മുഡ ഭൂമി അഴിമതി: സിദ്ധരാമയ്യയുടെ ഭാര്യക്ക് ഇ.ഡി നോട്ടീസ്

ന്യൂഡൽഹി: മുഡ ഭൂ ഭൂമി അഴിമതിയുമായി ബന്ധപ്പെട്ട് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഭാര്യക്ക് ഇ.ഡി നോട്ടീസ്. ബി.എം പാർവതിക്കും നഗരവികസന മന്ത്രി ഭ്യാരതി സുരേഷിനുമാണ് നോട്ടീസ്. സിദ്ധരാമയ്യയാണ് കേസിലെ ഒന്നാം പ്രതി. കർണാടകയിലെ മുഡ ഭൂ ഭൂമിയിടപാടിൽ 2024ലാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം തുടങ്ങിയത്.

ഡിസംബറിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ലോകായുക്തക്ക് കത്തയച്ചിരുന്നു. വലിയ അഴിമതിയാണ് മുഡ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് നടന്നതെന്ന് ഇ.ഡി ലോകായുക്തക്ക് അയച്ച കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. 700 കോടിയുടെ അഴിമതി മുഡ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് നടന്നതെന്നാണ് ഇ.ഡി പറയുന്നത്.

നേരത്തെ ലോകായുക്തയെ മറികടന്നാണ് കേസിൽ ഇ.ഡി അന്വേഷണം ഏറ്റെടുത്തതെന്ന വിമർശനവുമായി സിദ്ധരാമയ്യ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ ഇക്കാര്യത്തിൽ വലിയ വിമർശനം കോൺഗ്രസ് നേതൃത്വവും ഉന്നയിച്ചിരുന്നു.

കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ഭാര്യയും ഉൾപ്പെട്ട മുഡ കേസിൽ ലോകായുക്ത പൊലീസ് ബംഗളൂരുവിലെ പ്രത്യേക കോടതിയിൽ കഴിഞ്ഞ ദിവസം റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ജനുവരി 27ന് കോടതി വാദം കേൾക്കുന്നതിന് മുന്നോടിയായാണ് റിപ്പോർട്ട് സമർപ്പിച്ചത്.

വാദം കേൾക്കുന്നതിന് ഒരു ദിവസം മുമ്പ് റിപ്പോർട്ട് സമർപ്പിക്കാനാണ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ, ജനുവരി 25 നാലാം ശനിയാഴ്ചയും കോടതി അവധിയും ആയതിനാൽ ലോകായുക്ത പൊലീസ് ജനുവരി 24ന് സമർപ്പിച്ചതായി വൃത്തങ്ങൾ പറയുന്നു. ലോകായുക്ത റിപ്പോർട്ടിലെ ഉള്ളടക്കം പുറത്ത് വന്നിട്ടില്ല.

സിദ്ധരാമയ്യക്കും മറ്റുള്ളവർക്കുമെതിരെ 2024 സെപ്റ്റംബർ 27ന് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിന്‍റെ അടിസ്ഥാനത്തിലാണ് കേസ്. വിവരാവകാശ പ്രവർത്തക സ്നേഹമയി കൃഷ്ണയുടെ പരാതിയെ തുടർന്ന് ബംഗളൂരുവിലെ പ്രത്യേക കോടതി സെപ്റ്റംബർ 25ന് മൈസൂരിലെ ലോകായുക്ത പൊലീസിനോട് അന്വേഷണം നടത്താൻ ഉത്തരവിട്ടിരുന്നു.

Tags:    
News Summary - ED's notice to Siddaramaiah's wife, Karnataka minister over Muda land scam case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.