ന്യൂഡൽഹി: ഗാർഹിക പീഡന കേസിൽ ഒരാളെ പ്രതിയാക്കാൻ നിസാരമായ ഒരൊറ്റ സംഭവം മതിയാകില്ലെന്ന് സുപ്രീംകോടതി. കർണാടക സ്വദേശിനിയുടെ പരാതിയിൽ ഭർത്താവിന്റെ സഹോദരിയും ബന്ധുക്കളും ഉൾപ്പെടെ നാലു പേർക്കെതിരെ രജിസ്റ്റർ ചെയ്ത ക്രിമിനൽ കേസ് സുപ്രീംകോടതി റദ്ദാക്കി.
ഇന്ത്യൻ ശിക്ഷാനിയമത്തിലെ 498 എ, 506 വകുപ്പുകളും 1961ലെ സ്ത്രീധന നിരോധന നിയമത്തിലെ വകുപ്പുകളും പ്രകാരമാണ് കേസെടുത്തിരുന്നത്. ചുമത്തിയ കുറ്റങ്ങൾ അവ്യക്തവും പൊതുസ്വഭാവത്തിലുമുള്ളതുമാണെന്ന് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, എസ്.വി.എൻ ഭാട്ടി എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി. കേസ് റദ്ദാക്കാൻ വിസമ്മതിച്ച കർണാടക ഹൈകോടതിയുടെ 2019 മാർച്ചിലെ ഉത്തരവിനെതിരെയാണ് നാലുപേരും സുപ്രീംകോടതിയെ സമീപിച്ചത്. ഹരജിക്കാർ ദമ്പതികളുടെ വീട്ടിലല്ല താമസിച്ചിരുന്നതെന്നും അവരിലൊരാൾ ഇന്ത്യയിൽ ആയിരുന്നില്ലെന്നും കോടതി നിരീക്ഷിച്ചു.
2015ലാണ് പരാതിക്കാരിയുടെ വിവാഹം നടന്നത്. 2016 ഫെബ്രുവരിയിൽ ശരീര ഘടനയെ കളിയാക്കിയെന്നും ശരിയായ സ്ഥലത്തുവെച്ചില്ലെന്നാരോപിച്ച് സാധനങ്ങൾ തറയിലെറിഞ്ഞുവെന്നുമാണ് കുറ്റപത്രത്തിലെ ആരോപണം. കഴിഞ്ഞ വർഷം നവംബറിൽ വിവാഹ മോചനം അനുവദിച്ചുവെങ്കിലും സ്ത്രീ അതിനെതിരെ അപ്പീൽ നൽകിയിട്ടുണ്ടെന്നും കോടതി നിരീക്ഷിച്ചു. മതിയായ തെളിവുകൾ ലഭിക്കുകയാണെങ്കിൽ വിചാരണ കോടതിക്ക് അതിനനുസരിച്ച് തുടർനടപടി സ്വീകരിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.