ഗോണ്ട: ഉത്തർപ്രദേശിൽ 'എന്നെ വെടിവെക്കരുത്' എന്നെഴുതിയ പ്ലക്കാർഡുമായി പൊലീസിൽ കീഴടങ്ങി കവർച്ചാകേസിലെ പ്രതി. "ഞാൻ കീഴടങ്ങാൻ വന്നതാണ്, എന്നെ വെടിവെക്കരുത്" എന്നെഴുതിയ പ്ലക്കാർഡുമായാണ് കവർച്ചാകേസിലെ പ്രതിയായ അങ്കിത് വർമ പൊലീസ് സ്റ്റേഷനിലെത്തിയത്. ഛാപിയ പോലീസ് സ്റ്റേഷനിലെത്തിയാണ് യുവാവ് കീഴടങ്ങിയത്. ഇയാൾ കഴിഞ്ഞ ആറ് മാസമായി ഒളിവിലായിരുന്നു.
ഫെബ്രുവരി 20ന് അങ്കിത് വർമ തോക്ക് ചൂണ്ടി മോട്ടോർ സൈക്കിളും മൊബൈൽ ഫോണും വാലറ്റും മോഷ്ടിച്ചിരുന്നു. ഇത് സംബന്ധിച്ച് പ്രദേശവാസിയായ അമർജിത് ചൗഹാൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് അങ്കിതിനും ഇയാളുടെ കൂട്ടാളിക്കുമെതിരെ കേസെടുക്കുന്നത്. ഇവരെ കണ്ടെത്താൻ പൊലീസിനെ സഹായിക്കുന്നവർക്ക് 20,000 രൂപ പാരിതോഷികം നൽകുമെന്ന് പൊലീസ് സൂപ്രണ്ട് അങ്കിത് മിത്തൽ പ്രഖ്യാപിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് യുവാവ് പൊലീസിൽ കീഴടങ്ങിയത്. കീഴടങ്ങിയതിന് പിന്നാലെ അങ്കിത് വർമയെ കസ്റ്റഡിയിലെടുത്തു. അതേസമയം യോഗി ആദിത്യനാഥിന്റെ സന്ദർശനത്തിന് മുന്നോടിയായുള്ള ഈ സ്വയം കീഴടങ്ങൽ സുപ്രധാനമായ നേട്ടമായാണ് പൊലീസ് വിശേഷിപ്പിച്ചത്. ക്രിമിനലുകൾക്കിടയിൽ പൊലീസിനോടുള്ള ഭയത്തിന്റെ ഫലമാണ് കീഴടങ്ങാൻ കാരണമെന്ന് സർക്കിൾ ഓഫീസർ നവീന ശുക്ല പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.