ന്യൂഡൽഹി: റിപബ്ലിക് ദിനത്തിൽ കർഷകർ നടത്തിയ ട്രാക്ടർ പരേഡിനിടെയുണ്ടായ സംഘർഷങ്ങളിൽ അന്വേഷണമാവശ്യപ്പെട്ട് സമർപ്പിച്ച ഹരജികളിൽ ഇടപെടാതെ സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡേ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഇതുമായി ബന്ധപ്പെട്ട ഹരജികൾ പരിഗണിച്ചത്. എ.എസ് ബോപ്പണ്ണ, വി. രാമസുബ്രമണ്യം എന്നിവരും ബെഞ്ചിൽ അംഗങ്ങളാണ്.
സർക്കാർ സംഘർഷങ്ങളിൽ അന്വേഷണം നടത്തുമെന്ന് ഉറപ്പുണ്ട്. നിയമം നിയമത്തിന്‍റെ വഴിക്ക് നീങ്ങുമെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന ഇതുമായി ബന്ധെപ്പട്ട് പുറത്ത് വന്നിട്ടുണ്ട്. ഈയൊരു സാഹചര്യത്തിൽ കേസിൽ ഇടപെടാൻ ആഗ്രഹിക്കുന്നില്ലെന്ന് ബോബ്ഡേ പറഞ്ഞു. ഇക്കാര്യത്തിൽ സർക്കാറിനെ സമീപിക്കാനും ഹരജിക്കാരോട് അദ്ദേഹം ആവശ്യപ്പെട്ടു.
അഭിഭാഷകനായ വിശാൽ തിവാരിയാണ് ഹരജി നൽകിയത്. റിപബ്ലിക് ദിനത്തിലെ കർഷക സമരത്തിനിടെയുണ്ടായ സംഘർഷത്തെ കുറിച്ച് അന്വേഷിക്കാൻ മൂന്നംഗ കമീഷനെ നിയോഗിക്കണമെന്നായിരുന്നു ആവശ്യം. മുൻ സുപ്രീംകോടതി ജഡ്ജിയും രണ്ട് മുൻ ഹൈകോടതി ജഡ്ജിമാരും അടങ്ങുന്ന സമിതി സംഘർഷങ്ങളെ കുറിച്ച് അന്വേഷണം നടത്തണമെന്നായിരുന്നു ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.