‘ആനയെയോ കുതിര​യെയോ എന്തിനെയെങ്കിലും തിന്നോ, എന്തിനാണീ ഷോ’; ​മോദിക്ക് പിന്നാലെ ഭക്ഷണ വിവാദം ഏറ്റെടുത്ത് രാജ്നാഥ് സിങ്

ന്യൂഡൽഹി: നവരാത്രി വേളയിൽ സസ്യേതര ഭക്ഷണം കഴിക്കുന്ന പ്രതിപക്ഷ നേതാക്കൾക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ രംഗത്തുവന്നതിതിന് പിന്നാലെ ആർ.ജെ.ഡി നേതാവ് തേജസ്വി യാദവിനെതിരെ വിമർശനവുമായി ബി.ജെ.പി നേതാവും പ്രതിരോധ മന്ത്രിയുമായ രാജ്നാഥ് സിങ്ങും. നവരാത്രി സമയത്ത് ചില നേതാക്കൾ സസ്യേതര ഭക്ഷണം കഴിച്ച് അതിന്റെ വിഡിയോ പോസ്റ്റ് ചെയ്ത് ഒരു വിഭാഗം ആളുകളുടെ വോട്ട് നേടാൻ ശ്രമിക്കുകയാണെന്നായിരുന്നു ആരോപണം. നിങ്ങൾ മീനോ ആന​യെയോ കുതിരയെയോ തിന്നോളൂവെന്നും എന്നാൽ, എന്തിനാണീ ഷോയെന്നും അദ്ദേഹം ചോദിച്ചു. ബിഹാറിലെ ജമുയി മണ്ഡലത്തിൽ എൻ.ഡി.എ സ്ഥാനാർഥി അരുൺ ഭാരതിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘നവരാത്രിയിൽ നിങ്ങൾ മത്സ്യം കഴിക്കുന്നു. നിങ്ങൾ എന്ത് സന്ദേശമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്? മത്സ്യമോ പന്നിയോ പ്രാവോ ആനയോ കുതിരയോ എന്നിങ്ങനെ നിങ്ങൾ ആഗ്രഹിക്കുന്നതെന്തും തിന്നോളൂ. എന്നാൽ, ഇങ്ങനെ ഷോ കാണിക്കുന്നതിന്റെ ആവശ്യമെന്താണ്? ഇത് വോട്ടിന് വേണ്ടി, പ്രീണന രാഷ്ട്രീയത്തിന് വേണ്ടി മാത്രമാണ്. ഇക്കാരണത്താൽ ഒരു പ്രത്യേക മതത്തിലുള്ളവർ തങ്ങൾക്ക് വോട്ട് ചെയ്യുമെന്ന് അവർ കരുതുന്നു. ലാലു ജി, ഇത്തരക്കാരെ കൈകാര്യം ചെയ്യാൻ ഞാൻ നിങ്ങളോട് അഭ്യർഥിക്കുന്നു’ -എന്നിങ്ങനെയായിരുന്നു രാജ്നാഥ് സിങ്ങിന്റെ പ്രസംഗം.

തേജസ്വി യാദവ് മീൻ കഴിക്കുന്ന വിഡിയോ ഈയിടെ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. നവരാത്രി ആരംഭിച്ച ശേഷം പോസ്റ്റ് ചെയ്ത വിഡിയോ ബി.​ജെ.പി വിവാദമാക്കി. മുൻ ബിഹാർ ഉപമുഖ്യമന്ത്രി 'സീസണൽ സനാതനി' ആണെന്നും പ്രീണന രാഷ്ട്രീയം പ്രയോഗിക്കുകയാണെന്നുമുള്ള ആരോപണവുമായി ബി.ജെ.പി നേതാവ് ഗിരിരാജ് സിങ് രംഗത്തുവന്നു. ഇതിന് പിന്നാലെയായിരുന്നു പ്രധാനമന്ത്രി തെരഞ്ഞെടുപ്പ് കാമ്പയിനിൽ വിഷയം എടുത്തിട്ടത്.

വെള്ളിയാഴ്ച ഉധംപൂരിൽ നടന്ന തെരഞ്ഞെടുപ്പ് യോഗത്തിലാണ് രാഹുൽ ഗാന്ധിക്കും ആർ​.ജെ.ഡി നേതാവ് തേജസ്വി യാദവിനുമെതിരെ മോദി ആഞ്ഞടിച്ചത്. പ്രതിപക്ഷ നേതാക്കളുടേത് മുഗൾ ചിന്താഗതിയാണെന്നും മാംസാഹാരം കഴിച്ച് രാജ്യത്തെ ജനങ്ങളെ പരിഹസിക്കുകയാണെന്നും മോദി ആരോപിച്ചു. നവരാത്രി വേളയിലും സാവനിലും സസ്യേതര ഭക്ഷണം കഴിക്കുന്നത് ആളുകളുടെ വികാരങ്ങളെ വ്രണപ്പെടുത്തി. സാവൻ എന്ന പരിശുദ്ധ മാസത്തിൽ മാംസാഹാരം കഴിക്കുന്നതിന്റെ വിഡിയോ ഓൺലൈനിൽ പോസ്റ്റ് ചെയ്യുകയും ചെയ്യുന്നു. വ്യക്തികൾക്ക് അവരുടെ ഭക്ഷണക്രമം തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും എന്നാൽ അവരുടെ പ്രവർത്തനങ്ങൾക്ക് പിന്നിലെ പ്രതിപക്ഷ നേതാക്കളുടെ ഉദ്ദേശ്യശുദ്ധി പ്രാധാന്യമർഹിക്കുന്നുണ്ടെന്നും ആരെയും പേരെടുത്തു പറയാതെ മോദി സൂചിപ്പിച്ചു.

വിമർശനങ്ങൾക്ക് മറുപടിയുമായി തേജസ്വി രംഗത്തെത്തുകയും ചെയ്തു. ബി.ജെ.പിയുടെയും ഗോഡി മീഡിയ അനുയായികളുടെയും ഐ.ക്യു പരിശോധിക്കുന്നതിനാണ് ഞങ്ങൾ ഈ വിഡിയോ അപ്‌ലോഡ് ചെയ്തത്. ഞങ്ങളുടെ ചിന്ത ശരിയാണെന്ന് തെളിയിക്കപ്പെട്ടു’ -എന്നിങ്ങനെയായിരുന്നു തേജസ്വിയുടെ പ്രതികരണം.

തൃണമൂൽ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയും മോദിക്കെതിരെ രംഗത്തെത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് രാജ്യത്തെ ജനങ്ങളുടെ ഭക്ഷണ ശീലത്തെ കുറിച്ചും സംസ്കാരത്തെ കുറിച്ചും ഒരു ചുക്കും അറിയില്ലെന്നായിരുന്നു കൂച്ച്ബെഹറിൽ തെരഞ്ഞെടുപ്പ് റാലിയിൽ അദ്ദേഹത്തിന്റെ പ്രതികരണം. 'ഈ പുണ്യമാസത്തിൽ മത്സ്യം കഴിക്കുന്നവർ ഹിന്ദുവിശ്വാസികളല്ലെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. പല ഹിന്ദുവീടുകളിലും മത്സ്യവും മാംസവുമില്ലാതെ ദുർഗ പൂജയും കാളി പൂജയും സമ്പൂർണമാകില്ലെന്ന നമ്മുടെ സംസ്കാരത്തെ കുറിച്ച് പ്രധാനമന്ത്രിക്ക് അറിയില്ലേ എന്നും അഭിഷേക് ​ബാനർജി ചോദിച്ചു.

Tags:    
News Summary - 'Eat elephant or horse or anything, why show'; After Modi, Rajnath Singh took up the food controversy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.