ചെന്നൈ: തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിൽ ഡി.എം.കെ നേരിട്ട പരാജയത്തിൽ പ്രതികരണവുമായി മുൻ മുഖ്യമന്ത്രിയും പാർട്ടി അധ്യക്ഷനുമായ എം.കെ. സ്റ്റാലിൻ. ഇൻസ്റ്റഗ്രാം പോലുള്ള സമൂഹമാധ്യമങ്ങളെയും കുട്ടികളെയും പ്രചാരണത്തിന് ഉപയോഗിക്കുന്നത് ടി.വി.കെക്ക് അനുകൂലമായി മാറിയത് പാർട്ടിക്ക് മുൻകൂട്ടി കാണാൻ കഴിഞ്ഞില്ലെന്ന് സ്റ്റാലിൻ പറഞ്ഞു. ഇനി മുതൽ അത്തരം പ്രവൃത്തികളെ പരാജയപ്പെടുത്താൻ പാർട്ടി തന്ത്രങ്ങൾ ആവിഷ്കരിക്കുമെന്നും സ്റ്റാലിൻ പറഞ്ഞു. തിങ്കളാഴ്ച തഞ്ചാവൂരിൽ തിരുവാരൂർ ജില്ലാ ഡി.എം.കെ ഭാരവാഹിയുടെ കുടുംബ ചടങ്ങിൽ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അധികാരം നഷ്ടപ്പെട്ടിട്ടും ഡി.എം.കെ രാഷ്ട്രീയമായി പ്രസക്തമായി തുടരുന്നുവെന്ന് സ്റ്റാലിൻ ഉറപ്പിച്ചു പറഞ്ഞു. ‘ഇവിടെ സംസാരിച്ച പലരും ദുഃഖിതരായിരുന്നു. വിഷമിക്കേണ്ട കാര്യമില്ല, ഞങ്ങൾ ഇപ്പോഴും അധികാരത്തിലാണ്’ -അദ്ദേഹം പറഞ്ഞു. ഡി.എം.കെ ഭരണകാലത്ത് ആരംഭിച്ച ക്ഷേമ നടപടികൾ പുതിയ സർക്കാർ തുടരുന്നതിനെക്കുറിച്ച് പരാമർശിച്ച സ്റ്റാലിൻ, പാർട്ടിയുടെ നയങ്ങളാണ് ഇപ്പോഴും സംസ്ഥാനത്ത് ഭരണത്തെ രൂപപ്പെടുത്തുന്നതിന്റെ തെളിവാണ് അതെന്നും പറഞ്ഞു.
നിരവധി വിജയങ്ങളും പരാജയങ്ങളും കണ്ടിട്ടുണ്ട്. എന്നാൽ പരാജയപ്പെടുമ്പോൾ ഡി.എം.കെ ഒരു ഫീനിക്സ് പക്ഷിയായി മാറും. തെരഞ്ഞെടുപ്പ് തോൽവിക്ക് ശേഷം താൻ തകർന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഫലം വന്നയുടനെ പാർട്ടി തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു. എന്നാൽ പല സ്ഥലങ്ങളിലും ബൂത്ത് കമ്മിറ്റി അംഗങ്ങളെയോ, ബൂത്ത് ഏജന്റുമാരെയോ, കൗണ്ടിങ് ഏജന്റുമാരെയോ പോലും നിയമിച്ചിട്ടില്ലെങ്കിലും എതിരാളി സഖ്യത്തിന് എങ്ങനെ വിജയിക്കാൻ കഴിഞ്ഞുവെന്ന് അദ്ദേഹം ചോദിച്ചു.
‘തെരഞ്ഞെടുപ്പ് പരാജയം കണ്ടപ്പോൾ ഞാൻ തകർന്നില്ല. പാർലമെന്റ് തെരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ ഞങ്ങൾ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. ഞങ്ങൾ ഒരുപാട് കാര്യങ്ങൾ ചെയ്തു, പക്ഷേ എന്തുകൊണ്ട് ഞങ്ങൾക്ക് അധികാരത്തിൽ വരാൻ കഴിഞ്ഞില്ല?’ -അദ്ദേഹം ചോദിച്ചു. ഭാവിയിലെ തെരഞ്ഞെടുപ്പുകളിൽ പാർട്ടി ജാഗ്രത പാലിക്കുമെന്നും സ്റ്റാലിൻ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.