പ്രതീകാത്മക ചിത്രം

ജമ്മുകശ്മീരിൽ ഖുതുബ വിഷയം ഏകീകരിക്കാൻ നീക്കം; ഭിന്നതയുണ്ടാകുന്നത് ഒഴിവാക്കുകയാണ് ലക്ഷ്യമെന്ന് വഖഫ് ബോർഡ്

ശ്രീനഗർ: ജമ്മു കശ്മീരിലെ പള്ളികളിലും ദർഗകളിലും വെള്ളിയാഴ്ചകളിലും മറ്റ് മതപരമായ അവസരങ്ങളിലും നടത്തുന്ന പ്രഭാഷണങ്ങൾക്ക് പൊതുവായ വിഷയങ്ങൾ നിശ്ചയിക്കാൻ കോർ കമ്മിറ്റി രൂപീകരിക്കാൻ ജമ്മു കശ്മീർ വഖഫ് ബോർഡ് തീരുമാനിച്ചു. ഇമാമുമാരും ഇസ്‍ലാമിക പണ്ഡിതരും ഉൾപ്പെടുന്നതായിരിക്കും സമിതിയെന്നാണ് റിപ്പോർട്ട്.

ശനിയാഴ്ച ചേർന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തതെന്ന് വഖഫ് ബോർഡ് ചെയർപേഴ്‌സൺ ഡോ. സയ്യിദ് ദറഖ്ഷാൻ ആൻദ്രാബി ‘ടൈംസ് ഓഫ് ഇന്ത്യ’യോട് പറഞ്ഞു. ഇമാമുമാരുടെയും മതപണ്ഡിതരുടെയും നിർദേശങ്ങൾ പരിഗണിച്ചാണ് തീരുമാനമെന്നും യോഗത്തിൽ ഏകദേശം 1,500 മുഫ്തിമാരും ഇമാമുമാരും ഇസ്‍ലാമിക പണ്ഡിതരും പങ്കെടുത്തതായും അവർ വ്യക്തമാക്കി.

ഏകീകൃത പ്രഭാഷണങ്ങളിൽ ഉൾപ്പെടുത്തേണ്ട വിഷയങ്ങൾ തീരുമാനിക്കാനുള്ള പൂർണ ഉത്തരവാദിത്തം സമിതിക്കായിരിക്കുമെന്നും സർക്കാർ ഉദ്യോഗസ്ഥർക്ക് ഇക്കാര്യത്തിൽ പങ്കില്ലെന്നും അദ്ദേഹം പറഞ്ഞു. ജമ്മു കശ്മീരിൽ നിലനിൽക്കുന്ന വിവിധ സാമൂഹിക പ്രശ്നങ്ങൾ, പ്രത്യേകിച്ച് മയക്കുമരുന്ന് ദുരുപയോഗം ഉൾപ്പെടെയുള്ള സാമൂഹിക തിന്മകൾക്കെതിരെ ബോധവത്കരണം എന്നിവ നടപ്പിലാക്കാനാണ് നീക്കമെന്നും അധികൃതർ ചൂണ്ടിക്കാട്ടി.

ജമ്മു കശ്മീരിൽ വിവിധ മതവിഭാഗങ്ങളും ചിന്താധാരകളും പിന്തുടരുന്നവരുണ്ടെന്നും ഓരോരുത്തരുടെയും വിശ്വാസരീതികളിൽ ഇടപെടാൻ ബോർഡ് ഉദ്ദേശിക്കുന്നില്ലെന്നും ഡോ. സയ്യിദ് ദറഖ്ഷാൻ വ്യക്തമാക്കി. വിഭാഗീയതയുടെ പേരിൽ സമൂഹത്തിൽ ഭിന്നതയുണ്ടാകുന്നത് ഒഴിവാക്കുകയാണ് പുതിയ സംവിധാനത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പള്ളികൾ മതപരമായ അറിവും പഠനവും പകരുന്ന കേന്ദ്രങ്ങളായി മാറണമെന്നും പൊതുവായ വിഷയങ്ങളിലുള്ള പ്രഭാഷണങ്ങൾ ഈ ലക്ഷ്യം കൈവരിക്കാൻ സഹായിക്കുമെന്നും വഖഫ് ബോർഡ് ചെയർപേഴ്‌സൺ പറഞ്ഞു. എന്നാൽ പൊതുവായ വിഷയങ്ങൾ നിർദേശിക്കുന്ന നടപടി പിന്നീട് മതപ്രഭാഷണങ്ങളുടെ ഉള്ളടക്കത്തിൽ നിയന്ത്രണം ഏർപ്പെടുത്താനുള്ള സംവിധാനമായി മാറുമോ എന്ന ആശങ്ക ഉയർന്നിട്ടുണ്ട്.

Tags:    
News Summary - Uniform themes for sermons across mosques in J&K planned

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.