ബി.ബി.സി ഇന്ത്യക്ക് മൂന്നു കോടി പിഴയിട്ട് ഇ.ഡി; മൂന്ന് ഡയറക്ടര്‍മാര്‍ 1.14 കോടി വീതം പി‍ഴയൊടുക്കണം

ന്യൂഡൽഹി: വിദേശ ഫണ്ടിങ് നിയമം (എഫ്.ഇ.എം.എ) ലംഘിച്ചെന്ന് ആരോപിച്ച് ബി.ബി.സിക്കും ഡയറക്ടർമാർക്കും പിഴയിട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഡിജിറ്റൽ മാധ്യമ സ്ഥാപനങ്ങൾക്ക് വിദേശ ഫണ്ടിങ് 26 ശതമാനം കവിയരുതെന്ന പരിധി നിലനിൽക്കെ 100 ശതമാനമായി തുടർന്നെന്ന് കാണിച്ച് 3.44 കോടി രൂപയാണ് പിഴയിട്ടത്. ഈ തുകക്ക് പുറമെ 2021 ഒക്ടോബർ 15 മുതൽ തുക അടക്കുന്നതുവരെയുള്ള ഓരോ ദിവസത്തിനും 5000 രൂപ വീതവും അടക്കണം.

കൂടാതെ, കമ്പനി പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിച്ച ഡയറക്ടർമാരായ ഗൈൽസ് ആന്റണി ഹണ്ട്, ഇന്ദു ശേഖർ സിൻഹ, പോൾ മൈക്കൽ ഗിബ്ബൺസ് എന്നിവർ 1.14 കോടി വീതവും നൽകണം. 2023 ഫെബ്രുവരിയിൽ ഡൽഹി ഓഫിസിൽ മൂന്നുദിവസം നീണ്ട പരിശോധന നടത്തിയ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഏപ്രിലിലാണ് തുടർ നടപടികൾ ആരംഭിച്ചത്. അതേവർഷം ആഗസ്റ്റ് നാലിന് കമ്പനിക്കും മൂന്ന് ഡയറക്ടർമാർക്കും കാരണംകാണിക്കൽ നോട്ടീസ് നൽകിയതിനു പിന്നാലെ ശിക്ഷാനടപടികളിലേക്കും കടന്നു.

അധികൃതരുമായി സഹകരിക്കുമെന്നും വിഷയം പരമാവധി വേഗത്തിൽ പരിഹരിക്കപ്പെടാനാകുമെന്നാണ് കരുതുന്നതെന്നും ബി.ബി.സി പ്രതികരിച്ചു. ഗുജറാത്ത് കലാപത്തില്‍ മോദിക്ക് പങ്കുണ്ടെന്ന് ആരോപിക്കുന്ന ‘ഇന്ത്യ-ദ മോദി ക്വസ്റ്റ്യന്‍’ എന്ന ഡോക്യുമെന്ററി ബി.ബി.സി സംപ്രേഷണം ചെയ്തതിനു പിന്നാലെയായിരുന്നു ചാനലിന്റെ ഓഫിസുകളില്‍ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയത്.

ബി.ബി.സി ആദായനികുതി കാര്യത്തില്‍ ഇന്ത്യന്‍ നിയമങ്ങള്‍ പാലിക്കുന്നില്ലെന്നും ലാഭവിഹിതം രാജ്യത്തുനിന്ന് പുറത്തുകൊണ്ടുപോകുമ്പോഴുള്ള മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്നും നോട്ടീസുകള്‍ക്ക് മറുപടി നല്‍കിയില്ലെന്നും ആദായനികുതി വകുപ്പ് ആരോപിച്ചിരുന്നു. തുടർന്നാണ് ചാനല്‍ ഓഫിസുകളില്‍ റെയ്ഡ് നടത്തിയത്.

Tags:    
News Summary - ED levies penalty of ₹3.44 crore on BBC India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.