സ്വാതന്ത്ര്യസമര സേനാനികളെ കുറിച്ചുള്ള പരാമർശത്തിൽ ഗവർണർക്കെതിരെ രൂക്ഷ വിമർശനവുമായി ഡി.എം.കെ സർക്കാർ

ചെന്നൈ: സംസ്ഥാനത്ത് സ്വാതന്ത്ര്യ സമര സേനാനികളെ തരംതാഴ്ത്തുന്ന രീതിയാണ് പിന്തുടരുന്നതെന്ന ഗവർണർ ആർ.എൻ രവിയുടെ പരാമർശത്തിനെതിരെ രൂക്ഷ വിമർശനവുമായി ഡി.എംകെ സർക്കാർ. ഗവർണർ സ്വതന്ത്ര്യ സമരസേനാനികളുടെ കാര്യത്തിൽ ഇത്രയധികം ആകുലപ്പെട്ടിരുന്നുവെങ്കിൽ മുതിർന്ന പൗരനും സ്വാതന്ത്രസമര സേനാനിയും കമ്മ്യൂണിസ്റ്റ് നേതാവുമായ എൻ. ശങ്കരയ്യക്ക് ഓണററി ഡോക്ടറേറ്റ് പുരസ്കാരം നൽകാനുള്ള ഫയൽ ഒപ്പിടാതിരുന്നത് എന്തുകൊണ്ടാണെന്നും സംസ്ഥാന ഉന്നത വിദ്യാഭ്യാസ മന്ത്രി കെ. പൊൻമുടി പറഞ്ഞു.

"ഗവർണർക്ക് സ്വാതന്ത്ര്യ സമരസേനാനികളോട് അത്രയധികം സ്നേഹമുണ്ടായിരുന്നെങ്കിൽ 101 വയസുള്ള കമ്മ്യൂണിസ്റ്റ് നേതാവും സ്വാതന്ത്ര്യ സമര സേനാനിയുമായ എൻ. ശങ്കരയ്യക്ക് ഓണററി ഡോക്ടറേറ്റ് നൽകാനുള്ള മധുര കാമരാജ് സർവകലാശാലയുടെ ഫയലിൽ അദ്ദേഹം ഒപ്പിടാതിരുന്നതിന് എന്തിനാണ്?" മന്ത്രി പറഞ്ഞു. ആഗസ്റ്റ് 18ന് നടന്ന യോഗത്തിൽ എൻ.ശങ്കരയ്യക്ക് അദ്ദേഹം സമൂഹത്തിന് ഉന്നമനത്തിനായി നടത്തിയ പ്രവർത്തനങ്ങളെ മുൻനിർത്തി ഓണററി ഡോക്ടറേറ്റ് നൽകാൻ തീരുമാനിച്ചിരുന്നു. നവംബർ 2ന് നടക്കുന്ന സർവകലാശാല ബിരുദദാന ചടങ്ങിൽ വെച്ച് പുരസ്കാരം നൽകാനായിരുന്നു സിൻഡിക്കറ്റിന്‍റെ തീരുമാനം. സംസ്ഥാന സർവകലാശാലകളുടെ ചാൻസലറായ ഗവർണറുടെ അനുമതിയോടെ മധുരൈ കാമരാജ് സർവകലാശാല ആക്ട് പ്രകാരം ഓണററി ഡോക്ടറേറ്റ് നൽകാനുള്ള അംഗീകാരം സർവകലാശാലക്കുണ്ട്.

ജനങ്ങളെ സേവിക്കാൻ തന്‍റെ വിദ്യാഭ്യാസം പാതിവഴിയിൽ ഉപേക്ഷിച്ച വ്യക്തിയാണ് ശങ്കരയ്യ. അഞ്ച് വർഷത്തോളം അദ്ദേഹം ജയിലിലായിരുന്നു.പിന്നീട് അദ്ദേഹം വീണ്ടും ജനങ്ങൾക്കായി പോരാടുകയും നാല് വർഷത്തോളം ജയിയിലടക്കപ്പെടുകയും ചെയ്തു. സ്വാതന്ത്ര്യത്തിനായി പോരാടിയ വ്യക്തിക്ക് ഈ പുരസ്കാരം നൽകണമെന്ന് മധുരൈ സർവകലാശാല തീരുമാനിച്ചിരുന്നു. പക്ഷേ ഗവർണർ ഫയലിൽ ഇപ്പോഴും ഒപ്പ് വെച്ചിട്ടില്ല. തമിഴ്നാട്ടിൽ നിന്നുള്ള സ്വാതന്ത്ര്യ സമര സേനാനികളോട് അദ്ദേഹത്തിനുള്ള പരിഗണന എത്രത്തോളമാണെന്ന് ഇതിൽ നിന്ന് വ്യക്തമാകുമെന്നും മന്ത്രി പറഞ്ഞു.

സ്വാതന്ത്ര്യ സമര സേനാനികളായ മരുതു സഹോദരന്മാരെയും മുത്തുരാമലിംഗ തേവരെയും പോലെയുള്ള മഹത്തായ ദേശീയ സ്വാതന്ത്ര്യ സമര സേനാനികൾ സംസ്ഥാനത്തെ ജാതി നേതാക്കളുടെ നിലയിലേക്ക് തരംതാഴ്ത്തിയിരിക്കുകയാണെന്ന് കഴിഞ്ഞ ദിവസം ഗവർണർ പറഞ്ഞിരുന്നു. ബ്രിട്ടീഷ് ദ്രാവിഡ സംസ്കാരത്തെ വളർത്തിയെടുക്കാനുള്ള രാഷ്ട്രീയ ​ഗൂഢാലോചനയുടെ ഭാ​ഗമാണിതെന്നും തേവരെപോലെയുള്ള സ്വാതന്ത്ര്യ സമര നേതാക്കളുടെ ത്യാ​ഗങ്ങളെ അനുസ്മരിക്കുന്ന ആഘോഷങ്ങൾ സ്വകാര്യ വത്ക്കരിക്കപ്പെടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചരിത്രം മായ്‌ക്കാനും സമാന്തര ചരിത്രമെഴുതാനും സംസ്ഥാനത്ത് ഒരു സംഘടിത ശ്രമം നടന്നിട്ടുണ്ടെന്നും ദ്രാവിഡ-ആര്യൻ വംശീയ വിഭജനത്തെക്കുറിച്ചുള്ള തെറ്റായ വിവരണം സർക്കാർ സൃഷ്ടിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രണ്ട് വർഷം മുമ്പ് തമിഴ്‌നാട്ടിലെ സ്വാതന്ത്ര്യ സമര സേനാനികളുടെ 40-ൽ താഴെ പേരുകൾ ഉള്ള ഒരു ലിസ്റ്റ് തനിക്ക് ലഭിച്ചിരുന്നുവെന്നും മരുതു സഹോദരന്മാരെക്കുറിച്ച് പരാമർശം ഇല്ലെന്നതിൽ നിരാശയുണ്ട്. തമിഴ്നാട്ടിൽ ജനിച്ചിരുന്നെങ്കിൽ മഹാത്മാഗാന്ധിയും, സുബാഷ് ചന്ദ്ര ബോസും സർദാർ പടേലും ഭഗത് സിങ്ങുമെല്ലാം ജാതി നേതാക്കളിലേക്ക് ചുരുങ്ങിയിരുന്നേനെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - DMK Slams governor RN Ravi over his comments on freedom fighters

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.