ന്യൂഡൽഹി: പാക് പൗരനെ വിവാഹം കഴിക്കാൻ നിർബന്ധിതയായ ഉസ്മ അഹ്മദിന്‍റെ തിരിച്ചുവരവിന് സുഷമ സ്വരാജ് പാകിസ്താൻ അധികൃതർക്കും ജുഡിഷ്യറിക്കും നന്ദി പറഞ്ഞു. ശത്രുതക്കിടയിലും അയൽരാജ്യം പ്രകടിപ്പിച്ച മനുഷ്യത്വപരമായ ഇടപെടലിന് സുഷമ സ്വരാജ് നന്ദി പ്രകാശിപ്പിച്ചു. രാജ്യത്ത് സുരക്ഷിതമായ മടങ്ങിയെത്തിയതിന് ശേഷം ഉസ്മയെയും കുടുംബാംഗങ്ങളെയും സന്ദർശിച്ച മന്ത്രി ഉസ്മക്കൊപ്പം വാർത്താസമ്മേളനം നടത്തുകയും ചെയ്തു.
തോക്കിൻമുനയിൽ നിർത്തി ഭീഷണിപ്പെടുത്തിയാണ് പാക് പൗരനായ താഹിർ അലി തന്നെ വിവാഹം കഴിച്ചതെന്നായിരുന്നു ഉസ്മയുടെ പരാതി. ഇന്ത്യൻ ഹൈക്കമീഷൻ ഉദ്യോഗസ്ഥനും കോടതിയുടെ നിർദേശ പ്രകാരം പാകിസ്താൻ പൊലീസും ഉസ്മയെ അനുഗമിച്ചിരുന്നു. വാഗാ അതിർത്തിയിലൂടെ അമൃത്സർ വഴിയാണ് ഉസ്മ ഇന്ത്യയിലെത്തിയത്. മകളും മാതാവും സഹോദരനുമടങ്ങിയ കുടുംബവുമായുള്ള ഉസ്മയുടെ പുന:സമാഗമം ഹൃദയസ്പർശിയായിരുന്നു.
'പാകിസ്താനിലേക്ക് പോകുക എളുപ്പമായിരുന്നു. എന്നാൽ തിരിച്ചുവരുന്നത് വളരെ പ്രയാസമുള്ള കാര്യമാണ്.' ന്യൂഡൽഹിയിലെത്തിയ ഉസ്മ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
'ഭർത്താവിന്‍റെ വീട്ടുകാർ തന്നെ പല രീതിയിൽ ഉപദ്രവിച്ചു. മകളെ കിഡ്നാപ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി. അങ്ങനെയാണ് അയാളെ വിവാഹം ചെയ്യാൻ ഞാൻ സമ്മതിച്ചത്. അയാളെ എന്നെ നിരന്തരം മർദ്ദിക്കാറുണ്ടായിരുന്നു'- ഉസ്മ പറഞ്ഞു.
മെയ് 12നാണ് നാട്ടിലേക്ക് പോകാനുളള സൗകര്യം ചെയ്തുതരണമെന്ന് ആവശ്യപ്പെട്ട് ഉസ്മ ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈക്കമീഷനിൽ അഭയം തേടിയത്.
രണ്ട് അയൽരാജ്യങ്ങളും തമ്മിൽ സംഘർഷം നിലനിൽക്കുന്നുണ്ടെങ്കിൽ പോലും പാകിസ്താൻ വിദേശകാര്യ ഓഫിസും ആഭ്യന്തര മന്ത്രാലയവും ഉസ്മയുടെ തിരിച്ചുവരവിൽ പ്രധാന പങ്കുവഹിച്ചു. കേസ് പരിഗണിച്ച ജഡ്ജിയും അഭിഭാഷകനും ഉസ്മയോട് മകളെപ്പോലെയാണ് പെരുമാറിയതെന്നും ഒരിക്കലും ശത്രുതാ മനോഭാവം വെച്ചുപുലർത്തിയില്ലെന്നും സുഷമ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.