സസ്പെൻഷനിലായ തൃണമൂൽ എം.എൽ.എ ഹുമയൂൺ കബീർ
കൊൽക്കത്ത: സസ്പെൻഡ് ചെയ്യപ്പെട്ട തൃണമൂൽ എം.എൽ.എ ഹുമയൂൺ കബീർ പശ്ചിമ ബംഗാളിലെ മുർശിദാബാദിൽ ഡിസംബർ ആറിന് ശിലയിട്ട നിർദിഷ്ട ബാബരി മോഡൽ മസ്ജിദ് നിർമാണത്തിന് സംഭാവനയായി ഇതുവരെ ലഭിച്ചത് മൂന്ന് കോടി രൂപ.
ചൊവ്വാഴ്ച അദ്ദേഹത്തിന്റെ അനുയായികളാണ് ഇക്കാര്യം അറിയിച്ചത്. പള്ളിക്കായി കണ്ടെത്തിയ സ്ഥലത്ത് 12 സംഭാവന പെട്ടികൾ സ്ഥാപിച്ചിരുന്നു. ഇതിൽ ആളുകൾ 57 ലക്ഷം രൂപ ഇതിനകം നിക്ഷേപിച്ചു. 2.47 കോടി രൂപ ക്യൂ.ആർ കോഡ് വഴിയും നൽകി.
കോൺഗ്രസ് മുൻ എം.എൽ.എ ആയ ഹുമയൂൺ കബീർ ഇടക്കാലത്ത് ബി.ജെ.പിയിലേക്ക് കൂടുമാറിയിരുന്നു. 2029ലാണ് തൃണമൂലിലെത്തിയതും തൊട്ടടുത്ത വർഷം നടന്ന തെരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിക്കുന്നതും. തൃണമൂൽ നേതൃത്വം നടപടിയെടുത്തതോടെ പുതിയ പാർട്ടി രൂപവത്കരിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്.
ബാബരി മസ്ജിദ് തകർത്തതിന്റെ വാർഷിക ദിനമായ ഡിസംബർ ആറിന് തറക്കല്ലിടുമെന്ന മുൻ ഐ.ജി കൂടിയായ ഹുമയൂൺ കബീറിന്റെ പ്രഖ്യാപനം വിവാദമായിരുന്നു. സംസ്ഥാനത്ത് സമാധാനവും സാമുദായിക ഐക്യവും നിലനിർത്താൻ പാർട്ടി ശ്രമിച്ചുകൊണ്ടിരിക്കെ ഹുമയൂൺ കബീറിന്റെ പെരുമാറ്റം കടുത്ത അച്ചടക്ക ലംഘനമാണെന്ന് മുതിർന്നനേതാവ് ഫിർഹാദ് ഹക്കീം സസ്‌പെൻഷൻ പ്രഖ്യാപിച്ച് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.