‘അഴിമതി ആരോപണം, അപകീർത്തികരമായ പരാമർശം’; ടി.വി.കെ മന്ത്രിമാർക്ക് മാനനഷ്ടത്തിന് നോട്ടീസ് അയച്ച് സ്റ്റാലിന്റെ മരുമകൻ

ചെന്നൈ: തമിഴക വെട്രി കഴകം (ടി.വി.കെ) സർക്കാറിലെ രണ്ട് മന്ത്രിമാർക്കെതിരെ മാനനഷ്ടത്തിന് നോട്ടീസ് അയച്ച് മുൻ മുഖ്യമന്ത്രിയും ഡി.എം.കെ നേതാവുമായ എം.കെ. സ്റ്റാലിന്റെ മരുമകനും വ്യവസായിയുമായ ശബരീശൻ. മന്ത്രിമാരായ ആധവ് അർജുന, സി.ടി.ആർ. നിർമൽ കുമാർ എന്നിവർക്കെതിരെയാണ് നോട്ടീസ് അയച്ചത്.

ശബരീശനെതിരെ അടിസ്ഥാനരഹിതവും അപകീർത്തികരവുമായ പരാമർശങ്ങൾ നടത്തിയെന്ന് ആരോപിച്ചാണ് നോട്ടീസ്. മന്ത്രിമാർ നടത്തിയ അപകീർത്തികരമായ പരാമർശങ്ങൾ പിൻവലിച്ച് 15 ദിവസത്തിനകം മാപ്പ് പറയണമെന്നും, അല്ലെങ്കിൽ നിയമ നടപടി സ്വീകരിക്കുമെന്നും അഭിഭാഷകൻ മുഖേന അയച്ച നോട്ടീസിൽ ആവശ്യപ്പെടുന്നു.

ഒരു മാധ്യമ അഭിമുഖത്തിനിടെ അടിസ്ഥാന രഹിതമായ അഴിമതി ആരോപണങ്ങൾ ഉന്നയിച്ചതായി ആധവ് അർജുനക്ക് അയച്ച നോട്ടീസിൽ പറയുന്നു. മുൻ സർക്കാറിന്റെ 36 വകുപ്പുകളിലും അഴിമതിയിലൂടെ ഡി.എം.കെ മന്ത്രിമാർ പണം പിരിച്ചതായും 16 വകുപ്പുകളിൽനിന്ന് വീതം ഉദയനിധി സ്റ്റാലിനും ശബരീശനുമായി പണം നൽകിയതായും ആധവ് അർജുന ആരോപിക്കുകയായിരുന്നു. ഭരണാധികാരം ദുരുപയോഗം ചെയ്ത് വലിയ തോതിൽ അനധികൃത സ്വത്ത് സമ്പാദിച്ചു എന്ന് സൂചിപ്പിക്കുന്ന തരത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. സമീപകാല രാഷ്ട്രീയ വിവാദങ്ങൾക്കിടെ മന്ത്രിമാർ ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാനരഹിതവും തന്റെ വ്യക്തി -തൊഴിൽ പ്രതിച്ഛായയെ തകർക്കുന്നതുമാണെന്നാണ് ശബരീശന്റെ വാദം. ഈ പ്രസ്താവനകൾ പൊതുവേദികളിലും സാമൂഹിക മാധ്യമങ്ങളിലുമായി വ്യാപകമായി പ്രചരിപ്പിച്ചതായും നോട്ടീസിൽ പറയുന്നു.

അതേസമയം, ഡി.എം.കെ സർക്കാറിന്റെ കാലത്ത് വൈദ്യുതി നിരക്ക് വർധനയുമായി ബന്ധപ്പെട്ട് ശബരീശൻ സാമ്പത്തിക നേട്ടമുണ്ടാക്കിയെന്ന ആരോപണത്തിനാണ് സി.ടി.ആർ. നിർമൽ കുമാറിനെതിരെ നോട്ടീസ് അയച്ചത്. നിശ്ചിത സമയപരിധിക്കുള്ളിൽ മാപ്പ് പറയുകയോ ആരോപണങ്ങൾ പിൻവലിക്കുകയോ ചെയ്തില്ലെങ്കിൽ സിവിൽ, ക്രിമിനൽ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് ശബരീശന്റെ അഭിഭാഷകർ മുന്നറിയിപ്പ് നൽകി. അതേസമയം, വിഷയത്തിൽ ടി.വി.കെ മന്ത്രിമാർ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

Tags:    
News Summary - MK Stalins Son In Law Sends Notices To 2 TVK Ministers Over Defamation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.