം, ഇന്ത്യൻ മരുന്നുകളുടെ കയറ്റുമതി തുടങ്ങിയ മേഖലകളിലാണ് സഹകരണം.
സീഷെൽസ് പ്രതിരോധ സേനക്ക് ഇന്ത്യ അതിവേഗ നിരീക്ഷണ കപ്പലും ബോട്ടുകളും യൂട്ടിലിറ്റി വാഹനങ്ങളും നൽകും. ആറ് ആംബുലൻസുകൾ, 500 മെട്രിക് ടൺ അരി, 8,500 മെട്രിക് ടൺ സിമന്റ് എന്നിവയും ഇന്ത്യ സീഷെൽസിന് കൈമാറി. സുഷമ സ്വരാജ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ സർവിസും സീഷെൽസ് വിദേശകാര്യ മന്ത്രാലയവും തമ്മിൽ നയതന്ത്ര പരിശീലനവുമായി ബന്ധപ്പെട്ട ധാരണയിൽ ഒപ്പുവെച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 50-ാം വാർഷികത്തോടനുബന്ധിച്ചാണ് പ്രധാനമന്ത്രിയുടെ സന്ദർശനം. നരേന്ദ്ര മോദിക്ക് സീഷെൽസ് ‘ഗാർഡിയൻ ഓഫ് ദ ബ്ലൂ ഹൊറൈസൺ’ ബഹുമതി സമ്മാനിച്ചു. സീഷെൽസ് ആദ്യമായി നൽകുന്ന ബഹുമതി കൂടിയാണിത്. തിങ്കളാഴ്ച സീഷെൽസ് സുവർണ ജൂബിലി ദേശീയ ദിനാഘോഷത്തിൽ മോദി വിശിഷ്ടാതിഥിയായി പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.