ഗുവാഹത്തി: കോവിഡ് വാക്സിനേഷനിൽ രാഷ്ട്രീയം കലർത്തുന്നത് രാജ്യത്തെ ശാസ്ത്രജ്ഞരെ അപമാനിക്കുന്നതിന് തുല്യമാണെന്ന് അമിത്ഷാ. കോവിഡിനെതിരായ വാക്സിനേഷനിൽ രാഷ്ട്രീയം പാടില്ലെന്നും അദ്ദേഹം പറഞ്ഞു. നേതാജി സുഭാഷ് ചന്ദ്രബോസിന്‍റെ 125ാം ജന്മ വാർഷികത്തിൽ ഗുവാഹത്തിയിൽ ആയുഷ്മാൻ സി.എ.പി.എഫ് പദ്ധതിക്ക് തുടക്കം കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'രാജ്യത്തെ ശാസ്ത്രജ്ഞരുടെ കഴിവിനെ അപമാനിക്കുന്ന നടപടി ഉണ്ടാവരുത്. ജനങ്ങളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ രാഷ്ട്രീയം കലർത്താൻ ശ്രമിക്കരുത്. രാഷ്ട്രീയം കളിക്കാൻ മറ്റ് നിരവധി പ്ലാറ്റ്ഫോമുകളുണ്ട്. ' -ഷാ പറഞ്ഞു.
മോദിയുടെ നേതൃത്വത്തിൽ ജനങ്ങളും സർക്കാരും കോവിഡിനെതിരെ ഒരുമിച്ച് പോരാടി. ഏറ്റവും കുറവ് കോവിഡ് മരണ നിരക്കുള്ള രാജ്യമായി ഇന്ത്യ മാറി. മെഡിക്കൽ സൗകര്യം, പാർപ്പിടം, സി.എ.പി.എഫുകളുടെ നിയമനം വൈകൽ എന്നിവ പരിഹരിക്കാൻ കേന്ദ്രസർക്കാർ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ഷാ പറഞ്ഞു.
ഓരോ ജവാനും വർഷവും അവരുടെ കുടുംബത്തോടൊപ്പം കുറഞ്ഞത് 100 ദിവസമെങ്കിലും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ കേന്ദ്രം ശ്രമിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ വാക്സിനേഷൻ ഡ്രൈവ് അതിവേഗം നടന്നുവരികയാണ്. വാക്സിൻ ഒരു മടിയും കൂടാതെ എടുക്കാൻ ഉദ്യോഗസ്ഥർ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.