സിദ്ധരാമയ്യ
ബംഗളൂരു: മുഡ കേസുമായി ബന്ധപ്പെട്ട് ലോകായുക്തക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കത്തയച്ചതിന് പിന്നിൽ ദുരുദ്ദേശ്യമാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ ആരോപിച്ചു.
തങ്ങൾ സമർപ്പിച്ച ഹരജിയിൽ ഹൈകോടതിയിൽ വാദം നടക്കുന്നതിന് തൊട്ടുമുമ്പ് കത്ത് നൽകിയത് കോടതിയെ സ്വാധീനിക്കാനാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ലോകായുക്തക്ക് കത്തു നൽകുകയും അത് മാധ്യമങ്ങൾ വഴി ചോർത്തുകയും ചെയ്തത് കോടതിയിൽ മുൻവിധി സൃഷ്ടിക്കാനുള്ള രാഷ്ട്രീയ തിരിമറിയുടെ ഭാഗമാണ്. മുഡ കേസ് ഇ.ഡി അന്വേഷിക്കുന്നുണ്ട്. ആ കേസ് ഇ.ഡി അന്വേഷിക്കുന്നത് ശരിയല്ല. എന്നാൽപോലും അന്വേഷണം പൂർത്തിയായാൽ റിപ്പോർട്ട് ലോകായുക്തക്ക് കെമാറാവുന്നതാണ്. ലോകായുക്തക്ക് കത്തയക്കുകയും അത് മാധ്യമങ്ങൾക്ക് ചോർത്തി നൽകിയതിനും പിന്നിൽ രാഷ്ട്രീയ തിരിമറിയുണ്ട്.
വ്യാഴാഴ്ച ഞങ്ങളുടെ ഹരജി കോടതി പരിഗണിക്കാനിരിക്കെയുള്ള ഈ നടപടി കോടതിയെ സ്വാധീനിക്കാനാണ് -സിദ്ധരാമയ്യ എക്സിൽ കുറിച്ചു. ഡിസംബർ 24ന് മുമ്പ് അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്ന് ലോകായുക്തയോട് കോടതി ആവശ്യപ്പെട്ടിരുന്നു. ആവശ്യമെങ്കിൽ ഇ.ഡിക്ക് റിപ്പോർട്ട് ലോകായുക്തക്ക് കൈമാറാം. അതിനു പുറമെയുള്ള ഈ കളി തിരിച്ചറിയാൻ കർണാടകയിലെ ജനങ്ങൾക്കാവുമെന്നും സിദ്ധരാമയ്യ പറഞ്ഞു. മൈസൂരു നഗര വികസന അതോറിറ്റി (മുഡ) അഴിമതിയുമായി ബന്ധപ്പെട്ട് ക്രമക്കേട് നടന്നതിന് തെളിവുകളുണ്ടെന്നാണ് ഇ.ഡിയുടെ കത്തിലെ പ്രധാന വാദം. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഭാര്യ ബി.എം. പാർവതിക്ക് പ്ലോട്ടുകൾ അനുവദിച്ചതിൽ ക്രമക്കേടുകൾ നടന്നതായും മുഡക്ക് കീഴിൽ 700 കോടിയിലേറെ വിലമതിക്കുന്ന 1095 അനധികൃത ഭൂമിയിടപാടുകൾ നടന്നതായും ഇ.ഡി ആരോപിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.