വാടകക്കാരി ഒഴിയാൻ കൂട്ടാക്കിയില്ല; ഉടമസ്ഥർ ഒരാഴ്ചയായി ഫ്ലാറ്റിലെ ഗോവണിയിൽ

ന്യൂഡൽഹി: വാടകക്കാരി ഫ്ലാറ്റ് ഒഴിയാൻ തയാറാകാത്തതിനാൽ ഉടമസ്ഥരായ ദമ്പതികൾ ഒരാഴ്ചയായി ഗോവണിയിൽ കഴിയുകയാണ്. സുനിൽ കുമാറും രാഖി ഗുപ്‍തയുമാണ് ഒരാഴ്ചയായി വീട്ടു സാധനങ്ങളുമായി ഫ്ലറ്റിന്റെ ഗോവണിയിൽ കഴിയുന്നത്.

ഗ്രേറ്റർ നോയ്ഡ സെക്ടർ 16ബിയിൽ ശ്രീ രാധ സ്കൈ ഗാർഡൻ സൊ​സൈറ്റിയിൽ 15ാം നിലയിലെ ഫ്ലാറ്റിന്റെ ഉടമസ്ഥരാണിവർ. ഈ ഫ്ലാറ്റ് അവർ വാടകക്ക് കൊടുത്തിരിക്കുകയായിരുന്നു. എന്നാൽ ഒരു മാസം മുമ്പ് വാടക കരാർ അവസാനിച്ചു. 2021 ജൂലൈയിലാണ് ദമ്പതികൾ 11 മാസത്തേക്ക് പ്രീതി എന്ന സ്ത്രീക്ക് ഫ്ലാറ്റ് വാടകക്ക് കൊടുത്തത്. ഫ്ലാറ്റി​ലേക്ക് താമസം മാറേണ്ടതിനാൽ ഒഴിഞ്ഞു തരണമെന്ന് രണ്ടു മാസം മുമ്പേ വാടകക്കാരിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ പ്രീതി അതിനു മറുപടി നൽകിയില്ല. കഴിഞ്ഞ മേയിൽ വീണ്ടും ഇക്കാര്യം പറഞ്ഞ് മെസേജ് അയച്ചപ്പോൾ ഇവിടേക്ക് വരാനും മറ്റൊരു വീട് വാടകക്ക് എടുത്തു തരാമെന്നുമാണ് പ്രീതി പ്രതികരിച്ചത്. അതിനു ശേഷം നിരവധി തവണ ഫോണിൽ വിളിച്ചിട്ടും പ്രീതി പ്രതികരിച്ചതേയില്ലെന്ന് രാഖി ഗുപ്ത മാധ്യമങ്ങളോട് പറഞ്ഞു.

മുംബൈയിൽ ഭാരത് പെട്രോളിയം കോർപറേഷനിലായിരുന്നു കുമാറിന് ജോലി. മാർച്ചിൽ വിരമിച്ച ശേഷം നോയിഡയിലെ ഫ്ലാറ്റിലേക്ക് താമസം മാറാൻ തീരുമാനിക്കുകയായിരുന്നു. അതുവരെ ബന്ധുക്കളുടെ കൂടെയാണ് താമസിച്ചിരുന്നത്.

വാടക കാലാവധി ജൂൺ 10ന് അവസാനിച്ചെങ്കിലും യുവതി ഫ്ലാറ്റ് ഒഴിയുന്നില്ലെന്ന് ദമ്പതികൾ പറയുന്നു. ഏപ്രിൽ 19ന് ഫ്ലാറ്റ് ഒഴിയണമെന്നാവശ്യപ്പെട്ട് യുവതിക്ക് കത്തയച്ചതാണ്. അന്നവർ അത് ശരിവെച്ചു. അതനുസരിച്ച് സാധനങ്ങളുമായി ഫ്ലാറ്റിൽ താമസിക്കാൻ ചെന്നപ്പോഴാണ് യുവതി ഒഴിയാൻ കൂട്ടാക്കാത്തത്.

ജൂലൈ 19ന് ഭാര്യ വീണ്ടും അവരെ കണ്ടു. ഫ്ലാറ്റ് ഒഴിയാമെന്ന് അവർ ഉറപ്പു നൽകിയതുമാണ്. രണ്ടുമണിക്കൂറിനു ശേഷം ഞങ്ങളുടെ വീട്ടിൽ കയറാൻ അനുവദിക്കില്ലെന്നു കാണിച്ച് യുവതി മെസേജ് അയക്കുകയായിരുന്നുവെന്ന് കുമാർ പറയുന്നു. താനാണ് ഫ്ലാറ്റിന്റെ ഉടമ എന്നാണ് യുവതി ആവർത്തിക്കുന്നത്. അത് തങ്ങളെ തകർത്തു കളഞ്ഞുവെന്നും ദമ്പതികൾ പറയുന്നു. ഫ്ലാറ്റിന്റെ ഉടമസ്ഥാവകാശത്തിനായി യുവതി എന്തെങ്കിലും വ്യാജ രേഖകൾ ഒപ്പിച്ചിട്ടുണ്ടാകുമോ എന്ന ഭീതിയും അവർ പങ്കുവെച്ചു.

പൊലീസിൽ പരാതി നൽകിയതനുസരിച്ച് ഫ്ലാറ്റ് സന്ദർശിച്ച ഓഫിസർമാർ വാടകക്കാരിയോട് സ്റ്റേഷനിൽ ഹാജരാകാൻ നിർദേശിച്ചിരുന്നു. എന്നാൽ അതനുസരിക്കാനും യുവതി തയാറായില്ല. പരാതിയുമായി പൊലീസ് കമ്മീഷണറെ സമീപിച്ചു. കേസ് തീർപ്പാകാൻ എത്ര കാലമെടുക്കുമെന്നറിയാതെ വിഷമിക്കുകയാണ് ദമ്പതികൾ. 

Tags:    
News Summary - Elderly Couple Forced To Live On Stairs After Tenant Refuses To Vacate Noida Flat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.