ബാറ്റ്മാൻ മാസ്കുകൾ, മേക്കപ്പുകൾ; ഡൽഹിയിൽ പൊലീസിനെ വെള്ളംകുടിപ്പിച്ച് വിദ്യാർഥി സമരം

ന്യൂഡൽഹി: ഡ്രോണുകളും ഫേഷ്യൽ റെക്കഗ്നിഷൻ ക്യാമറകളും പതിനായിരക്കണക്കിന് സായുധ സേനാംഗങ്ങളും വലയം ചെയ്ത തലസ്ഥാന നഗരിയിൽ പൊലീസിനെ അമ്പരപ്പിച്ച് വിദ്യാർഥികളുടെയും യുവാക്കളുടെയും വേറിട്ട ചെറുത്തുനിൽപ്പ്. വോട്ടർപട്ടിക വെട്ടിനിരത്തിയതിൽ പ്രതിഷേധിച്ച് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറുടെ രാജി ആവശ്യപ്പെട്ട് നടക്കുന്ന പ്രക്ഷോഭങ്ങളിലാണ് ബാറ്റ്മാൻ മാസ്കുകളും ഓഫ്‌ലൈൻ മാപ്പുകളും ഫ്ലാഷ് സമരമുറകളുമായി സോഷ്യൽ മീഡിയ തലമുറ പോലീസിന്റെ സർവ സന്നാഹങ്ങളെയും കാറ്റിൽപ്പറത്തുന്നത്.

പ്രധാന സമരവേദിയായ ജന്തർമന്തറിലേക്ക് കടക്കാതിരിക്കാൻ കേന്ദ്ര ഡൽഹിയെ കോട്ടകെട്ടി കാത്ത അധികൃതരെ ഞെട്ടിച്ച് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ അപ്രതീക്ഷിതമായി മിന്നൽ സമരങ്ങൾ സംഘടിപ്പിച്ചാണ് പ്രക്ഷോഭകർ രംഗം കൈയടക്കുന്നത്. ആയിരക്കണക്കിന് ആളുകളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടും അടിച്ചമർത്തലുകൾ വകവെക്കാതെ പ്രക്ഷോഭം തെരുവിൽ ആളിക്കത്തുകയാണ്.

കസ്റ്റഡിയിലായവരെ ട്രാക്ക് ചെയ്യാൻ 170 വോളന്റിയർമാർ; ഡിജിറ്റൽ റെസ്ക്യൂ ടീം

പോലീസ് കസ്റ്റഡിയിലെടുത്തവരെ കണ്ടെത്താനും സഹായിക്കാനുമായി പ്രത്യേക ഡിജിറ്റൽ നെറ്റ്‌വർക്ക് തന്നെ സമരക്കാർ സജ്ജമാക്കിയിട്ടുണ്ട്. കൊണ്ടുപോയ വാഹനങ്ങൾ സ്മാർട്ട്‌ഫോണുകൾ ഉപയോഗിച്ച് ട്രാക്ക് ചെയ്ത് ഡിജിറ്റൽ ഡാഷ്‌ബോർഡിൽ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യുകയാണ് കണ്ടെന്റ് ക്രിയേറ്ററായ മേഘ്‌നാദ് എസിന്റെ നേതൃത്വത്തിലുള്ള 170 പേരടങ്ങുന്ന വോളന്റിയർ സംഘം.

കസ്റ്റഡിയിലായവരെ തടങ്കലിൽ പാർപ്പിച്ചിരിക്കുന്ന കേന്ദ്രങ്ങൾ കണ്ടെത്തിയാലുടൻ വാട്‌സ്ആപ്പ് ഗ്രൂപ്പുകൾ വഴി സന്നദ്ധ ഡ്രൈവർമാരെ ഏകോപിപ്പിക്കുന്നു. വെള്ളവും ഭക്ഷണവും ഇന്ധനവുമുള്ള വാഹനങ്ങളിൽ ആവശ്യമെങ്കിൽ ഡോക്ടർമാരുടെ സേവനവും ഉറപ്പാക്കിയാണ് ഈ രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നത്.

മുഖം തിരിച്ചറിയാതിരിക്കാൻ ബാറ്റ്മാൻ മാസ്കും മേക്കപ്പും; അമ്പരന്ന് പൊലീസ്

പൊലീസിന്റെ സർവൈലൻസ് ക്യാമറകളിൽ നിന്നും ഫേഷ്യൽ റെക്കഗ്നിഷൻ സംവിധാനങ്ങളിൽ നിന്നും രക്ഷപ്പെടാൻ മുഖത്ത് ബാറ്റ്മാൻ മാസ്കുകൾ ധരിച്ചാണ് പല യുവാക്കളും പ്രതിഷേധത്തിൽ പങ്കെടുത്തത്. കൺസന്റില്ലാതെ ക്യാമറകളിൽ ദൃശ്യങ്ങൾ പകർത്തുന്നതിനെ മറികടക്കാൻ മുഖത്ത് പ്രത്യേക മേക്കപ്പുകൾ പരീക്ഷിക്കാൻ ബോളിവുഡ് നടി റിച്ച ചദ്ദയും സോഷ്യൽ മീഡിയയിലൂടെ നിർദ്ദേശിച്ചു.

'ഐസ' ദേശീയ പ്രസിഡന്റ് നേഹ ബോറയുടെ അപരയെ പോലീസ് ആളുമാറി കസ്റ്റഡിയിലെടുത്തതും വലിയ വാർത്തയായി. പൊലീസ് അപരയ്ക്ക് പിന്നാലെ പോയ തക്കത്തിന് യഥാർത്ഥ നേഹ ബോറ സുരക്ഷാവലയം ഭേദിച്ച് സെൻട്രൽ ഡൽഹിയിലേക്ക് കുതിക്കുകയായിരുന്നു. പിന്നീട് അപരയ്ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് 'ഇത് മുൻകൂട്ടി പ്ലാൻ ചെയ്തതല്ല, തികച്ചും ആകസ്മികമായ സാമ്യം മാത്രമാണ്' എന്ന് നേഹ കുറിച്ചു.

പൊലീസ് ബസുകളിലേക്ക് തള്ളിക്കയറ്റിയ പ്രതിഷേധക്കാർ ഡ്രൈവിംഗ് സീറ്റ് വഴിയും പിൻഭാഗത്തെ ജനലുകൾ വഴിയും പുറത്തേക്ക് ചാടി രക്ഷപ്പെടുന്നതും, പ്രായമായ ഉദ്യോഗസ്ഥരെ ഓട്ടത്തിൽ അനായാസം മറികടന്ന് മുന്നേറുന്ന ചെറുപ്പക്കാരുമെല്ലാം ദേശീയ മാധ്യമങ്ങളിൽ അടക്കം വലിയ ചർച്ചയായി മാറിയിട്ടുണ്ട്.

Tags:    
News Summary - Batman Masks to Offline Maps: How Young Protesters Are Outfoxing Delhi Police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.