ബാറ്റ്മാൻ മാസ്കുമായി രാഹുൽ ഗാന്ധി
‘ഡൽഹിയിൽ ഡാർക്ക് സൂപ്പർഹീറോയുടെ ആവശ്യമില്ല’; രാഹുൽ ഗാന്ധിയെയും ഖാർഗെയെയും പരിഹസിച്ച് ബിജെപി
ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമ്മീഷനെതിരായ പ്രതിഷേധത്തിനിടെ ബാറ്റ്മാൻ മാസ്ക് ധരിച്ച പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെയും പരിഹസിച്ച് ബിജെപി. ഡൽഹി ഗോതം സിറ്റി അല്ലെന്നും ഇവിടെ ഡാർക്ക് സൂപ്പർഹീറോയുടെയും റോബിന്റെയും ആവശ്യമില്ലെന്നും കേന്ദ്രമന്ത്രി ജയന്ത് ചൗധരി പരിഹസിച്ചു.
വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണമായ എസ്‌ഐആറിന്റെ പേരിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന ആവശ്യവുമായി ഇന്ത്യ മുന്നണി സെൻട്രൽ ഡൽഹിയിൽ നടത്തിയ മാർച്ചിനിടെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിലേക്ക് നടത്തിയ മാർച്ച് ഡൽഹി പോലീസ് തടഞ്ഞതോടെ പ്രതിഷേധം സംഘർഷഭരിതമായിരുന്നു.
പ്രതിഷേധത്തിൽ പങ്കെടുക്കാനെത്തിയ യുവാക്കളാണ് ബാറ്റ്മാൻ മാസ്ക് ധരിച്ചെത്തിയത്. ജെൻസി വിഭാഗവുമായി അടുക്കാനുള്ള അവസരമായി കണ്ട് രാഹുൽ ഗാന്ധി അവരിൽ നിന്ന് ഒരു മാസ്ക് വാങ്ങി ധരിക്കുകയായിരുന്നു. ബസിൽ ഒപ്പമുണ്ടായിരുന്ന മല്ലികാർജുൻ ഖാർഗെയെ മാസ്ക് ധരിക്കാൻ സഹായിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു. ഇതോടെ പ്രതിഷേധം മറ്റൊരു തലത്തിലേക്ക് മാറുകയായിരുന്നു. സമൂഹമാധ്യമങ്ങളിൽ ദൃശ്യങ്ങൾ വൈറലായതോടെ 'ബാറ്റ്മാൻ പ്രതിഷേധം' എന്ന ഹാഷ്‌ടാഗും ട്രെൻഡിങ്ങായി.
എന്നാൽ പ്രതിപക്ഷത്തിന്റെ ഈ പ്രകടനം യുവാക്കളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണെന്നാണ് ബിജെപിയുടെ വിമർശനം. ഡിസി കോമിക്സിലെ സൂപ്പർഹീറോ കഥാപാത്രമായ ബാറ്റ്മാനും സഹായി റോബിനും കുറ്റകൃത്യങ്ങൾ നിറഞ്ഞ ഗോതം നഗരത്തെയാണ് സംരക്ഷിക്കുന്നത്. ഡൽഹി ഗോതം അല്ലെന്നും അതുകൊണ്ട് തന്നെ ഇത്തരം സൂപ്പർഹീറോകളുടെ ആവശ്യം തലസ്ഥാനത്തിനില്ലെന്നും ജയന്ത് ചൗധരി സമൂഹമാധ്യമമായ എക്സിൽ കുറിച്ചു.
രാഹുൽ ഗാന്ധിയും ബാറ്റ്മാനും തമ്മിലുള്ള ബന്ധം ഇതാദ്യമല്ല ചർച്ചയാകുന്നത്. ആഗസ്റ്റിൽ ഇൻസ്റ്റഗ്രാമിലൂടെ വിദ്യാർത്ഥികളുമായി നടത്തിയ സംവാദത്തിനിടെ 'താങ്കൾ ബാറ്റ്മാൻ ആണോ' എന്ന ചോദ്യത്തിന് 'ഞാനും ബാറ്റ്മാനും ഒരേ മുറിയിൽ ഉള്ളത് ആരും ഒരുമിച്ച് കണ്ടിട്ടില്ലെന്ന് പറയാം' എന്നായിരുന്നു രാഹുലിന്റെ മറുപടി. ഇതിന് പിന്നാലെ സെൻട്രൽ ഡൽഹിയിലെ കോൺഗ്രസ് ഓഫീസുകൾക്ക് മുന്നിൽ 'ദ റിയൽ ലൈഫ് ബാറ്റ്മാൻ' എന്ന പേരിൽ രാഹുൽ ഗാന്ധിയുടെ പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.