ഷാൾ കീറിയപ്പോൾ കയറിട്ട് മുറുക്കി, വായിൽ കിടക്കവിരി കുത്തിനിറച്ചു; ആൺസുഹൃത്തിനൊപ്പമുള്ള സൗഹൃദം എതിർത്തതിന് മുത്തശ്ശിയെ കൊലപ്പെടുത്തി 16കാരി

മാണ്ഡ്യ: കർണാടകയിലെ മാണ്ഡ്യയിൽ മുത്തശ്ശിയെ കൊലപ്പെടുത്തിയ 16കാരി അറസ്റ്റിൽ. 23കാരനുമായുള്ള സൗഹൃദത്തെ മുത്തശ്ശി എതിർത്തതിനെത്തുടർന്നാണ് ഇരുവരും ചേർന്ന് കൊലപാതകം നടത്തിയത്. കേസിലെ പ്രധാന പ്രതിയായ ആകാശ് എന്ന യുവാവ് ഒളിവിലാണ്. ഇയാൾ ഡ്രൈവറായി ജോലി ചെയ്യുകയാണ്. മാണ്ഡ്യയിലെ ബൂകനകെരെ ഗ്രാമത്തിലെ നിവാസിയായ മഹാദേവമ്മയെയാണ് (55) ഒക്ടോബർ 11ന് മരിച്ച നിലയിൽ കണ്ടെത്തിയത്. ബന്ധുവായ രവികുമാർ നൽകിയ പരാതിയിൽ കെ.ആർ. പേട്ട് റൂറൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.

ഉറങ്ങിക്കിടക്കുകയായിരുന്ന മുത്തശ്ശിയെ പെൺകുട്ടി വിളിച്ചുണർത്തിയെന്നും പിന്നാലെ വീട്ടിലെത്തിയ ആകാശ് ആക്രമിച്ചെന്നുമാണ് പൊലീസ് കണ്ടെത്തൽ. നിലവിളി പുറത്തുകേൾക്കാതിരിക്കാൻ മഹാദേവമ്മയുടെ വായിൽ കിടക്കവിരി കുത്തിനിറച്ചുവെന്നും പൊലീസ് പറയുന്നു. ആദ്യം മുത്തശ്ശിയെ കൊല്ലാനായി പെൺകുട്ടി ആകാശിന് ഒരു ഷാൾ നൽകിയിരുന്നു എന്നാൽ ഷാൾ കീറിയതോടെ വീട്ടിൽ നിന്നും എടുത്ത കയർ ഉപയോഗിച്ച് മഹാദേവമ്മയെ കഴുത്തുഞെരിച്ച് കൊലപ്പെടുകയായിരുന്നു. സംഭവത്തിന് പിന്നാലെയാണ് ആകാശ് കടന്നത്.

ആകാശുമായി അടുത്ത ബന്ധം പുലർത്തിയതിനെ മഹാദേവമ്മ പലപ്പോഴും എതിർത്തിരുന്നു. ഇത് മുത്തശ്ശിയോടുള്ള വൈരാഗ്യത്തിലേക്കും പിന്നീട് കൊലപാതകത്തിലേക്കും നയിച്ചു. ഇരുവരെയും ഒരുമിച്ച് കണ്ടതിനെത്തുടർന്ന് മുത്തശ്ശി പെൺകുട്ടിയെ ഉപദേശിച്ചിരുന്നു. ഇതിൽ പ്രകോപിതയായ പെൺകുട്ടി മുത്തശ്ശിയെ കൊലപ്പെടുത്താൻ പദ്ധതിയിട്ടെന്നാണ് വിവരം.

മഹാദേവമ്മയുടേത് സ്വാഭാവികമരണമെന്നാണ് ആദ്യം കുടുംബം കരുതിയിരുന്നത്. കഴുത്തിലെ പാടുകൾ ശ്രദ്ധയിൽപ്പെട്ടതോടെയാണ് കൊലപാതകമെന്ന നിഗമനത്തിലെത്തിയത്.  പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തതെന്ന് മാണ്ഡ്യ പൊലീസ് സൂപ്രണ്ട് ശോഭ റാണി അറിയിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഇതുവരെ പുറത്ത് വന്നിട്ടില്ല. പ്രതി ആകാശിനായി പൊലീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.

 

Tags:    
News Summary - Grandmother Killed Over Relationship Dispute

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.