കള്ളപ്പണം: സാകിർ നായികിൻെറ സഹോദരിയെ ചോദ്യം ചെയ്യുന്നു

മുംബൈ: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ സമന്‍സിനെ തുടര്‍ന്ന് ഹാജരായ ഡോ. സാകിര്‍ നായികിന്റെ സഹോദരി നൈല നൂറാനിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ചോദ്യംചെയ്യുന്നു. ദക്ഷിണ മുംബൈയിലെ ബല്ലാര്‍ഡ് എസ്‌റ്റേറ്റിലുള്ള വെസ്‌റ്റേണ്‍ റീജ്യണ്‍ ആസ്ഥാനത്ത് വെച്ചാണ് ചോദ്യം ചെയ്യല്‍. സാക്കിര്‍ നായികിന്റെ റിയല്‍ എസ്‌റ്റേറ്റ് കമ്പനിയായ ലോങ്‌ലാസ്റ്റ് കണ്‍സ്ട്രക്ഷന്‍സ് പ്രൈവറ്റ് ലിമിറ്റഡില്‍ ഡയറക്ടറാണ് നൈല നൂറാനി.

നിഷ്‌ക്രിയമായ ഈ കമ്പനി അക്കൗണ്ടില്‍ നടന്ന 25 കോടി രൂപയുടെ ഇടപാടുമായി ബന്ധപ്പെട്ടാണ് ഇ.ഡി ഇവരെ ചോദ്യംചെയ്യുന്നത്. പുറമെ പണമിടപാടിനും മറ്റുമായി ഉണ്ടാക്കിയ അഞ്ചോളം ഷെല്‍ കമ്പനികളിലും സൈനല നൂറാനി ഡയറക്ടറാണെന്ന് ഇ.ഡി ആരോപിക്കുന്നു. ഇതെ വിഷയത്തിൽ നൈലയെ മൂന്ന് തവണ നേരത്തേ എന്‍.ഐ.എയും ചോദ്യം ചെയ്തിരുന്നു. ഡല്‍ഹി കാര്യാലയത്തിൽ വെച്ചായിരുന്നു ചോദ്യം ചെയ്യല്‍. തന്റെ ഡയറക്ടര്‍ പദവി രേഖകളില്‍ മാത്രമാണെന്നും തീരുമാനങ്ങളും ഇടപാടുകളും നടത്തിയത് സഹോദരന്‍ സാകിര്‍ നായികാണെന്നുമാണ് നൂറാനി എന്‍.ഐ.എക്ക് മൊഴി നല്‍കിയത്. 

ആവശ്യപ്പെട്ടപ്പോള്‍ രേഖകളില്‍ ഒപ്പിടുക മാത്രമാണ് ചെയ്തതെന്നും അവര്‍ പറഞ്ഞു. ഇതേ മൊഴിയാണ് സാകിര്‍ നായികിന്റെ ജേഷ്ഠനും നല്‍കിയത്. കഴിഞ്ഞ 10 വര്‍ഷത്തിനിടെ സാക്കിര്‍ നായികുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ നടത്തിയ 200 കോടി രൂപയുടെ ഇടപാടാണ് ഇ.ഡി അന്വേഷിക്കുന്നത്. പണമിടപാടിന് സഹോദരങ്ങളുടെ അക്കൗണ്ടുകൾ ഉപയോഗിച്ചതായി പറയുന്ന ഇ.ഡി പല കമ്പനികളിലും ഇവര്‍ ഡയറക്ടര്‍മാരാണെന്നും ആരോപിക്കുന്നു. സാകിര്‍ നായികിന്റെ വിശ്വസ്തനായി അറിയപ്പെടുന്ന കമ്പനി ഡയറക്ടര്‍ ആമിര്‍ ഗസ്ദര്‍ ഇ.ഡിയുടെ കസ്റ്റഡിയിലാണ്.

Tags:    
News Summary - ED officials summon Zakir Naik's sister for questioning in money laundering case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.