ന്യൂഡൽഹി: രാജ്യത്ത് സ്വര്‍ണ വായ്പകള്‍ കുതിച്ചുയരുന്നെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര സര്‍ക്കാറിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ്. രാജ്യത്തിന്റെ സാമ്പത്തിക നയങ്ങളുടെ പരാജയം മൂലമാണ് സ്വര്‍ണവായ്പകള്‍ ഉയരുന്നത്. അതിനു കാരണം മോദി സര്‍ക്കാര്‍ ആണെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് കുറ്റപ്പെടുത്തി.
‘മോദി നിർമിത പ്രതിസന്ധിയിൽ’ ആണ് സമ്പദ്വ്യവസ്ഥയെന്ന് അദ്ദേഹം ആഞ്ഞടിച്ചു. സ്വർണ വായ്പകൾ 71.3 ശതമാനം വർധിച്ച ഫെബ്രുവരിയിലെ ആർ.ബി.ഐ കണക്കുകൾ ഉദ്ധരിച്ചായിരുന്നു വിമർശനം. സാമ്പത്തിക സ്തംഭനാവസ്ഥ കാരണം അഞ്ചു വർഷത്തിനുള്ളിൽ സ്വർണ വായ്പ 300 ശതമാനം വർധിച്ചു. സ്വർണവായ്പ ആദ്യമായി ഒരു ലക്ഷം കോടി രൂപ കവിഞ്ഞ കാര്യവും അദ്ദേഹം എടുത്തുപറഞ്ഞു.
ഭവനവായ്പ മുതൽ വാഹനവായ്പ വരെ മറ്റെല്ലാ ബാങ്ക് വായ്പകളും കുറഞ്ഞപ്പോൾ, സ്വർണവായ്പ പോലുള്ള ദുരിതവായ്പകൾ 300 ശതമാനം വർധിച്ചത് ജനം അനുഭവിക്കുന്ന ദുരിതത്തിന്റെ ആഴം വ്യക്തമാക്കുന്നു. അതുമാത്രമല്ല, സിബിൽ-നിതി ആയോഗ് റിപ്പോർട്ട് പ്രകാരം സ്ത്രീകൾക്ക് നൽകുന്ന മൊത്തം വായ്പയുടെ 40 ശതമാനവും സ്വർണവായ്പയാണ്. കൂടാതെ, ആഭരണങ്ങൾ ഈടുവെച്ച് വായ്പയെടുക്കാൻ നിർബന്ധിതരായ സ്ത്രീകളുടെ എണ്ണം അഞ്ചു വർഷത്തിനുള്ളിൽ 22 ശതമാനത്തിലധികം വർധിച്ചു. സമ്പദ്വ്യവസ്ഥ കൈകാര്യം ചെയ്യുന്നതിലെ കഴിവില്ലായ്മ മോദി സർക്കാർ ഒരിക്കൽക്കൂടി പ്രകടമാക്കി. ഇന്ത്യയിലെ സ്ത്രീകളാണ് അതിന്റെ ദുരന്തം അനുഭവിക്കുന്നത് -രമേശ് പറഞ്ഞു.
നോട്ട് നിരോധനവും മേക്ക് ഇൻ ഇന്ത്യ പദ്ധതിയും പോലെ നരേന്ദ്ര മോദി സർക്കാർ ഏറെ കൊട്ടിഗ്ഘോഷിച്ച് ആരംഭിച്ച സോവറിൻ ഗോൾഡ് ബോണ്ട് പദ്ധതി സമ്പൂർണ പരാജയമാണെന്ന് ഇതു തെളിയിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.