കശ്മീരിലേക്ക് വിനോദ യാത്ര പോകാൻ ജനങ്ങളോട് അഭ്യർഥിച്ച് മമത; മുസ്‍ലിം ഭൂരിപക്ഷ പ്രദേശത്തേക്ക് പോവരുതെന്ന് സുവേന്ദു അധികാരി

കൊൽക്കത്ത: പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് തകർന്ന കശ്മീരി​ന്റെ ടൂറിസം മേഖലയെ പുഃനരുജ്ജീവിപ്പിക്കാൻ സംസ്ഥാനത്തെ ജനങ്ങളോട് കശ്മീർ സന്ദർശിക്കാനുള്ള അഭ്യർഥനയുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി.  തൊട്ടുപിന്നാലെ അതിനെ എതിർത്തുകൊണ്ട് മുസ്‍ലിംവിരുദ്ധ പരാമർശവുമായി ബി.ജെ.പി നേതാവ് സുവേന്ദു അധികാരിയും. 

ജമ്മു കശ്മീർ മുഖ്യമന്ത്രി ഉമർ അബ്ദുല്ല കൊൽക്കത്തയിൽ മമതയെ സന്ദർശിച്ച് ‘ഭൂമിയിലെ പറുദീസ’ സന്ദർശിക്കാൻ ക്ഷണിച്ചതിന് ശേഷമാണ് മമത ഈ അഭ്യർത്ഥന നടത്തിയത്. ഏപ്രിൽ 22ന് 25 വിനോദസഞ്ചാരികളുടെ മരണത്തിനിടയാക്കിയ പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് പൂഞ്ചിലേക്കും രജൗരിയിലേക്കും സഹായ സംഘങ്ങളെ അയച്ചതിന് തൃണമൂൽ നേതാവിന് അബ്ദുല്ല നന്ദി പറഞ്ഞു. കൊല്ലപ്പെട്ടവരിൽ ബിതാൻ അധികാരി, സമീർ ഗുഹ, മനീഷ് രഞ്ജൻ എന്നീ മൂന്ന് വിനോദസഞ്ചാരികൾ ബംഗാളിൽ നിന്നുള്ളവരായിരുന്നു.

‘ജമ്മു കശ്മീരിലെ ജനങ്ങൾ നമ്മുടെ സഹോദരീസഹോദരന്മാരെപ്പോലെയാണ്. ജമ്മു കശ്മീർ സന്ദർശിക്കാൻ എനിക്ക് ക്ഷണം ലഭിച്ചു. ഞാനത് സ്വീകരിച്ചുവെന്ന്’ മമത എക്സിൽ പോസ്റ്റ് ചെയ്തു.  സെപ്റ്റംബറിൽ നടക്കുന്ന ദുർഗാ പൂജ ആഘോഷങ്ങൾക്ക് ശേഷം താൻ കശ്മീർ സന്ദർശിക്കുമെന്ന് പറഞ്ഞ അവർ ബംഗാൾ ജനതയോട് കശ്മീരിലേക്ക് യാത്ര ചെയ്യാൻ അഭ്യർഥിക്കുകയും അവിടേക്കു പോവാൻ ഭയപ്പെടേണ്ട കാര്യമില്ലെന്ന് ജനങ്ങൾക്ക് ഉറപ്പും നൽകി.

‘എല്ലാവരും കശ്മീരിലേക്ക് പോകണം. ദുർഗാ പൂജക്കു ശേഷം ഞാനും കശ്മീരിലേക്ക് പോകും. ഭയപ്പെടേണ്ട കാര്യമില്ല. കേന്ദ്രവും ഉമർ അബ്ദുല്ലയും സുരക്ഷ നൽകും. ഞാൻ കശ്മീരിന്റെ ആരാധികയാണ്’ എന്നും മമത പറഞ്ഞു.

കശ്മീർ സിനിമാ ചിത്രീകരണത്തിനായി പരിഗണിക്കണമെന്ന് ബംഗാളി സിനിമാ മേഖലയോട് അവർ ആവശ്യപ്പെടുകയും സംസ്ഥാനത്തെ സാംസ്കാരിക പരിപാടികളിൽ പങ്കെടുക്കാൻ കശ്മീർ കലാകാരന്മാരെ ക്ഷണിക്കുകയും ചെയ്തു. പഹൽഗാം ആക്രമണത്തെത്തുടർന്ന്, വിനോദസഞ്ചാരത്തെ വളരെയധികം ആശ്രയിക്കുന്ന കശ്മീർ വിനോദസഞ്ചാരികളുടെ പലായനത്തിനും കൂട്ടമായ ബുക്കിങ് റദ്ദാക്കലുകൾക്കും സാക്ഷ്യം വഹിച്ചു.

എന്നാൽ, ബംഗാൾ മുഖ്യമന്ത്രിയുടെ അഭ്യർഥനക്കെതിരെ ബി.ജെ.പിയുടെ സുവേന്ദു അധികാരി ശക്തമായ പ്രതിഷേധിച്ചു. മുസ്‍ലിംകൾ ഭൂരിപക്ഷമുള്ള പ്രദേശങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ ബംഗാൾ നിയമസഭയിലെ പ്രതിപക്ഷ നേതാവ് ബംഗാളികളോട് ആവശ്യപ്പെട്ടു. പകരം ഹിമാചൽ പ്രദേശ് അല്ലെങ്കിൽ ഉത്തരാഖണ്ഡ് സന്ദർശിക്കാനും അധികാരി നിർദേശിച്ചു.

‘ഒരു ബംഗാളിയും കശ്മീരിലേക്ക് പോകരുത്. ഉയർന്ന മുസ്‍ലിം ജനസംഖ്യയുള്ളിടത്തേക്ക് നമ്മൾ പോകരുത്. പഹൽഗാം ആക്രമണത്തിൽ കൊൽക്കത്തയിൽ നിന്നുള്ള ആളുകൾ കൊല്ലപ്പെട്ടു. നമ്മുടെ ആളുകളെ അവിടെ തെരഞ്ഞെടുത്ത് കൊന്നു. ഹിമാചലിലേക്ക് പോകൂ ഉത്തരാഖണ്ഡിലേക്ക് പോകൂ, പക്ഷേ കശ്മീരിലേക്ക് പോകരുത്’ - എന്നായിരുന്നു അധികാരിയുടെ വാക്കുകൾ. 

Tags:    
News Summary - Don't go to Muslim areas: Suvendu Adhikari snubs Mamata Banerjee's Kashmir push

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.