ഫോണിലൂടെ സമൂസ ഓർഡർ ചെയ്ത ഡോക്ടർക്ക് തട്ടിപ്പിൽ നഷ്ടമായത് 1.40 ലക്ഷം

മുംബൈ: ഓൺലൈനിൽ നിന്ന് ലഭിച്ച നമ്പറിൽ വിളിച്ച് സമൂസ ഓർഡർ ചെയ്ത ഡോക്ടറെ കബളിപ്പിച്ച് തട്ടിപ്പുകാർ കൈക്കലാക്കിയത് 1.40 ലക്ഷം രൂപ. മുംബൈയിലെ സ്വകാര്യ ആശുപത്രിയിലെ 27കാരനായ ഡോക്ടർക്കാണ് പണം നഷ്ടമായത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.

ഡോക്ടറും സഹപ്രവർത്തകരും വിനോദയാത്ര പോകുന്നതിന്‍റെ ഭാഗമായി 25 പ്ലേറ്റ് സമൂസ ഓർഡർ ചെയ്തിരുന്നു. നഗരത്തിലെ പ്രമുഖ റസ്റ്ററന്‍റിന്‍റെ നമ്പർ ഓൺലൈനിൽ സെർച് ചെയ്ത് കണ്ടെത്തിയാണ് സമൂസക്ക് ഓർഡർ നൽകിയത്. അഡ്വാൻസായി 1500 രൂപ ട്രാൻസ്ഫർ ചെയ്യാനാണ് വിളിച്ച നമ്പറിൽ നിന്ന് ആവശ്യപ്പെട്ടത്.

ഓർഡറിന്‍റെ വിശദാംശങ്ങളും പണം അയക്കേണ്ട അക്കൗണ്ട് വിവരങ്ങളും ഡോക്ടറുടെ വാട്സപ്പിൽ അയച്ചുനൽകി. ഇത് പ്രകാരം ഡോക്ടർ 1500 രൂപ അയച്ചു. എന്നാൽ, ട്രാൻസാക്ഷൻ റെസീറ്റ് ഉണ്ടാക്കണമെന്നും അതിനായി താൻ പറയുന്നതുപോലെ ചെയ്യണമെന്നും ഡോക്ടറോട് ഫോൺ ചെയ്തയാൾ നിർദേശിച്ചു. ഇയാളുടെ നിർദേശങ്ങൾ അനുസരിച്ച ഡോക്ടർക്ക് ഉടൻ തന്നെ 28,807 രൂപ അക്കൗണ്ടിൽ നിന്ന് നഷ്ടമായി. മിനിറ്റുകൾക്കകം 1.40 ലക്ഷം രൂപ കൂടി പിൻവലിക്കപ്പെടുകയായിരുന്നു.

പ്രമുഖ സ്ഥാപനങ്ങളുടെ പേരിൽ ഓൺലൈനിൽ നമ്പറുകൾ നൽകി തട്ടിപ്പുനടത്തുന്ന രീതിയാണിതെന്നാണ് നിഗമനം. പല സ്ഥാപനങ്ങളുടെയും കസ്റ്റമർ കെയർ നമ്പറുകളെന്ന വ്യാജേനയും തങ്ങളുടെ നമ്പർ നൽകി തട്ടിപ്പുകാർ പണം കൈക്കലാക്കാറുണ്ട്. 

Tags:    
News Summary - Doctor Duped of Rs 1.40 Lakh by Fraudster While Ordering 25 Plates of Samosas Online

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.