ബി വൈ വിജയേന്ദ്ര, ഡി കെ ശിവകുമാർ
നാളെ തെരഞ്ഞെടുപ്പ് നടന്നാൽ 25 കോൺഗ്രസ് എംഎൽഎമാർ ബിജെപിയിലേക്ക് വരുമെന്ന് വിജയേന്ദ്ര; 'എങ്കിൽ ഇപ്പോൾ തന്നെ എടുത്തോളൂ' എന്ന് ഡി കെ ശിവകുമാർ
ബംഗളൂരു: കർണാടകയിൽ കോൺഗ്രസ് സർക്കാരിനുള്ളിലെ ഭിന്നത രൂക്ഷമാണെന്ന സൂചന നൽകി ബിജെപി സംസ്ഥാന അധ്യക്ഷൻ ബി വൈ വിജയേന്ദ്ര. സംസ്ഥാനത്ത് നാളെ തെരഞ്ഞെടുപ്പ് നടന്നാൽ കോൺഗ്രസിലെ 25 എംഎൽഎമാർ ബിജെപിയിലേക്ക് വരാൻ തയ്യാറാണെന്ന് വിജയേന്ദ്ര അവകാശപ്പെട്ടു. ഇതിൽ നിലവിലെ മന്ത്രിസഭയിലെ അംഗങ്ങൾ പോലും ഉൾപ്പെടുമെന്നാണ് അദ്ദേഹത്തിന്റെ അവകാശവാദം.
മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് എംഎൽഎമാരെ ബിജെപി ചാക്കിട്ട് പിടിക്കാൻ ശ്രമിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് അത്തരമൊരു ആവശ്യം ബിജെപിക്കില്ലെന്നായിരുന്നു വിജയേന്ദ്രയുടെ മറുപടി. എന്നാൽ സംസ്ഥാനത്തെ രാഷ്ട്രീയ അന്തരീക്ഷം പൂർണമായും ബിജെപിക്ക് അനുകൂലമായി മാറിക്കഴിഞ്ഞുവെന്നും ജനങ്ങൾക്കിടയിൽ കോൺഗ്രസ് സർക്കാരിനെതിരെ ശക്തമായ എതിർപ്പ് ഉയർന്നിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അത്തരമൊരു സാഹചര്യം നിലനിൽക്കുന്നതിനാലാണ് കോൺഗ്രസ് എംഎൽഎമാർ തന്നെ ബിജെപിയിലേക്ക് വരാൻ തയ്യാറാകുന്നതെന്നും വിജയേന്ദ്ര പറഞ്ഞു.
വിജയേന്ദ്രയുടെ പരാമർശത്തിന് മുഖ്യമന്ത്രി ഡി കെ ശിവകുമാർ പരിഹാസരൂപേണ മറുപടി നൽകിയിട്ടുമുണ്ട്. പറയുന്നത് സത്യമാണെങ്കിൽ അവരെ ഇപ്പോൾ തന്നെ പാർട്ടിയിൽ എടുത്തോളൂ, എന്തിനാണ് വൈകിക്കുന്നതെന്നായിരുന്നു ഡികെയുടെ പ്രതികരണം. സമയം കളയേണ്ടതില്ലെന്നും അവകാശവാദത്തിൽ കഴമ്പുണ്ടെങ്കിൽ അത് പ്രവർത്തിച്ച് കാണിക്കാനുമായിരുന്നു ഡികെയുടെ വെല്ലുവിളി.
രാജ്യസഭാ തെരഞ്ഞെടുപ്പിലെ ക്രോസ് വോട്ടിങ്ങിന്റെ പേരിലും ഡികെ ബിജെപിയെയും ജെഡിഎസിനെയും രൂക്ഷമായി പരിഹസിച്ചു. ആരാണ് ക്രോസ് വോട്ട് ചെയ്തതെന്ന് പറയാൻ പോലും കുമാരസ്വാമിക്കും വിജയേന്ദ്രക്കും ഇതുവരെ സാധിച്ചിട്ടില്ല. മറിച്ച് ബിജെപിയുടെയും ജെഡിഎസിന്റെയും നേതാക്കളാണ് കോൺഗ്രസിന് വേണ്ടി ക്രോസ് വോട്ട് ചെയ്തതെന്നും അദ്ദേഹം ആരോപിച്ചു.
അതിനിടെ സ്റ്റിംഗ് ഓപ്പറേഷൻ വിവാദത്തിലും വിജയേന്ദ്ര കോൺഗ്രസിനെതിരെ വിമർശനം ഉന്നയിച്ചു. കർണാടക രാഷ്ട്രീയം ഇത്രത്തോളം തരംതാണിട്ടില്ലെന്നും അധികാരം നിലനിർത്താനും എതിരാളികളെ കുടുക്കാനും ചില കോൺഗ്രസ് നേതാക്കൾ തന്നെയാണ് ഇത്തരം ഗൂഢതന്ത്രങ്ങൾക്ക് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവരുമെന്നും ഇത് രാഷ്ട്രീയ അധാർമികതയാണെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിമാരെ കുടുക്കാൻ സ്റ്റിംഗ് ഓപ്പറേഷന് ശ്രമം നടക്കുന്നുണ്ടെന്നും ഇതിന് പിന്നിൽ ആരാണെന്നും പണം മുടക്കുന്നത് ആരാണെന്നും തനിക്കറിയാമെന്നും കഴിഞ്ഞ ആഴ്ച ഡികെ ശിവകുമാർ ആരോപിച്ചിരുന്നു. എന്നാൽ ആരോപണത്തിൽ അന്വേഷണം പ്രഖ്യാപിക്കാത്തതിനെ കേന്ദ്രമന്ത്രി എച്ച് ഡി കുമാരസ്വാമിയും വിമർശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.