നികുതി കുടിശ്ശിക നോട്ടീസുമായി പ്രിൻസ് സുമനും കുടുംബവും


മധ്യപ്രദേശിലെ മുട്ട വിൽപനക്കാരനെ തേടിയെത്തിയത് 6 കോടിയുടെ നികുതി കുടിശ്ശിക നോട്ടീസ്; അന്തംവിട്ട് കുടുംബം

ഭോപ്പാൽ: ജി.എസ്ടി. പിരിക്കുന്ന സെൻട്രൽ എക്സൈസ് ആൻഡ് കസ്റ്റംസ് ഡിപ്പാർട്ട്‌മെന്റിൽ നിന്ന് 6 കോടി രൂപയുടെ നികുതി കുടിശ്ശിക നോട്ടീസ് കണ്ട് ഹൃദയം തകർന്നിരിക്കുകയാണ് ദാമോ ജില്ലയിലെ മുട്ട വിൽപ്പനക്കാരനായ പ്രിൻസ് സുമൻ. കുടിശ്ശിക വരുത്തിയ ഡൽഹി ആസ്ഥാനമായുള്ള ഒരു സ്ഥാപനം പ്രിൻസ് സുമന്റെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് അധികൃതരുടെ അറിയിപ്പ്.

നോട്ടീസ് അനുസരിച്ച്, 2022ൽ ഡൽഹിയിലെ 33ാം വാർഡിൽ ‘പ്രിൻസ് എന്റർപ്രൈസസ്’ എന്ന സ്ഥാപനം ആരംഭിച്ചു. ഈ കമ്പനി 2022-23 മുതൽ 2023-2024 വരെ തുകൽ, മരം, ഇരുമ്പ് എന്നിവ വ്യാപാരം ചെയ്ത് 50 കോടിയോളം രൂപയുടെ ബിസിനസ്സ് നടത്തിയെങ്കിലും ജി.എസ്.ടി അടച്ചില്ല. ഇത് മൊത്തം 6 കോടി രൂപയുണ്ടായിരുന്നു.

വിചിത്രമായ കാര്യം, ദാമോയിലെ പത്താരിയ നഗറിലെ വാർഡ് നമ്പർ 14ൽ താമസിക്കുന്ന പ്രിൻസ് സുമന്റെ പേരിലായിരുന്നു സ്ഥാപനം രജിസ്റ്റർ ചെയ്തത് എന്നതാണ്. എന്നാൽ, താൻ ഒരിക്കലും ഡൽഹിയിൽ പോയിട്ടില്ലെന്ന് പ്രിൻസ് പറയുന്നു. 2023ൽ ഒരു തൊഴിലാളിയായി ജോലി ചെയ്യാൻ ഇൻഡോറിൽ പോയിരുന്നെങ്കിലും അന്ന് തന്റെ പാൻ, ആധാർ വിശദാംശങ്ങൾ ആരുമായും പങ്കിട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

സി.ബി.ഇ.സി വകുപ്പ് പ്രിൻസിനോട് ബാങ്ക് സ്റ്റേറ്റ്‌മെന്റുകളും മറ്റ് അനുബന്ധ രേഖകളും ആവശ്യപ്പെട്ടതിനെ തുടർന്ന് ആശങ്കയിലാണ് ഈ കുടുംബം. ഒരു ചെറിയ പലചരക്ക് കട നടത്തുന്ന പ്രിൻസിന്റെ പിതാവ് ശ്രീധർ സുമൻ ഇക്കാര്യം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പൊലീസ് സൂപ്രണ്ടിന് കത്തെഴുതി. വിവരം ലഭിച്ചതിനെത്തുടർന്ന് ആദായനികുതി വകുപ്പിനും കത്തു നൽകി.

മുട്ട വിൽപ്പനക്കാരനായ പ്രിൻസിനെതിരെ നടന്ന ഗൂഢാലോചന പുറത്തുകൊണ്ടുവരുന്നതിനായി പൊലീസിലും പരാതിയും നൽകിയിട്ടുണ്ട്. പ്രിൻസ് 2023 ൽ ഇൻഡോറിൽ തൊഴിലാളിയായി ജോലിക്ക് പോയിരുന്നു. ഒരു വർഷത്തോളം അവിടെ ജോലി ചെയ്തു. ഇപ്പോൾ പത്താരിയ നഗറിൽ മുട്ട വണ്ടി നടത്തിയാണ് അദ്ദേഹം കുടുംബം പുലർത്തുന്നത് എന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ അഭിലാഷ് ഖരെ പറഞ്ഞു.

Tags:    
News Summary - Egg vendor gets Rs 6 crore GST notice in MPs Damoh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.