ന്യൂഡൽഹി: സുപ്രീംകോടതിയിലെ രീതി തന്നോട് പറയേണ്ടെന്നും തന്റെ കോടതിയിൽ ഏതുരീതിയിൽ നടക്കുമെന്ന് താൻ തീരുമാനിക്കുമെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്. പരിഗണിക്കാനുള്ള പട്ടികയിൽപെടുത്തിയ കേസുകൾ കേൾക്കുകയാണ് സുപ്രീംകോടതിയിലെ രീതി എന്ന് സുപ്രീംകോടതി ബാർ അസോസിയേഷൻ പ്രസിഡന്റ് വികാസ് സിങ് പറഞ്ഞപ്പോഴായിരുന്നു ചീഫ് ജസ്റ്റിസ് നീരസത്തോടെ പ്രതികരിച്ചത്.
തലേന്ന് പരിഗണിക്കാതെപോയ കേസ് വീണ്ടും പരിഗണിക്കാൻ വികാസ് സിങ് ശ്രദ്ധയിൽപെടുത്തിയപ്പോഴായിരുന്നു ഇത്. അഭിഭാഷകർക്ക് ചേംബറുകൾ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട കേസ് ഈയാഴ്ച പരിഗണിക്കാൻ അൽപം പ്രയാസമുണ്ട് എന്നും അടുത്തമാസം മൂന്നിന് പരിഗണിക്കാമെന്നും ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞപ്പോൾ പരമാവധി നേരത്തെ കേൾക്കാൻ വികാസ് സിങ് ആവർത്തിച്ചാവശ്യപ്പെട്ടു. തിങ്കളാഴ്ച പട്ടികയിൽപെടുത്തിയിരുന്ന കേസാണിതെന്നും പരിഗണിക്കാനുള്ള പട്ടികയിൽപെടുത്തിയ കേസുകൾ കേൾക്കുകയാണ് സുപ്രീംകോടതിയിലെ രീതി എന്നും വികാസ് സിങ് കൂട്ടിച്ചേർത്തു.
ഇതുകേട്ട് ക്ഷുഭിതനായ ചീഫ് ജസ്റ്റിസ് സുപ്രീംകോടതിയിലെ രീതി തന്നോട് പറയേണ്ട എന്ന് തിരിച്ചടിച്ചു. ‘‘എന്റെ കോടതിയിൽ ഏത് രീതി നടക്കുമെന്ന് ഞാൻ തീരുമാനിക്കും. ഇന്നലെ കേൾക്കാനുള്ള കേസുകളുടെ പട്ടിക കനത്തതായിരുന്നു. അതുകൊണ്ട് എനിക്ക് കേൾക്കാൻ കഴിഞ്ഞില്ല. വൈകീട്ട് ആറുവരെ കോടതിനടപടി തുടർന്നിരുന്നുവെങ്കിൽ അഭിഭാഷകർക്ക് പ്രശ്നമാകുമായിരുന്നു. എനിക്ക് ഭരണപരമായ ജോലിയും ചെയ്യാനുണ്ട്’’ -ചീഫ് ജസ്റ്റിസ് തുടർന്നു.
ന്യൂഡൽഹി: പ്രധാനപ്പെട്ട എല്ലാസംഗതികളുമായി സുപ്രീംകോടതിയിലേക്ക് വരേണ്ട കാര്യമില്ലെന്നും ഇതൊക്കെ കാണാൻ ജനാധിപത്യരീതിയിൽ തെരഞ്ഞെടുക്കപ്പെട്ട സ്ഥാപനങ്ങളുണ്ടെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്. തങ്ങളുടെ നിയന്ത്രണത്തിലുള്ള കാര്യങ്ങൾ ചെയ്യാൻ ആ സ്ഥാപനങ്ങൾക്ക് കഴിയുമെന്നും ചീഫ് ജസ്റ്റിസ് കൂട്ടിച്ചേർത്തു. ജോഷിമഠ് ഭൂമി വിള്ളൽ അടിയന്തരമായി ബുധനാഴ്ച തന്നെ കേൾക്കണമെന്ന് അഭിഭാഷകൻ ആവശ്യപ്പെട്ടപ്പോഴാണ് ചീഫ് ജസ്റ്റിസിന്റെ പ്രതികരണം. കേസ് സുപ്രീംകോടതി 16ന് പരിഗണിക്കും.
ജോഷിമഠ് വിള്ളൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നും ജനങ്ങൾക്ക് ദേശീയ ദുരന്തനിവാരണ സേനയുടെ സഹായം ഉറപ്പാക്കണമെന്നും സ്വാമി അവിമുതേശ്വരാനന്ദ സരസ്വതി സമർപ്പിച്ച പൊതുതാൽപര്യ ഹരജിയിൽ ആവശ്യപ്പെട്ടിരുന്നു. ജോഷിമഠുകാർക്ക് നഷ്ടപരിഹാരം നൽകണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.